പ്രതികളില്‍ കെ.വി. കുഞ്ഞിരാമനടക്കം 14 പേരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്
പെരിയ ഇരട്ടക്കൊലപാതക കേസില്‍ പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങികൊടുക്കാനുള്ള തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ എസിപി അനന്തകൃഷ്ണൻ. സ്റ്റേറ്റ് പൊലീസ് അന്വേഷിച്ചപ്പോൾ 14 പ്രതികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്, അത് സിബിഐ അന്വേഷണത്തിൽ 24 ആയി. വിധി പകർപ്പ് കിട്ടിയശേഷം 10 പ്രതികൾ കുറ്റവിമുക്തരായ കാര്യം പരിശോധിക്കുമെന്നും എസിപി അനന്തകൃഷ്ണൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
തിരുവനന്തപുരത്തെ സിബിഐ യൂണിറ്റാണ് പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷിച്ചത്. കൃത്യത്തില്‍ പങ്കെടുത്ത ഒന്നാം പ്രതി പീതാംബരന്‍ അടക്കമുള്ളവരെ ക്രൈം ബ്രാഞ്ച് പിടികൂടിയപ്പോള്‍ കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന കേന്ദ്രീകരിച്ചായിരുന്നു സിബിഐ അന്വേഷണം. ഈ ഘട്ടത്തിലാണ് ഉദുമ മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ.വി. കുഞ്ഞിരാമൻ പ്രതിയായത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, സിപിഎം നേതാക്കളായ രാഘവൻ വെളുത്തോളി, എൻ. ബാലകൃഷ്ണൻ, ഭാസ്കരൻ വെളുത്തോളി തുടങ്ങിയവരും പിന്നീട് പ്രതികളായി.
പ്രതികളില്‍ കെ.വി. കുഞ്ഞിരാമനടക്കം 14 പേരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. 10 പേരെ കുറ്റവിമുക്തരാക്കുകയും ചെയ്തു. ശിക്ഷിക്കപ്പെട്ട 14 പേരില്‍ ആറ് പേർ സിപിഎമ്മിന്‍റെ പ്രധാന നേതാക്കളാണ്.
2019 ഫെബ്രുവരി 17ന് വൈകുന്നേരും ആറിനും ഏഴരയ്ക്കുമിടയിലാണ് പെരിയ വില്ലേജിലെ കണ്ണാടിപാറ കല്ലിയോട്ട് വെച്ച് ശരത് ലാലും കൃപേഷും ക്രൂരമായി കൊലചെയ്യപ്പെടുന്നത്. കാസർഗോഡ് മൂന്നാട് കോളേജിലെ എസ്എഫ്ഐ - കെഎസ്‍യു തർക്കത്തിൽ ഇടപെട്ടതാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ഇരുവരെയും വകവരുത്താൻ സിപിഎം പ്രാദേശിക നേതൃത്വം തീരുമാനിച്ചതിന് പിന്നിലെന്നാണ് പ്രോസിക്യൂഷൻ കേസ്.