fbwpx
ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് സ്ത്രീകളും കുട്ടികളുമുൾപ്പെടെ 38 പേർ; അടിയന്തര വെടിനിർത്തൽ നടപ്പിലാക്കണമെന്ന് യുഎൻ
logo

ന്യൂസ് ഡെസ്ക്

Last Updated : 12 Dec, 2024 12:08 PM

പലസ്തീൻ അഭയാർഥികളുടെ ക്ഷേമത്തിനായുള്ള യുഎൻ ഏജൻസിക്ക് പിന്തുണ നൽകുന്ന പ്രമേയത്തെ 159 പേർ അനുകൂലിച്ചും ഒമ്പത് പേർ പ്രതികൂലിച്ചും വോട്ട് ചെയ്തു

WORLD



ഗാസയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് യുഎൻ ജനറൽ അസംബ്ലി. ഗാസ മുനമ്പിൽ ഇസ്രയേലും ഹമാസും നിരുപാധികവും ശാശ്വതവുമായ വെടിനിർത്തൽ കൊണ്ടുവരണമെന്നും ഹമാസിൻ്റെ പക്കലുള്ള ഇസ്രയേൽ ബന്ദികളെ മോചിപ്പിക്കണമെന്നും ജനറൽ അസംബ്ലി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസത്തെ ഇസ്രയേൽ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 38 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഐക്യരാഷ്ട്ര സഭ വെടിനിർത്തൽ പ്രമേയം അവതരിപ്പിച്ചത്. 


193 രാജ്യങ്ങളിൽ 158 പേർ പ്രമേയത്തെ അനുകൂലിച്ചും അമേരിക്ക, ഇസ്രയേൽ ഉൾപ്പടെയുള്ള ഒമ്പത് രാജ്യങ്ങൾ പ്രമേയത്തിൽ എതിർത്തും വോട്ട് രേഖപ്പെടുത്തി. 13 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. പലസ്തീൻ അഭയാർഥികളുടെ ക്ഷേമത്തിനായുള്ള യുഎൻ ഏജൻസിക്ക് പിന്തുണ നൽകുന്ന പ്രമേയത്തെ 159 പേർ അനുകൂലിച്ചും ഒമ്പത് പേർ പ്രതികൂലിച്ചും വോട്ട് ചെയ്തു.

കഴിഞ്ഞ ദിവസം ഗാസയുടെ വിവിധ ഭാഗങ്ങളിലായി ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 38 പലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബെയ്ത് ലാഹിയ, ജബാലിയ എന്നിവിടങ്ങളിലെ അഭയാർഥി ക്യാമ്പുകളിലേക്ക് ഇസ്രയേൽ തുടർച്ചയായി ശക്തമായ ആക്രമണം നടത്തുകയാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം പറയുന്നു.

വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയിലെ വീടിനു നേരെ നടന്ന ആക്രമണത്തിലാണ് സ്ത്രീകളും കുട്ടികളുമടക്കം കൊല്ലപ്പെട്ടത്. മുപ്പതിലധികം ആളുകളാണ് ഈ ബഹുനില കെട്ടിടത്തിലുണ്ടായിരുന്നത്. നിരവധി പേർക്കായി തെരച്ചിൽ തുടരുകയാണെന്നും പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നുസെറാത്ത് അഭയാർഥി ക്യാമ്പിലുണ്ടായ മൂന്നു വ്യത്യസ്ത ആക്രമണങ്ങളിൽ മാധ്യമ പ്രവർത്തക ഇമാൻ അൽ ഷാന്തിയുൾപ്പെടെ ഏഴു പലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്കു പരുക്കേൽക്കുകയും ചെയ്തു.


ALSO READ: സെഡ്നായ ജയിലിലെ ദുരവസ്ഥ; ക്രൂരകൃത്യങ്ങൾ നടത്തിയവർ വലിയ വില നൽകേണ്ടി വരുമെന്ന് മൊഹമ്മദ് അല്‍ ഗോലാനി


2023 ഒക്ടോബറിൽ സംഘർഷം ആരംഭിച്ചതിനു ശേഷം ഗാസയിൽ കൊല്ലപ്പെടുന്ന 193 -മത്തെ മാധ്യമ പ്രവർത്തകയാണ് അൽ ഷാന്തിയെന്ന് പലസ്തീൻ യൂണിയൻ ഓഫ് ജേർണലിസ്റ്റ് പ്രതികരിച്ചു. ഗാസയിലെ ബെയ്റ്റ് ഹനൂനിൽ നിരവധി പേർ കൊല്ലപ്പെടുകയും കെട്ടിടങ്ങളിൽ കുടുങ്ങി കിടക്കുന്നതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, വ്യോമാക്രമണത്തിൽ രണ്ടു മുതിർന്ന ഹമാസ് നേതാക്കളെ വധിച്ചതായാണ് ഇസ്രയേലിൻ്റെ അവകാശ വാദം. മരിച്ചവരിലൊരാളായ ഫഹ്‌മി സെൽമി ഹമാസിലെ സീനിയർ എലൈറ്റ് യൂണിറ്റ് കമാൻഡറാണെന്നും ഇസ്രയേൽ വെളിപ്പെടുത്തി.

വടക്കൻ ഗാസയുടെ ഭാഗങ്ങളായ ബെയ്ത് ലാഹിയക്കും ജബാലിയക്കും ഇടയിലുള്ള കമാൽ അദ്വവാൻ ആശുപത്രിക്കു സമീപം ഇസ്രയേൽ സൈന്യം ആക്രമണം ശക്തമാക്കാൻ തുടങ്ങിയിട്ട് രണ്ടു മാസമായി. എന്നാൽ ഹമാസ് തീവ്രവാദികൾ സംഘടിച്ച് ഈ പ്രദേശങ്ങളിൽ നിന്ന് ആക്രമണം പുനഃരാരംഭിക്കുന്നത് തടയാനാണ് പോരാടുന്നതെന്നാണ് ഇസ്രയേൽ വാദം.


ALSO READ: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യ; യുഎസ് അടക്കമുള്ള സഖ്യ കക്ഷികള്‍ക്കും പങ്ക്: ആംനസ്റ്റി ഇന്റര്‍നാഷണല്‍


പലസ്തീൻ-ഇസ്രയേൽ സംഘർഷത്തിൽ ഇതുവരെ 44,800 പലസ്തീനികൾ കൊല്ലപ്പെട്ടതായും 2.3 ദശലക്ഷം ആളുകൾ പലായനം ചെയ്തതായുമാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിൻ്റെ റിപ്പോർട്ട്. എന്നാൽ പലസ്തീനിലെ ഡോക്ടർമാരും മാധ്യമങ്ങളും പുറത്തു വിടുന്ന ഗാസയിലെ മരണനിരക്ക് കൃത്യമല്ലെന്നും സൈന്യത്തിൻ്റെ കണക്കുമായി വിരുദ്ധമാണെന്നും ഇസ്രയേൽ സൈന്യം പ്രതികരിച്ചു.

KERALA
വിചാരണയുടെ യഥാർഥ വശങ്ങൾ പുറത്തുവരണം; നടിയെ ആക്രമിച്ച കേസിൽ അന്തിമവാദം തുറന്ന കോടതിയിലേക്ക് മാറ്റണമെന്ന് അതിജീവിത
Also Read
user
Share This

Popular

KERALA
KERALA
തന്തൈ പെരിയാറിന് സത്യാഗ്രഹ ഭൂമിയിലൊരുക്കിയ മഹനീയ സ്മാരകം നാടിന് സമർപ്പിച്ച് എം.കെ. സ്റ്റാലിനും പിണറായിയും