തൃശൂരിൽ കോൺഗ്രസ് വോട്ട് കാണാനില്ല. എൽഡിഎഫ് തോറ്റെങ്കിലും വോട്ട് വർധിപ്പിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി
പിണറായി വിജയൻ
മുസ്ലീം ലീഗിലെ കാര്യങ്ങൾ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും തീരുമാനിക്കുന്ന സ്ഥിതിയിൽ എത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലീഗിന് വല്ലാത്ത ആർത്തിയാണ്. എങ്ങനെ എങ്കിലും കുറച്ചു കൂടുതൽ സീറ്റ് പിടിക്കാനാണ് ശ്രമം. കോൺഗ്രസ് അതിനു കൂട്ട് നിൽക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
വർഗീയ കാർഡ് ഇറക്കി കളിക്കാനാണ് ശ്രമം. ഒരു വർഗീയത മറ്റൊരു വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നു. മുസ്ലീം ലീഗ് എസ്ഡിപിഐയോടും ജമാഅത്തെ ഇസ്ലാമിയോടും അടുക്കുകയാണ്. നാല് വോട്ട് ചില്ലറ സീറ്റ് എന്നതാണ് ലീഗ് നിലപാട്.
ഭരണം ജനങ്ങളുടെ അഭിവൃദ്ധിക്കാകണം. സ്വന്തം അഭിവൃദ്ധിക്കാകരുത്. യുഡിഎഫ് ഭരണത്തിൽ അതാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു. നേമത്ത് കോൺഗ്രസ് വോട്ടുകൾ കാണാനില്ല. അതിന്റെ ഫലമായി ബിജെപി അംഗം നിയമസഭയിൽ എത്തി. തൃശൂരിൽ ബിജെപി ജയിച്ചത് കോൺഗ്രസ് സഹായത്താൽ. തൃശൂരിൽ കോൺഗ്രസ് വോട്ട് കാണാനില്ല. എൽഡിഎഫ് തോറ്റെങ്കിലും വോട്ട് വർധിപ്പിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Also Read: ജമാഅത്തെ ഇസ്ലാമി യുഡിഎഫിനോട് അടുക്കുന്നത് കാണുമ്പോൾ പിണറായി വാലിന് തീ പിടിച്ച് ഓടുന്നു: എം.കെ. മുനീർ
ജമാഅത്തെ ഇസ്ലാമിയുമായുള്ള ലീഗിന്‍റെ ബന്ധം ഇപ്പോൾ തുടങ്ങിയതല്ലെന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിന്‍റെ പ്രസ്താവനയാണ് പുതിയ ചർച്ചകൾക്ക് കാരണമായത്. അടുത്ത കാലത്തായി ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് വോട്ട് ചെയ്യുന്നു. അത് നിഷേധിക്കേണ്ട കാര്യമില്ലെന്നുമാണ് പാണക്കാട് തങ്ങൾ പറഞ്ഞത്. ലീഗ് നേതാവ് എം.കെ. മുനീറും ഇതേ സമീപനമാണ് സ്വീകരിച്ചത്. എസ്ഡിപിഐ അല്ലെങ്കിൽ ജമാഅത്തെ ഇസ്ലാമി യുഡിഎഫിനോട് അടുക്കുന്നത് കാണുമ്പോൾ പിണറായി വിജയൻ വാലിന് തീ പിടിച്ച പോലെ ഓടുന്നുവെന്നായിരുന്നു മുനീറിന്‍റെ പ്രതികരണം.