ദുഖഃസൂചകമായി കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ഇന്ന് പകുതി ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്
അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിൻ്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. ഡല്‍ഹി യമുനാതീരത്തുള്ള നിഗംബോധ് ഘട്ടില്‍ സമ്പൂര്‍ണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരും ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേയും ചടങ്ങിൽ പങ്കെടുത്തു.
ഇന്ന് രാവിലെ 8.55നാണ് മൻമോഹൻ സിങ്ങിൻ്റെ ഭൗതിക ശരീരവുമായി ഡൽഹി മോത്തിലാൽ നെഹ്റു റോഡിലെ മൂന്നാം നമ്പർ വസതിയിൽ നിന്നും പ്രത്യേക സൈനിക വാഹനം എഐസിസി ആസ്ഥാനത്തേക്ക് തിരിച്ചത്. കോൺഗ്രസിൻ്റെ പ്രധാന നേതാക്കളടക്കം വാഹനത്തെ അനുഗമിച്ച് ഒപ്പമുണ്ടായിരുന്നു. 9 മണിയോടെ വാഹനം എഐസിസി ആസ്ഥാനത്തെത്തി. 'മൻമോഹൻ സിങ് അമർ രഹേ' എന്ന മുദ്രാവാക്യവുമായി കോൺഗ്രസ് പ്രവർത്തകർ എഐസിസി ആസ്ഥാനത്തേക്ക് ഒഴുകിയെത്തി. സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ എംപി അദ്ദേഹത്തിൻ്റെ ഭാര്യ ഗുർശരൺ കൗർ, മകൾ ദമൻ സിങ് അടക്കമുള്ളവർ എഐസിസി ആസ്ഥാനത്തെത്തി ആദരാജ്ഞലി അർപ്പിച്ചു. അന്ത്യാജ്ഞലിയർപ്പിക്കാൻ വലിയ ജനാവലി എത്തിയെങ്കിലും സമയ ക്രമീകരണമനുസരിച്ച് എല്ലാവർക്കും അവസരം ലഭിച്ചില്ല.
ALSO READ: സൗമ്യനായ പ്രധാനമന്ത്രി; വിടവാങ്ങിയത് സാധാരണക്കാരുടെ മനസ്സറിഞ്ഞ സാമ്പത്തിക വിദഗ്ധന്‍
ഒരു മണിക്കൂർ നീണ്ട പൊതു ദർശനത്തിനൊടുവിൽ സംസ്കാരത്തിനായി വിലാപയാത്രയായി നിഗംബോധ് ഘട്ടകിലേക്ക് തിരിച്ചു. 11.30 ഓടെ പ്രത്യേക വാഹനം നിംഗബോധ് ഘട്ടിലെത്തി. സംസ്കാര ചടങ്ങുകൾക്കായി നിംഗബോധ് ഘട്ട് പൂർണ്ണ സജ്ജമായിരുന്നു. പ്രധാനമന്ത്രിയും, രാഷ്ട്രപതിയും അന്ത്യോപചാരമർപ്പിച്ചു. 21 ഗൺസല്യൂട്ട് ഉൾപ്പെടെ പൂർണ ഔദ്യോഗിക ബഹുമതികൾ നൽകി സംസ്കാരം പൂർത്തിയായി.
ദുഖഃസൂചകമായി കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ഇന്ന് പകുതി ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മൻമോഹൻ സിങ്ങിനോടുള്ള ആദരസൂചകമായി കേന്ദ്രം രാജ്യത്തുടനീളം ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ കാലയളവിൽ ഇന്ത്യയിലുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. സ്ഥാപക ദിനാഘോഷം ഉൾപ്പെടെ പാർട്ടിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും അടുത്ത ഏഴ് ദിവസത്തേക്ക് റദ്ദാക്കിയെന്നും ജനുവരി മൂന്നിന് പുനഃരാരംഭിക്കുമെന്നും കോൺഗ്രസ് അറിയിച്ചു.
