ഞായറാഴ്ച പുലർച്ചെ രക്ഷാപ്രവർത്തനത്തിനുള്ള ബോട്ട് മരത്തിലിടിച്ച് മറിഞ്ഞതിനെ തുടർന്നാണ് യുവതി മരിച്ചത്
ഓസ്ട്രേലിയയിലെ വടക്കൻ ക്വീന്‍സ്‌ലാന്‍ഡിൽ പ്രളയം. മഴക്കെടുതിയിൽ ഒരു സ്ത്രീ മരിച്ചു. ആയിരക്കണക്കിന് ആളുകൾക്കാണ് പ്രളയത്തെ തുടർന്ന് വീട് ഒഴിഞ്ഞുപോകാൻ നിർദേശം ലഭിച്ചിരിക്കുന്നത്. ജലനിരപ്പ് ഉയരുന്നത് തുടരുമെന്നും ജീവൻ അപകടപ്പെടുത്തുന്ന തരത്തിലുള്ള സാഹചര്യത്തെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
ഞായറാഴ്ച പുലർച്ചെ രക്ഷാപ്രവർത്തനത്തിനുള്ള ബോട്ട് മരത്തിലിടിച്ച് മറിഞ്ഞതിനെ തുടർന്നാണ് യുവതി മരിച്ചത്. ബോട്ടിൽ യാത്ര ചെയ്ത ആറ് പേരിൽ ഒരാളാണ് മരിച്ചതെന്നും മറ്റ് അഞ്ച് പേരെ രക്ഷപ്പെടുത്തിയതായും സംസ്ഥാന ദുരന്ത നിവാരണ കോർഡിനേറ്റർ ഷെയ്ൻ ചെലെപ്പി പറഞ്ഞു.
ആളുകളോട് ഉയർന്ന മേഖലകളിലേക്ക് ഒഴിഞ്ഞു പോകാനാണ് ക്വീൻസ് ലാൻഡ് സ്റ്റേറ്റ് നിർദേശം നൽകിയിരിക്കുന്നത്. തലസ്ഥാന നഗരമായ ബ്രിസ്ബെയ്നിന് വടക്ക് ഭാഗത്ത് 11,000 ത്തോളം പേർ താമസിക്കുന്ന മേഖലയിലാണ് പ്രളയം. സമീപ പ്രദേശങ്ങളെയും പ്രളയം ബാധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രളയത്തിന് പിന്നാലെ ടൗൺസ്‌വില്ലെ വിമാനത്താവളം അടച്ചിടുമെന്ന് ഓസ്‌ട്രേലിയൻ ബ്രോഡ്‌കാസ്റ്റിംഗ് കോർപ്പറേഷൻ റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച മുതൽ വടക്ക്-കിഴക്കൻ ക്വീൻസ്‌ലാൻ്റിൻ്റെ ചില ഭാഗങ്ങളിൽ 1,000 മില്ലിമീറ്ററിലധികം (39 ഇഞ്ച്) മഴ പെയ്തു. ഈ റെക്കോർഡ് മഴ തിങ്കളാഴ്ച വരെ തുടരുമെന്നാണ് റിപ്പോർട്ട്.60 വർഷത്തിനിടെ ഈ മേഖലയിൽ ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമായിരിക്കും ഇതെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.