നിയമവാഴ്ചയുള്ള ഒരു സമൂഹത്തിൽ എല്ലാവർക്കും ഒരു പോലെയായിരിക്കണം നിയമപാലനം എന്ന കാര്യത്തിൽ സംശയമില്ലെന്നും വി.ടി. ബൽറാം കൂട്ടിച്ചേർത്തു
പി.വി. അൻവർ എംഎൽഎയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. അറസ്റ്റിനു പിന്നിൽ രാഷ്ട്രീയ വേട്ടയാടലുണ്ടെന്ന അൻവറിന്റെ ആരോപണം ഒറ്റയടിക്ക് തള്ളിക്കളയാൻ സാധിക്കില്ലെന്നും ബൽറാം പറഞ്ഞു.
പിണറായി വിജയനെതിരെയുള്ള വിമർശനമാണ് കഴിഞ്ഞ കുറച്ച് കാലമായി അൻവർ ഉന്നയിക്കുന്നത്. അതിനോടുള്ള വലിയ അസഹിഷ്ണുത അൻവറിന്റെ പഴയ പാർട്ടിക്കുണ്ട്. ഇത്തരം അസഹിഷ്ണുതയുടെ വക്താക്കളുടെ തോളിലേറിയാണ് അൻവർ കുറേക്കാലം നടന്നിരുന്നത്. അവർക്ക് എതിരായി പറഞ്ഞ നിമിഷം മുതൽ അവരുടെ ഹിറ്റ്ലിസ്റ്റിലെ ആദ്യ പേരുകാരനായി അൻവർ മാറി. അങ്ങനെയുള്ളൊരു രാഷ്ട്രീയ വേട്ടയാടൽ ഇതിലുണ്ട് എന്നാണ് അൻവർ തന്നെ ആരോപിക്കുന്നത്. അത് തള്ളിക്കളയാൻ നമുക്ക് സാധിക്കില്ല - ബൽറാം പറഞ്ഞു.
സമരത്തിന്റെ ഭാഗമായുള്ള അക്രമ സംഭവങ്ങളിൽ കേസെടുക്കാമെങ്കിൽ സിപിഎമ്മിന്റെ പല നേതാക്കൾക്കെതിരെയും കേസെടുക്കാവുന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ടെന്ന് വി.ടി. ബൽറാം ചൂണ്ടിക്കാട്ടി. നടു റോഡിൽ നിന്ന് 'കയ്യും വെട്ടും കാലും വെട്ടും' എന്ന തരത്തിൽ മുദ്രാവാക്യം വിളിക്കുന്ന സംഭവങ്ങൾ നമ്മൾ കേട്ടു. അത്തരത്തിൽ അക്രമോത്സുകമായ മുദ്രാവാക്യങ്ങൾ വിളിക്കുന്നവർക്കെതിരെ ഇതേ തീവ്രതയോടെ പൊലീസ് നടപടി എടുത്ത് കണ്ടിട്ടില്ലെന്നും ബൽറാം പറഞ്ഞു. കാരണം അതൊക്കെ സിപിഎമ്മിന്റെ ആളുകളാണ്. സിപിഎമ്മിന് എതിര് നിൽക്കുമ്പോൾ ഒരു നിയമവും സിപിഎമ്മുകാർക്ക് വേറൊരു നിയമവും എന്ന് പറയുമ്പോൾ അത് ഇരട്ട നീതിയാണ്. ആധുനിക സമൂഹത്തിൽ അത് അംഗീകരിക്കാൻ സാധിക്കില്ല. നിയമവാഴ്ചയുള്ള ഒരു സമൂഹത്തിൽ എല്ലാവർക്കും ഒരു പോലെയായിരിക്കണം നിയമപാലനം എന്ന കാര്യത്തിൽ സംശയമില്ലെന്നും വി.ടി. ബൽറാം കൂട്ടിച്ചേർത്തു.
Also Read: ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവം; പി.വി. അൻവർ എംഎല്‍എ അറസ്റ്റില്‍
പി.വി. അൻവർ എന്ന രാഷ്ട്രീയ നേതാവിനോടും രാഷ്ട്രീയ പ്രവർത്തന ശൈലിയോടും ഞങ്ങൾക്ക് കൃത്യമായിട്ടുള്ള വിയോജിപ്പ് ഓരോ കാലത്തും ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ പല നടപടികളും ഒരു ജനപ്രതിനിധിയുടെ അന്തസിന് ചേർന്നതല്ലെന്ന വിമർശനവും ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ ഒരു ജന പ്രതിനിധി എന്ന നിലയിൽ അദ്ദേഹം ജനങ്ങളുടെ ഒരു വിഷയം ഉയർത്തിക്കാട്ടി സമരം ചെയ്യുകയായിരുന്നു എന്നുവേണം മനസിലാക്കാൻ. ആ സമരത്തിന്റെ ഭാഗമായി ഉണ്ടായ സംഭവങ്ങളാണ് കേസായത്. അതൊരിക്കലും അൻവർ എന്ന വ്യക്തി കരുതിക്കൂട്ടി നടത്തിയ ആക്രമമായിട്ട് കാണാൻ സാധിക്കില്ല. അത്തരത്തിൽ ഒരു അവസ്ഥയിൽ ഇത്രയും തിരക്ക് പിടിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ രാത്രി തന്നെ സന്നാഹങ്ങളുമായി എത്തുന്നത് രാഷ്ട്രീയമായാണ് കാണാൻ സാധിക്കുന്നത് - വി.ടി. ബൽറാം പറഞ്ഞു.
Also Read: അൻവറിന്‍റെ അറസ്റ്റില്‍ സർക്കാർ സ്വീകരിച്ചിരിക്കുന്നത് നിയമാനുസൃതമായ നടപടികൾ : എ.കെ. ശശീന്ദ്രന്‍
നിലമ്പൂർ ഫോറസ്റ്റ് ഓഫീസിലുണ്ടായ അക്രമസംഭവങ്ങളിൽ പി.വി. അൻവർ ഉൾപ്പടെ 11 ഓളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ എന്നിങ്ങനെ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വന്‍ സന്നാഹത്തോടെ എത്തിയാണ് അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
കരുളായി ഫോറസ്റ്റ് റേഞ്ചിലെ മാഞ്ചീരി വനത്തിൽ ആനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് അൻവറിൻ്റെ ഡിഎംകെ പാർട്ടി ഡിഎഫ്ഒ ഓഫീസ് ഉപരോധിക്കുന്നതിനിടെയാണ് അക്രമസംഭവങ്ങളുണ്ടായത്. അന്‍വർ പ്രസംഗിച്ച് പോയ ശേഷം ഓഫീസിനുള്ളിലേക്ക് അതിക്രമിച്ച കടന്ന പ്രവർത്തകർ ജനൽ ചില്ലുകൾ, കസേര എന്നിവ അടിച്ചു തകർത്തു. പാർട്ടിക്കാർ ഓഫീസിന്റെ പൂട്ടും അടിച്ചു തകർത്തു. ഡിഎഫ്ഒ ഓഫീസിൽ നിന്ന് താലൂക്ക് ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞിരുന്നു. വന്യമൃഗ ആക്രമണത്തിൽ നിന്നും സുരക്ഷ നൽകുന്നതിൽ വനംവകുപ്പ് വലിയ വീഴ്ച വരുത്തിയെന്നാരോപിച്ചായിരുന്നു ഉപരോധം.