ഓട്ടോറിക്ഷയിൽ സഞ്ചരിക്കവേ യുവതിക്ക് കുടിവെള്ളം നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൊണ്ടു പോയെന്നാണ് പ്രാഥമിക നിഗമനം
മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിൽ 19 കാരിയായ നഴ്‌സിംഗ് ട്രെയിനിയെ ഓട്ടോറിക്ഷ ഡ്രൈവർ ബലാത്സംഗം ചെയ്തു. ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത യുവതിക്ക് കുടിവെള്ളം നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൊണ്ടു പോയെന്നാണ് പ്രാഥമിക നിഗമനം. വെള്ളം കുടിച്ചു കഴിഞ്ഞ് യുവതിക്ക് ബോധം നഷ്ടപ്പെടുകയും തുടർന്ന് ഡ്രൈവർ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ബോധം തിരിച്ചുകിട്ടിയപ്പോൾ യുവതി വീട്ടുകാരെ വിവരമറിയിക്കുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. യുവതി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം പ്രദേശത്ത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അടിയന്തര നടപടി ആവശ്യപ്പെട്ട് നാട്ടുകാർ ഇന്നലെ രാത്രി മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 31 കാരിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ രാജ്യവ്യാപകമായി രോഷം ഉയർന്നിരുന്നു. അതിനിടെയാണ് രത്നഗിരിയിൽ നഴ്‌സിംഗ് ട്രെയിനിയെ ആക്രമിച്ചത്.
ALSO READ: "കേസിൻ്റെ വിചാരണ അനന്തമായി നീളുന്നു"; പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ
സർക്കാർ നിയന്ത്രണത്തിലുള്ള ആർ ജി കർ മെഡിക്കൽ കോളേജിൽ നൈറ്റ് ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ പിറ്റേന്ന് രാവിലെയാണ് സെമിനാർ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ പരിശോധനയിൽ ലൈംഗികാതിക്രമം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ സിവിൽ വോളൻ്റിയറായ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊൽക്കത്ത ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസിൻ്റെ അന്വേഷണം സിബിഐക്ക് കൈമാറിയത്. ബദ്‌ലാപൂരിലെ സ്‌കൂളിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ മഹാരാഷ്ട്രയിലും പ്രതിഷേധം കനക്കുകയാണ്. പെൺകുട്ടികളെ അപമാനിച്ചതിന് സ്കൂളിലെ അറ്റൻഡറെ പൊലീസ് അറസ്റ്റ് ചെയ്തു.