ഇന്നലെ രാവിലെ മുതൽ വൈകിട്ട് വരെ ഡൽഹിയിലെ വസതിയിൽ പൊതു ദർശനമുണ്ടായിരുന്നു. മുൻ പ്രധാനമന്ത്രിയെ അവസാനമായി ഒരു നോക്ക് കാണാൻ രാഷ്ട്രീയ വ്യത്യാസമില്ലാതെ നേതാക്കൾ ഒഴുകിയെത്തി. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാന മന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാർ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസിൻ്റെ മുതിർന്ന നേതാക്കൾ എന്നിവർ വസതിയിലെത്തി അന്ത്യോപചാരമർപ്പിച്ചിരുന്നു.
ALSO READ: ഇന്ത്യയെ മാറ്റിയ മന്‍മോഹനോമിക്‌സ്; സ്വതന്ത്ര ഇന്ത്യയിലെ ധിഷണാശാലിയായ നേതാക്കളില്‍ ഒരാള്‍
അതേസമയം, മന്‍മോഹന്‍ സിങ്ങിന്റെ സ്മാരകത്തിനായി പ്രത്യേക സ്ഥലം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു. ഇതിനായി ട്രസ്റ്റ് രൂപീകരിക്കുകയും സ്ഥലം കണ്ടെത്തുകയും വേണമെന്ന് കേന്ദ്രം അറിയിച്ചു. കേന്ദ്രമന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് തീരുമാനം. കേന്ദ്രമന്ത്രി അമിത് ഷാ ഇക്കാര്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും, മന്‍മോഹന്‍ സിങ്ങിന്റെ കുടുംബത്തെയും അറിയിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സ്മാരകം സംബന്ധിച്ച വിഷയം ദേശീയ തലത്തിൽ ചർച്ചക്ക് വഴിതെളിച്ചിരിക്കുകയാണ്. മന്‍മോഹന്‍ സിങ്ങിന് പ്രത്യേക സ്മാരകം വേണമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന ഖാർഗെയുടെ ആവശ്യത്തെ വിമർശിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകള്‍ ശർമിഷ്ഠ മുഖർജി രംഗത്തെത്തി. പ്രണബ് മുഖർജിക്ക് സ്മാരകം പണിയാനോ അനുശോചനയോഗം നടത്താനോ പാർട്ടി തയ്യാറായില്ലെന്നാണ് ശർമിഷ്ഠയുടെ വിമർശനം.
ALSO READ: ഡോ. മൻമോഹൻ സിങ്: പാണ്ഡിത്യവും പൊതുജനതാൽപ്പര്യവും സമന്വയിച്ച രാഷ്ട്രതന്ത്രജ്ഞന്‍
ഡിസംബർ 26ന് രാത്രി 9.51 നായിരുന്നു രാജ്യത്തിൻ്റെ പതിമൂന്നാമത് പ്രധാനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിങ് വിടവാങ്ങിയത്. 92 വയസായിരുന്നു. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ത്യയില്‍ നവസാമ്പത്തിക ക്രമം ചിട്ടപ്പെടുത്തിയയാള്‍ എന്ന നിലയില്‍ ശ്രദ്ധേയനായ വ്യക്തിയായിരുന്നു മൻമോഹൻ സിങ്. തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, ആരോഗ്യ മിഷന്‍, ആധാര്‍ എന്നിവ നടപ്പാക്കിയ പ്രധാനമന്ത്രി. വിശേഷണങ്ങള്‍ അനവധിയാണ് മന്‍മോഹന്‍ സിങ്ങിന്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍, യുജിസി ചെയര്‍മാന്‍, ധനസെക്രട്ടറി തുടങ്ങിയ പദവികളിലെല്ലാം മികവു തെളിയിച്ച ബഹുമുഖ പ്രതിഭ കൂടിയായിരുന്നു അദ്ദേഹം. 2004 മേയ് 22 മുതല്‍ തുടര്‍ച്ചയായ പത്ത് വര്‍ഷക്കാലം രാജ്യത്തിന്റെ പ്രധാനമന്ത്രിപദം അലങ്കരിച്ച മന്‍മോഹന്‍ സിങ്ങിന്റെ കാലത്തായിരുന്നു രാജ്യാന്തര തലത്തില്‍ ഇന്ത്യക്ക് ഏറ്റവും അംഗീകാരം ലഭിച്ചത്.