9 മണിക്ക് ഭാരവാഹി യോഗവും 10 മണിക്ക് പ്രവർത്തക സമിതി യോഗവും നടക്കും
സമസ്തയിലെ ഭിന്നത വിവാദമായിരിക്കെ മുസ്ലിം ലീഗ് യോഗം ഇന്ന് കോഴിക്കോട് ചേരും. 9 മണിക്ക് ഭാരവാഹി യോഗവും 10 മണിക്ക് പ്രവർത്തക സമിതി യോഗവും നടക്കും. മുനമ്പം വിഷയത്തിലെ പാർട്ടിക്കുള്ളിലെ വ്യത്യസ്ത നിലപാട് ചർച്ചയായേക്കും. സമസ്ത കേന്ദ്ര മുശാവറ യോഗത്തിലെ നാടകീയ രംഗങ്ങളും യോഗം ചർച്ച ചെയ്തേക്കും. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്നുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ പ്രസ്താവന പാർട്ടിക്കുള്ളിൽ ഭിന്നത ഉണ്ടാക്കിയിട്ടുണ്ട്. കെ.എം. ഷാജി, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവർ ഒരു നിലപാടും, കുഞ്ഞാലിക്കുട്ടിക്ക് മറ്റൊരു നിലപാടുമാണുള്ളത്.
സമസ്തക്കുള്ളിലെ തര്‍ക്കങ്ങള്‍ ചര്‍ച്ചചെയ്യാൻ കഴിഞ്ഞദിവസം വിളിച്ച കേന്ദ്ര മുശാവറ യോഗത്തിലാണ് വാക്കേറ്റം ഉണ്ടായത്. സാദിഖലി തങ്ങള്‍ക്കെതിരെയുള്ള ഉമ്മര്‍ ഫൈസി മുക്കത്തിന്റെ വിവാദ പരാമര്‍ശം ചര്‍ച്ച ചെയ്യാന്‍ തുടങ്ങുമ്പോഴാണ് ജിഫ്രി മുത്തുകോയ തങ്ങളും ഉമര്‍ ഫൈസി മുക്കവും തമ്മില്‍ വാക്കേറ്റം ഉണ്ടായത്. തര്‍ക്കത്തെ തുടര്‍ന്ന് ജിഫ്രി തങ്ങള്‍ ഇറങ്ങിപ്പോവുകയും യോഗം പിരിയുകയും ചെയ്തു. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മുശാവറ യോഗം വിളിക്കുമെന്നും ജിഫ്രി തങ്ങള്‍ അറിയിച്ചിരുന്നു.
ALSO READ: സമസ്ത മുശാവറ യോഗത്തില്‍ വാക്കേറ്റം; ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങിപ്പോയി
മുശാവറ യോഗം ആരംഭിച്ച് ഒന്നരമണിക്കൂര്‍ പിന്നിട്ട ശേഷമായിരുന്നു ഉമര്‍ ഫൈസിക്കെതിരെയുള്ള പരാതികള്‍ മുശാവറ യോഗം പരിഗണിച്ചത്. ചര്‍ച്ച ആരംഭിക്കാനിരിക്കെ ജിഫ്രി തങ്ങള്‍ ഉമര്‍ ഫൈസിയോട് യോഗത്തില്‍ നിന്ന് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ നിന്ന് മാറിനില്‍ക്കാതെ ഉമര്‍ ഫൈസി മുശാവറ യോഗത്തില്‍ തുടര്‍ന്നു. കള്ളന്മാർ പറയുന്നത് ചെയ്യാനാവില്ലെന്നായിരുന്നു ഉമർ ഫൈസി മുക്കത്തിൻ്റെ വാദം. ആ കള്ളന്മാരിൽ ഞാനും പെടുമല്ലോയെന്ന് ജിഫ്രി മുത്തുക്കോയ തങ്ങളും പറഞ്ഞു. തുടര്‍ന്നാണ് ജിഫ്രി തങ്ങളുമായും, മുശാവറയിലെ മറ്റൊരു അംഗമായ ഡോ. ബഹാവുദ്ദീന്‍ നദ്വിയുമായും വാക്ക് തര്‍ക്കം ഉണ്ടാകുന്നത്.