ഡി.സി.സി പ്രസിഡണ്ട് എൻ.ഡി. അപ്പച്ചനടക്കം പങ്കെടുക്കുമെന്ന് അൻവർ അറിയിച്ചിരുന്നെങ്കിലും നേതാക്കൾ ആരും പങ്കെടുത്തില്ല
പി.വി. അൻവറിൻ്റെ എംഎൽഎയുടെ ജനകീയ യാത്രയെ അവഗണിച്ച് കോൺഗ്രസും ലീഗും. വയനാട്ടിലെ പി.വി. അൻവറിന്റെ ജനകീയ യാത്ര ഉദ്ഘാടനത്തിൽ ലീഗ് - കോൺഗ്രസ് നേതാക്കൾ പങ്കെടുത്തില്ല. ഡിസിസി പ്രസിഡണ്ട് എൻ.ഡി. അപ്പച്ചനടക്കം പങ്കെടുക്കുമെന്ന് അൻവർ അറിയിച്ചിരുന്നെങ്കിലും നേതാക്കൾ ആരും പങ്കെടുത്തില്ല.
അൻവറിന്റെ ജനകീയ യാത്രയിൽ കോൺഗ്രസ് പങ്കെടുക്കില്ലെന്ന് വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ നേരത്തെ അറിയിച്ചിരുന്നു. വയനാട്ടിലെ ജനകീയ യാത്ര ഡിസിസി പ്രസിഡൻറ് ഉദ്ഘാടനം ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, പ്രചരണ പോസ്റ്റർ തയ്യാറാക്കിയത് തൻ്റെ അറിവോടെ അല്ലെന്നും കോൺഗ്രസ് സംസ്ഥാന നേതൃത്വം പങ്കെടുക്കരുതെന്ന് അറിയിച്ചിട്ടുണ്ടെന്നും എൻ.ഡി. അപ്പച്ചൻ അറിയിച്ചിരുന്നു.
അതേസമയം, ഡിഎംകെ നയിക്കുന്ന സമര പരിപാടിയിൽ മുസ്ലീം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ പങ്കെടുക്കുമെന്നാണ് നിലവിലെ വിവരം. ജനകീയ യാത്രയുടെ സമാപന ചടങ്ങിൻ്റെ ഉദ്ഘാടകനായാണ് ഇ.ടി. മുഹമ്മദ് ബഷീർ എത്തുന്നത്.
ALSO READ: വർഗീയത നിങ്ങളെ തന്നെ വിഴുങ്ങുമെന്ന് ഓർമ വേണം; ലീഗിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി
ജനുവരി മൂന്ന്, നാല്, അഞ്ച് തീയതികളിലായി വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മാനന്തവാടി മുതല്‍ വഴിക്കടവ് വരെയാണ് ജനകീയ യാത്ര സംഘടിപ്പിക്കുന്നത്. സംസ്ഥാന വനനിയമ ഭേദഗതിക്കെതിരെയാണ് പി.വി. അൻവർ ജനകീയ യാത്ര സംഘടിപ്പിക്കുന്നത്. 1961ലെ കേരള വനനിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിന്‍റെ ഭാഗമായി പനമരത്ത് നടക്കുന്ന പൊതു സമ്മേളനമാണ് ഡി.സി.സി പ്രസിഡന്റ് ഉദ്ഘാടനം ചെയ്യുമെന്ന് പ്രചരിപ്പിച്ചിരുന്നത്. ഇതിനെ തുടർന്ന്, അന്‍വര്‍ കോണ്‍ഗ്രസിലേക്ക് തിരികെ പോവാന്‍ ശ്രമങ്ങള്‍ നടത്തുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങളും ഉയർന്നിരുന്നു. കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ പിന്തുണ അൻവറിനുണ്ട് എന്ന തരത്തിൽ റിപ്പോർട്ടുകളും വന്നിരുന്നു.