മറുപടി ബാറ്റിങ് ആരംഭിച്ച ഓസീസ് ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 33 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെടുത്തിട്ടുണ്ട്
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഒന്നാം ഇന്നിങ്സ് ലീഡിലേക്ക് കുതിച്ച് കംഗാരുപ്പട. അഡ്‌ലെയ്‌ഡിൽ നടക്കുന്ന പിങ്ക് ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് വീശിയ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 180ൽ അവസാനിച്ചിരുന്നു. മറുപടി ബാറ്റിങ് ആരംഭിച്ച ഓസീസ് ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 33 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെടുത്തിട്ടുണ്ട്.
ഉസ്മാന്‍ ഖവാ ജയുടെ (13) വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. ജസ്പ്രീത് ബുമ്രയുടെ പന്തില്‍ സ്ലിപ്പില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ക്യാച്ച് നല്‍കിയാണ് ഖവാജ പുറത്തായത്. നതാന്‍ മക്‌സ്വീനി (38), മാര്‍നസ് ലബുഷെയ്ന്‍ (20) എന്നിവരാണ് ക്രീസില്‍. മക്‌സ്വീനിയുടെ ക്യാച്ച് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് വിട്ടുകളഞ്ഞത് ഇന്ത്യക്ക് തിരിച്ചടിയായി. ഏഴാം ഓവറില്‍ ബുമ്രയുടെ പന്തിലാണ് ക്യാച്ച് നഷ്ടമായത്. ബുമ്രയുടെ പന്ത് മക്‌സ്വീനിയുടെ ബാറ്റിലുരസി ഫസ്റ്റ് സ്ലിപ്പിൽ നിന്നിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കൈകളിലേക്കാണ് പോയത്. എന്നാല്‍ ഇതിനിടയിൽ ക്യാച്ചെടുക്കാനുള്ള റിഷഭ് പന്തിൻ്റെ ശ്രമം പാളിയതോടെ ആർക്കും ബോള്‍ കയ്യിലൊതുക്കാനായില്ല. മക്‌സ്വീനിക്ക് അഞ്ച് റണ്‍സ് മാത്രമാണ് അപ്പോഴുണ്ടായിരുന്നത്.
നേരത്തെ ആറ് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയെ തകര്‍ത്തത്. 42 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കെ.എല്‍. രാഹുല്‍ (37), ശുഭ്മാന്‍ ഗില്‍ (31), റിഷഭ് പന്ത് (21), ആര്‍. അശ്വിന്‍ (22) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ഇന്ത്യന്‍ താരങ്ങള്‍.
ALSO READ: സ്റ്റാര്‍ക്കിന്റെ ഏറില്‍ ഇന്ത്യ വീണു, 180 റണ്‍സിന് ഓള്‍ ഔട്ട്