കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ആള്‍ നയരൂപീകരണ സമിതിയില്‍ പാടില്ല എന്നാണ് കത്തില്‍ പറയുന്നത്
സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെ പുറത്താക്കണമെന്ന് സംവിധായകന്‍ വിനയന്‍. ആവശ്യമുന്നയിച്ച് വിനയന്‍ മുഖ്യമന്ത്രിക്ക് കത്തയക്കുകയായിരുന്നു. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ആള്‍ നയരൂപീകരണ സമിതിയില്‍ പാടില്ല എന്നാണ് കത്തില്‍ പറയുന്നത്. ഈ വിഷയത്തില്‍ സംവിധായകന്‍ വിനയന്‍ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.
വിനയന്റെ വാക്കുകള്‍ :
നിയമപരമായി കോടതി കണ്ടെത്തിയ കുറ്റവാളിയായി കണ്ടെത്തി ഫൈന്‍ അടച്ച വ്യക്തി എങ്ങനെ നയരൂപീകരണ സമിതിയില്‍ ഇരിക്കുമെന്നാണ് എന്റെ ചോദ്യം. അപ്പോള്‍ എന്നെ പോലെ സ്വതന്ത്രമായി സിനിമ ചെയ്യുന്ന ആളുകള്‍ക്ക് അത് ദോഷമായി ഭവിക്കും. അതിനാല്‍ മുഖ്യമന്ത്രി അതില്‍ പോസ്റ്റീവായ തീരുമാനം എടുക്കുമെന്നാണ് എന്റെ വിശ്വാസം.
ബി ഉണ്ണികൃഷ്ണന്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളില്‍ പ്രതികരിക്കേണ്ടതാണ്. അത് സംഘടനയുടെ പ്രശ്‌നമാണ്. അവര്‍ അത് കൂടിയാലോചിച്ച് പ്രതികരിക്കുമായിരിക്കും. ഇന്ന് അവര്‍ എന്തോ കുറിപ്പ് ഇറക്കിയിട്ടുണ്ടെന്ന് ഞാന്‍ കേട്ടു. ഞാന്‍ മാക്ട ഫെഡറേഷന്‍ എന്നൊരു സംഘടനയുണ്ടാക്കി. അതേ ബൈലോ വെച്ച് ആ ട്രെയ്ഡ് യൂണിയന്‍ തകര്‍ത്തുകൊണ്ട്. ഇവിടുത്തെ ഈ സൂപ്പര്‍ താരങ്ങള്‍ക്ക് വേണ്ടിയൊക്കെ അദ്ദേഹം ഉണ്ടാക്കിയ ഒരു സംഘടനയാണത്. ആ സംഘടന വെച്ചായിരുന്നല്ലോ എന്നെ പുറത്താക്കിയത്. അവര്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ എടുത്ത തീരുമാനം എന്തോ ആകട്ടെ. എനിക്ക് സര്‍ക്കാരിനോട് പറയാനുള്ളത് കോടതി നിഷ്പക്ഷനല്ലെന്ന് കണ്ട ഒരാളെ സമിതിയില്‍ വെക്കരുതെന്നാണ് എന്റെ ഒരു അഭിപ്രായം.