വീട്ടിൽ പ്രായം ചെന്ന മാതാപിതാക്കളും കുട്ടികളുമുണ്ടെന്നായിരുന്നു പ്രതികൾക്ക് അറിയിക്കാനുണ്ടായിരുന്നത്
യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലിനേയും കൃപേഷിനേയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മൂന്ന് വർഷത്തെ വിചാരണക്ക് ശേഷമാണ് കൊച്ചി സിബിഐ ജഡ്ജി എൻ. ശേഷാദ്രിനാഥൻ വിധി പറഞ്ഞത്. 24 പ്രതികളുണ്ടായിരുന്ന കേസില്‍ പതിനാല് പ്രതികളെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. നടപടിക്രമങ്ങളുടെ ഭാഗമായി പ്രതികൾക്ക് പറയാനുള്ളത് കോടതി കേട്ടു.
ALSO READ: ആറ് വര്‍ഷം മുമ്പ് നടന്ന അരുംകൊല, മൂന്ന് വര്‍ഷം നീണ്ട വിചാരണ; പെരിയ ഇരട്ടക്കൊലപാതകം നാള്‍വഴി
ആറ് വർഷം നീണ്ട കേസിൻ്റെ വിചാരണയിൽ കുടുംബ പ്രാരാബ്ധങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു പ്രതികൾ ശിക്ഷയിൽ ഇളവ് വേണമെന്ന് അഭ്യർഥിച്ചത്. വീട്ടിൽ പ്രായംചെന്ന മാതാപിതാക്കളും കുട്ടികളുമുണ്ടെന്നായിരുന്നു പ്രതികൾക്ക് അറിയിക്കാനുണ്ടായിരുന്നത്. പതിനെട്ടാം വയസിലാണ് ജയിലിൽ കയറിയതെന്ന് ഏഴാം പ്രതി അശ്വിൻ പറഞ്ഞു. പട്ടാളക്കാരൻ ആകാൻ ആഗ്രഹിച്ചു, വീട്ടുകാരെ ആറ് വർഷമായി കാണാൻ കഴിഞ്ഞിട്ടില്ല, ഡിഗ്രിക്ക് പഠിക്കണമെന്ന് ആഗ്രഹമുണ്ടെന്നുമായിരുന്നു അശ്വിൻ കോടതിയെ അറിയിച്ചത്.
അമ്മ രോഗാവസ്ഥയിലെന്ന് എട്ടാം പ്രതി സുബീഷ് പറഞ്ഞപ്പോൾ പതിനഞ്ചാം പ്രതി സുരേന്ദ്രൻ കരഞ്ഞുകൊണ്ട് കോടതിയോട് തനിക്ക് വധശിക്ഷ തന്നേക്കൂവെന്ന് അഭ്യർഥിച്ചു. കൊലപാതകത്തിൽ പങ്കില്ല, ജീവിതം അവസാനിപ്പിക്കാൻ സഹായിക്കണമെന്നുമായിരുന്നു സുരേന്ദ്രൻ്റെ അഭ്യർഥന.
സുപ്രീം കോടതി നിർദേശപ്രകാരം 2020 ഡിസംബർ 10ന് കേസ് ഏറ്റെടുത്തു 2021 ഡിസംബർ മൂന്നിന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. മൂന്ന് വർഷം നീണ്ട വിചാരണക്കൊടുവിലാണ് കൊച്ചി സിബിഐ കോടതി പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. 154 പ്രോസിക്യൂഷൻ സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. 495 രേഖകളും, 85 തൊണ്ടിമുതലും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതിഭാഗം മൂന്ന് സാക്ഷികളെയാണ് വിസതരിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ബോബി ജോസഫാണ് ഹാജരായത്.
കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയപ്പോൾ, പ്രതി പട്ടികയിലുണ്ടായിരുന്ന പത്ത് പേരെ കോടതി കുറ്റവിമുക്തരാക്കി. ഉദമ മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമനും പീതാംഭരനും ഉൾപെടെ സിപിഎം നേതാക്കളെയാണ് കുറ്റക്കാരെന്ന് കൊച്ചി പ്രത്യേക സിബിഐ കോടതി കണ്ടെത്തിയത്. പ്രതികളുടെയും ശിക്ഷ എന്തെന്ന് കോടതി ജനുവരി മൂന്നിന് വിധിക്കും.