2012ലാണ് വിരാട് കോഹ്‌ലി അവസാനമായി ആഭ്യന്തര മത്സരങ്ങൾ കളിച്ചതെന്നും 2013ൽ സച്ചിൻ പോലും ഡൊമസ്റ്റിക് ക്രിക്കറ്റിൽ കളിച്ചിരുന്നുവെന്നും പത്താൻ ചൂണ്ടിക്കാട്ടി.
2024-25ലെ ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിൽ 3-1ന് ഞെട്ടിക്കുന്ന തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ യോഗ്യത നേടാനാകാതെ ഇന്ത്യ പുറത്താവുകയും ചെയ്തിരുന്നു. ഞായറാഴ്ച നടന്ന സിഡ്‌നി ടെസ്റ്റിൽ ഓസ്‌ട്രേലിയയോട് ഏറ്റ ദയനീയ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സീനിയർ താരങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ രംഗത്തെത്തി.
ഫോമിൽ അല്ലാതിരുന്നിട്ടും ദീർഘനാളുകളായി ഇന്ത്യൻ ടീമിൽ വിരാട് കോഹ്‌ലിക്ക് ഇടം നൽകിയതിനേയും പത്താൻ വിമർശിച്ചു. ഇന്ത്യൻ ടീമിലെ 'സൂപ്പർ സ്റ്റാർ സംസ്കാരം' കാരണം സീനിയർ കളിക്കാർക്ക് സ്ഥിരമായി അവസരങ്ങൾ ലഭിക്കുന്നതിനേയും മുൻ പേസർ ചോദ്യം ചെയ്തു. 2012ലാണ് വിരാട് കോഹ്‌ലി അവസാനമായി ആഭ്യന്തര മത്സരങ്ങൾ കളിച്ചതെന്നും 2013ൽ സച്ചിൻ പോലും ഡൊമസ്റ്റിക് ക്രിക്കറ്റിൽ കളിച്ചിരുന്നുവെന്നും പത്താൻ ചൂണ്ടിക്കാട്ടി.
"നമ്മൾ സൂപ്പർ സ്റ്റാർ കൾച്ചർ അവസാനിപ്പിക്കണം, നമുക്ക് ടീം കൾച്ചറാണ് ആവശ്യം. സീനിയർ താരങ്ങൾ സ്വയം മെച്ചപ്പെടുകയും ഇന്ത്യൻ ടീമിനെ മെച്ചപ്പെടുത്തുകയും വേണം. ഈ പരമ്പരയ്ക്ക് മുമ്പും സീനിയർ താരങ്ങൾക്ക് ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ അവസരമുണ്ടായിരുന്നു. പക്ഷേ അവർ പ്രയോജനപ്പെടുത്തിയില്ല. ആ സംസ്കാരം നമ്മൾ മാറ്റേണ്ടതുണ്ട്. വിരാട് കോഹ്‌ലി അവസാനമായി എപ്പോഴാണ് ആഭ്യന്തര ക്രിക്കറ്റ് കളിച്ചത്? ഒരു പതിറ്റാണ്ടിലേറെയായി," സിഡ്‌നി ടെസ്റ്റിന് ശേഷം ഇർഫാൻ പത്താൻ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.
"2024ൽ ഇന്ത്യൻ ടീമിനായി ആദ്യ ഇന്നിംഗ്‌സിൽ വിരാട് കോഹ്‌ലിയുടെ ബാറ്റിങ് ശരാശരി 15 മാത്രമാണ്. കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരി കണക്കാക്കിയാൽ ബാറ്റിങ് ശരാശരി 30 പോലുമല്ല. ഇന്ത്യൻ ടീമിൽ ഇതുപോലെ ഒരു സീനിയർ കളിക്കാരൻ തുടരാൻ അർഹനാണോ? പകരം ഒരു യുവതാരത്തിന് അവസരം നൽകണം. അവരാണെങ്കിൽ ഏറ്റവും കുറഞ്ഞത് ബാറ്റിങ് ആവറേജ് 25-30 ഒക്കെ നൽകിയിട്ടുണ്ടാകും. ഞാൻ പറയുന്നത് ടീമിനെക്കുറിച്ചാണ്, വ്യക്തികളെക്കുറിച്ചല്ല," ഇർഫാൻ വിമർശിച്ചു.
ഓസ്‌ട്രേലിയക്കെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ ഒൻപത് ഇന്നിംഗ്‌സുകളിൽ നിന്നായി 190 റൺസ് മാത്രമാണ് വിരാട് കോഹ്‌ലിക്ക് നേടാനായത്. 2024ൽ ഒരു ടെസ്റ്റ് സെഞ്ചുറി മാതമാണ് 36കാരനായ വിരാട് നേടിയത്.
ALSO READ: സിഡ്‌നിയില്‍ ഇന്ത്യയെ തൂക്കിയെറിഞ്ഞ് ഓസ്‌ട്രേലിയ; പത്ത് വര്‍ഷത്തിനു ശേഷം പരമ്പരയും സ്വന്തമാക്കി