കൊല്ലം പവിത്രേശ്വരം സ്കൂളിലെ അധ്യാപകനായ പ്രമോദ് ജി. കൃഷ്ണനെതിരെ പുത്തൂർ പൊലീസ് കേസെടുത്തു
ക്ലാസ് മുറിയിൽ സീറ്റ് മാറിയിരുന്നതിന് ഒമ്പതാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. സംഭവത്തിൽ കൊല്ലം പവിത്രേശ്വരം സ്കൂളിലെ അധ്യാപകനായ പ്രമോദ് ജി. കൃഷ്ണനെതിരെ പുത്തൂർ പൊലീസ് കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
ഒമ്പതാം ക്ലാസിൽ സോഷ്യൽ സയൻസ് പഠിപ്പിക്കാൻ എത്തിയ പ്രമോദ് ജി. കൃഷ്ണൻ എന്ന അധ്യാപകൻ ക്ലാസ് മുറിയിൽ ഇരുന്ന് പരീക്ഷാ പേപ്പർ നോക്കുന്ന സമയം ഇരിപ്പിടം മാറിയിരുന്ന വിദ്യാർത്ഥിയെ ആദ്യം ഡസ്റ്റർ കൊണ്ട് എറിഞ്ഞ അധ്യാപകൻ, പിന്നീട് മുഖത്ത് ഇടിച്ച ശേഷം വിദ്യാർത്ഥിയെ പിടിച്ചു തള്ളി. ഭിത്തിയിൽ ചെന്ന് തലയിടിച്ച വിദ്യാർത്ഥിയെ വീണ്ടും ക്രൂരമായി മർദിച്ചെന്നാണ് പരാതി. വീട്ടിലെത്തിയ വിദ്യാർത്ഥിയുടെ മുഖം വീങ്ങിയിരിക്കുന്നത് കണ്ട രക്ഷിതാക്കൾ വിവരം തിരക്കിയപ്പോഴാണ് അധ്യാപകൻ മർദിച്ചെന്ന കാര്യം പുറത്തറിയുന്നത്.
തുടർന്ന് രക്ഷിതാവ് പുത്തൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പുത്തൂർ പൊലീസ് വിദ്യാർഥിയുടെ മൊഴി രേഖപ്പെടുത്തി ജുവനയിൽ ജസ്റ്റിസ് ആക്റ്റിലെ വകുപ്പുകൾ ചുമത്തി അധ്യാപകനെതിരെ കേസെടുത്തു. എന്നാൽ അധ്യാപകനെ കസ്റ്റഡിയിലെടുക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. ഇതിനു മുമ്പും ഈ അധ്യാപകൻ നിരവധി വിദ്യാർഥികളോട് ഇത്തരത്തിൽ പെരുമാറിയിട്ടുണ്ട് എന്നാണ് വിവരം.
സംഭവ ശേഷം വിദ്യാർഥിയുടെ വീട്ടിലെത്തിയ അധ്യാപകൻ തനിക്ക് ഭ്രാന്ത് പിടിച്ചിരുന്നപ്പോൾ ചെയ്തു പോയതാണെന്നും ക്ഷമാപണം നടത്തിയതായും രക്ഷിതാക്കൾ പറയുന്നു. ഒളിവിൽ പോയ അധ്യാപകനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ALSO READ: പത്തനംതിട്ട തുലാപ്പള്ളിയിൽ വാഹനാപകടം; നിയന്ത്രണംവിട്ട മിനി ബസ് ഇടിച്ച് ശബരിമല തീർഥാടകൻ മരിച്ചു