അധികാരത്തിലേറിയ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും തമ്മിലുള്ള തർക്കമാണ് വകുപ്പ് വിഭജനത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ
മഹാരാഷ്ട്രയിൽ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുന്നു. കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും വിഷയത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. അധികാരത്തിലേറിയ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും തമ്മിലുള്ള തർക്കമാണ് വകുപ്പ് വിഭജനത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അനിശ്ചിതത്വം തുടരുന്നതിനിടയിൽ ചർച്ചക്കായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഡൽഹിയിലെത്തിയിരിക്കുകയാണ്. എൻസിപി അധ്യക്ഷൻ അജിത് പവാറും ഡൽഹിയിലെ എൻസിപി നേതാവ് പ്രഫുൽ പട്ടേലിൻ്റെ വസതിയിലുണ്ട്. ഫഡ്‌നാവിസിന് വേണ്ടി മനസ്സില്ലാമനസ്സോടെ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം, ഉപമുഖ്യമന്ത്രിയാകാൻ സമ്മതിച്ച ശിവസേന നേതാവ് ഏകനാഥ് ഷിൻഡെ ചർച്ചയിൽ പങ്കെടുക്കാനെത്തിയില്ലെന്നതാണ് ശ്രദ്ധേയം.
ഡിസംബർ അഞ്ചിനാണ് മഹാരാഷ്ട്ര മഹായുതി സർക്കാർ അധികാരത്തിലേറിയത്. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസും ഉപ മുഖ്യമന്ത്രിമാരായി ഏക്നാഥ് ഷിൻഡെയും അജിത് പവാറും മാത്രമാണ് സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റത്. ക്യാബിനറ്റ് മന്ത്രിമാരുടെ കാര്യത്തിലും വകുപ്പ് വിഭജനം സംബന്ധിച്ചും അന്തിമ തീരുമാനമുണ്ടായിട്ടില്ലായിരുന്നു. എന്നാല്‍ ഷിൻഡെ ഇടഞ്ഞ് നിന്നതു മുതൽ മന്ത്രിസഭ രൂപീകരണം വൈകിയത് വരെയുള്ള സംഭവങ്ങൾ മഹായുതി സർക്കാരിനെ തുടക്കത്തിൽ തന്നെ വലച്ചിരുന്നു. ഇതോടെയാണ് കേന്ദ്ര നേതൃത്വം ഇടപ്പെടുന്നതും, ഫഡ്നാവിസ് ഉൾപ്പെടെ മൂന്ന് പേരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ബാക്കി കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന വ്യവസ്ഥയിലേക്കെത്തിച്ചേരുന്നതും.
പക്ഷേ ഒരാഴ്ച പിന്നിടുമ്പോഴും മന്ത്രിസ്ഥാനങ്ങളും പ്രധാന വകുപ്പുകളും സംബന്ധിച്ചുള്ള ചർച്ച നീളുകയാണ്. ഇതിനിടെ ആഭ്യന്തരം ഫഡ്നാവിസും നഗര വികസനം ഷിൻഡെയും ധനവകുപ്പ് അജിത് പവാറും കൈകാര്യം ചെയ്യുമെന്ന സ്ഥിരീകരണം വന്നു. ബാക്കി കാര്യങ്ങളിൽ നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കാനായി മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നാവിസും അജിത് പവാറും ഡൽഹിലെത്തി. എന്നാൽ ചർച്ചയിൽ നിന്ന് വിട്ടുനിന്ന് ഷിൻഡെ പ്രതിരോധം സൃഷ്ടിക്കുകയാണ്. നഗരവികസന വകുപ്പിനൊപ്പം മറ്റ് പ്രധാന വകുപ്പുകൾ കൂടി നൽകാത്തതിൽ ഷിൻഡെയ്ക്ക് പ്രതിഷേധമുണ്ടെന്ന് ശിവസേന വൃത്തങ്ങൾ പറയുന്നു.
റവന്യൂ, പൊതുമരാമത്ത്, എംഎസ്ആർഡിസി, ഭവനം, ഊർജം തുടങ്ങിയ വകുപ്പുകളിൽ ഷിൻഡെയ്ക്ക് താൽപ്പര്യമുണ്ടായിരുന്നെങ്കിലും ആവശ്യം ബിജെപി അംഗീകരിച്ചിരുന്നില്ല. മാത്രമല്ല കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് അഴിമതിയാരോപണങ്ങൾ നേരിട്ട നേതാക്കളെ ഒഴിവാക്കണമെന്ന ബിജെപിയുടെ നിബന്ധനയിലും ഷിൻഡെ അതൃപ്തനാണ്. മന്ത്രിസഭ രൂപീകരണം മുതലുള്ള ചർച്ചകളിൽ തന്നെ വില്ലൻ പരിവേഷത്തിൽ നിർത്തിയതിലും ക്ഷുഭിതനാണ് ഷിൻഡെ. ഇക്കാര്യങ്ങൾ പുകഞ്ഞതോടെ, ഡൽഹിലേക്ക് പോകാതെ താനെയിലെ വസതിയിൽ തുടരാൻ ഷിൻഡെ തീരുമാനിക്കുകയായിരുന്നെന്ന് ശിവസേന വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മഹായുതി മന്ത്രിസഭയുടെ പരമാവധി അംഗബലം 43 ആണ്. ഇതിൽ ബിജെപിക്ക് 22, ശിവസേനയ്ക്ക് 11, എൻസിപിക്ക് 10 മന്ത്രിമാർ എന്ന നിലയിലാണ് ധാരണയിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സഖ്യകക്ഷികൾ കൂടുതൽ മന്ത്രിമാർ വേണമെന്ന പിടിവാശി തുടർന്നാൽ മാറ്റങ്ങളുണ്ടായേക്കും. മന്ത്രിസഭയിലെ അപ്രധാനമായ വകുപ്പുകൾ കൊണ്ട് സഖ്യകക്ഷികൾ തൃപ്തിപ്പെടേണ്ടിവരുമെന്നും ബിജെപി വൃത്തങ്ങൾ പറഞ്ഞു. എന്നാൽ ഉപമുഖ്യമന്ത്രിമാരുമായി ചർച്ച ചെയ്ത് മാത്രമായിരിക്കും ഫഡ്നാവിസ് മന്ത്രിമാരെ തീരുമാനിക്കുന്നതെന്നും, ശനിയാഴ്ചയോടെ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്നേക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.