അക്രമസംഭവങ്ങളിൽ പി.വി. അൻവർ ഉൾപ്പടെ 11 ഓളം പേർക്കെതിരെയാണ് നിലമ്പൂർ പൊലീസ് കേസെടുത്തത്
പി.വി. അൻവർ എംഎൽഎയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. സർക്കാർ സ്വീകരിച്ചിരിക്കുന്നത് നിയമാനുസൃത നടപടികളാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഫോറസ്റ്റ് ഓഫീസിൽ പൊതുമുതൽ നശിപ്പിച്ചു എന്നതിന് മാധ്യമങ്ങൾ തന്നെ സാക്ഷിയാണെന്നും എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
സംഭവത്തിൽ പൊലീസ് കേസെടുത്തു. കേസിലെ ഒന്നാം പ്രതി എംഎൽഎയാണ്. ആ എംഎൽഎയെ കസ്റ്റഡിയിലെടുക്കേണ്ടത് സ്വാഭാവികമായി തുടർച്ചയാണ്. നിയമവിരുദ്ധമായ ഒരു കാര്യവും പൊലീസ് ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു . അത്തരത്തിൽ നിയമാനുസൃതമായ നടപടി സ്വീകരിക്കുമ്പോൾ അതിൽ ഇടപെടേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും എ.കെ. ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
Also Read: ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവം; പി.വി. അൻവർ എംഎല്‍എ അറസ്റ്റില്‍
ഇന്ന് രാവിലെ നിലമ്പൂരിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് പൊതുമുതൽ നശിപ്പിച്ചുവെന്ന കേസിൽ പി.വി.അൻവർ എംഎൽഎയെ പൊലീസ് പ്രതി ചേർത്ത്. അങ്ങനെ പ്രതി ചേർത്ത് കേസെടുത്ത് കഴിഞ്ഞാൽ പൊലീസിന്റെ ഭാഗത്തു നിന്നും തികച്ചും നിയമാനുസൃതമായി ഉണ്ടാകേണ്ട നടപടികൾ മാത്രമാണ് അവിടെ നടന്നത്. അതിനെ മറ്റേതെങ്കിലും തരത്തിൽ വ്യാഖ്യാനിച്ച് ചെറുതാക്കുകയോ വലുതാക്കുകയോ ചെയ്യേണ്ട കാര്യമില്ല. പൊലീസ് അവരുടെ കടമയാണ് നിർവഹിച്ചത് - എ.കെ. ശശീന്ദ്രൻ പറഞ്ഞു.
കരുളായി ഫോറസ്റ്റ് റേഞ്ചിലെ മാഞ്ചീരി വനത്തിൽ ആനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് അൻവറിൻ്റെ ഡിഎംകെ പാർട്ടി ഡിഎഫ്ഒ ഓഫീസ് ഉപരോധിക്കുന്നതിനിടെയാണ് അക്രമസംഭവങ്ങളുണ്ടായത്. അന്‍വർ പ്രസംഗിച്ച് പോയ ശേഷം ഓഫീസിനുള്ളിലേക്ക് അതിക്രമിച്ച കടന്ന പ്രവർത്തകർ ജനൽ ചില്ലുകൾ, കസേര എന്നിവ അടിച്ചു തകർത്തു. പാർട്ടിക്കാർ ഓഫീസിന്റെ പൂട്ടും അടിച്ചു തകർത്തു. ഡിഎഫ്ഒ ഓഫീസിൽ നിന്ന് താലൂക്ക് ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞിരുന്നു. വന്യമൃഗ ആക്രമണത്തിൽ നിന്നും സുരക്ഷ നൽകുന്നതിൽ വനംവകുപ്പ് വലിയ വീഴ്ച വരുത്തിയെന്നാരോപിച്ചായിരുന്നു ഉപരോധം.
അക്രമസംഭവങ്ങളിൽ പി.വി. അൻവർ ഉൾപ്പടെ 11 ഓളം പേർക്കെതിരെയാണ് നിലമ്പൂർ പൊലീസ് കേസെടുത്തത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ എന്നിങ്ങനെ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വന്‍ സന്നാഹത്തോടെ എത്തിയാണ് അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.