മകന്റെ കൊലപാതകത്തിന് പിന്നിലുള്ളവരെ കുട്ടികൾ എന്ന് വിളിക്കരുതെന്ന് ഷഹബാസിന്റെ പിതാവ് ഇക്ബാൽ
താമരശ്ശേരി ഷഹബാസ് വധക്കേസിൽ കസ്റ്റഡിയിലുള്ള ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഏപ്രിൽ മൂന്നാം തിയതിയിലേക്ക് മാറ്റി. കോഴിക്കോട് അഡിഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഷഹബാസിന്റെ പിതാവ് ഇക്ബാൽ കോടതിയിൽ തടസ്സ ഹർജി നൽകിയിട്ടുണ്ട്.
മകന്റെ കൊലപാതകത്തിന് പിന്നിലുള്ളവരെ കുട്ടികൾ എന്ന് വിളിക്കരുതെന്ന് ഷഹബാസിന്റെ പിതാവ് ഇക്ബാൽ. അവർ പ്രതികളാണ്. പ്രതികൾക്ക് ജാമ്യം അനുവദിക്കരുത്. നിർഭയ കേസ് ഉൾപ്പെടെ കോടതിയിൽ ചൂണ്ടിക്കാണിക്കും. കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കും. പ്രതികൾക്ക് കിട്ടേണ്ട ശിക്ഷ കിട്ടണം. പുറത്തിറങ്ങിയാൽ അവർ സ്വാധീനം ഉപയോഗിക്കും. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നും ഇക്ബാൽ പറഞ്ഞു.
ഫെബ്രുവരി 28നാണ് താമരശേരിയിൽ രണ്ട് സ്‌കൂളുകളിലെ വിദ്യാർഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ ഷഹബാസിന് ഗുരുതര പരിക്കേറ്റത്. ഷഹബാസിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെന്‍റിലേറ്ററില്‍ ചികിത്സയില്‍ കഴിയവേ മരണം സംഭവിച്ചു.
താമരശേരി ഇൻസ്പെക്‌ടര്‍ സായൂജന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ അക്രമത്തിൽ നേരിട്ട് പങ്കെടുത്ത ആറ് പത്താം ക്ലാസ്സ് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു. റിമാന്‍റില്‍ കഴിയുന്ന ആറു വിദ്യാർഥികളുടെയും ജാമ്യാപേക്ഷ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതികൾ ജില്ലാ കോടതിയെ സമീപിച്ചത്.
ഷഹബാസിന്റെ കൊലപാതകത്തിൽ വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കൾക്കും പങ്കുള്ളതായി കുടുംബം നേരത്തെ ആരോപിച്ചിരുന്നു. വിദ്യാർഥികൾക്ക് ആയുധം ലഭിച്ചത് രക്ഷിതാക്കൾ വഴിയെന്നാണ് ആരോപണം. മുതിർന്നവരെയും പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് ഷഹബാസിന്റെ മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. മരണത്തിന് ഉത്തരവാദികളായ മുഴുവൻ പേരെയും നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നാണ് ഷഹബാസിന്‍റെ കുടുംബത്തിൻ്റെ ആവശ്യം.