യുവാവിന്റെ പ്രവൃത്തി തന്റെ കുടുംബത്തിന്റെ മൂല്യങ്ങളെ അവഹേളിക്കുന്നതാണെന്ന് പറഞ്ഞാണ് യുവതിയുടെ അച്ഛൻ വിവാഹവേദിയിൽ നിന്ന് ഇറങ്ങിപ്പോയത്
നൃത്തവും സംഗീതവുമില്ലാത്ത വിവാഹവേദികൾ ഇന്ന് വളരെ വിരളമാണ്. കല്യാണവീടുകളിലെ നൃത്തചുവടുകൾ വധൂവരൻമാരും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം ആസ്വദിക്കാറുമുണ്ട്. എന്നാൽ സ്വന്തം കല്യാണ ദിവസം നൃത്തം ചെയ്തതിന് ന്യൂഡൽഹിയിലെ പ്രതിശ്രുതവരന് കിട്ടിയ പണി അൽപം കടന്നുപോയി. വിവാഹവേദിയിൽ പ്രതിശ്രുത വരൻ നൃത്തം ചെയ്തതിൽ പ്രകോപിതനായി കല്യാണത്തിൽ നിന്ന് പിൻവാങ്ങിയിരിക്കുകയാണ് വധുവിൻ്റെ അച്ഛൻ.
'ചോളി കെ പീച്ചേ ക്യാ ഹേ' എന്ന പ്രശസ്ത ബോളിവുഡ് ഗാനത്തിന് ചുവടുവെച്ചതോടെയാണ് വധുവിൻ്റെ അച്ഛൻ കലിപ്പിലായത്. ഘോഷയാത്രയായി സുഹൃത്തുക്കളോടൊപ്പം വേദിയിലെത്തിയ യുവാവ് ഇവരുടെ നിര്‍ബന്ധത്തിന് പിന്നാലെ നൃത്തം ചെയ്യുകയായിരുന്നു. ഇതോടെ മകളെ യുവാവിന് വിവാഹം ചെയ്ത് നൽകാൻ താൽപര്യമില്ലെന്ന് പിതാവ് അറിയിച്ചു.
യുവാവിന്റെ പ്രവൃത്തി തന്റെ കുടുംബത്തിന്റെ മൂല്യങ്ങളെ അവഹേളിക്കുന്നതാണെന്ന് പറഞ്ഞാണ് യുവതിയുടെ അച്ഛൻ വിവാഹവേദിയിൽ നിന്ന് ഇറങ്ങിപ്പോയത്. വധുവിന്റെ അച്ഛനെ കാര്യങ്ങള്‍ പറഞ്ഞ് അനുനയിപ്പിക്കാന്‍ കുടുംബാംഗങ്ങൾ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. സംഭവത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.