fbwpx
വിവാദ കൊടുങ്കാറ്റിൽ നിറം മങ്ങുന്ന 'ബാലൺ ദ്യോർ'; വിനീഷ്യസിനേക്കാൾ കേമനോ റോഡ്രി?
logo

ശരത് ലാൽ സി.എം

Last Updated : 29 Oct, 2024 05:00 PM

ക്ലബ്ബ് ഫുട്ബോളിൽ റയൽ മാഡ്രിഡ് ഉയർത്തിയ വെല്ലുവിളികളെല്ലാം മറികടന്ന് സ്പാനിഷ് ഫുട്ബോളിൽ നിന്നൊരു മിഡ് ഫീൽഡർക്ക് മികച്ച താരത്തിനുള്ള പുരസ്കാരം സമ്മാനിക്കുന്നതിന് പിന്നിലെ രാഷ്ട്രീയവും ചർച്ചയാകുന്നുണ്ട്

FOOTBALL


ബാലൺ ദ്യോറിൻ്റെ ചരിത്രത്തിൽ മുന്നേറ്റനിരക്കാരുടെ ആധിപത്യമാണ് എന്നും തെളിഞ്ഞു കാണാറുള്ളത്. എട്ട് ബാലൺ ഡ്യോർ സ്വന്തമായുള്ള മെസിയുടെയും അഞ്ചെണ്ണം സ്വന്തമായുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും കാലശേഷം, പുരസ്കാരങ്ങൾ അർഹിച്ച കരങ്ങളിലേക്ക് എത്തുന്നുവെന്ന സവിശേഷത കൂടിയുണ്ട് ഇത്തവണ.

ക്രൊയേഷ്യൻ അറ്റാക്കിങ് മിഡ് ഫീൽഡറും പ്ലേമേക്കറുമായ ലൂക്ക മോഡ്രിച്ചിന് ശേഷം, മധ്യനിരയിലേക്ക് മറ്റൊരു ബാലൺ ദ്യോർ പുരസ്കാരം കൂടിയെത്തുമ്പോൾ... ഫുട്ബോൾ ലോകം യഥാർത്ഥത്തിൽ രണ്ടുതട്ടിലാണ്. ഒരു ഡിഫൻസീവ് മിഡ് ഫീൽഡറുടെ കയ്യിലേക്ക് ബാലൺ ദ്യോർ എത്തിയത് എങ്ങനെയെന്നാണ് ലോകം അമ്പരക്കുന്നത്!

കൊടുങ്കാറ്റ് പോലെ വിവാദങ്ങൾ... !!

പുരുഷ വിഭാഗത്തിലെ അവാർഡ് ദാനമാണ് വലിയ വിവാദമാകുന്നത്. ക്ലബ്ബ് ഫുട്ബോളിൽ റയൽ മാഡ്രിഡ് ഉയർത്തിയ വെല്ലുവിളികളെല്ലാം മറികടന്ന് സ്പാനിഷ് ഫുട്ബോളിൽ നിന്നൊരു മിഡ് ഫീൽഡർക്ക് മികച്ച താരത്തിനുള്ള പുരസ്കാരം സമ്മാനിക്കുന്നതിന് പിന്നിലെ രാഷ്ട്രീയവും ചർച്ചയാകുന്നുണ്ട്.

ഫ്രാൻസ് ഫുട്ബോൾ അസോസിയേഷൻ എല്ലാ വർഷവും സമ്മാനിക്കുന്ന ബാലൺ ദ്യോർ പുരസ്കാരത്തിന് പിന്നിൽ ചില ചരടുവലികൾ നടന്നെന്നും റയൽ മാഡ്രിഡ് ആരോപിക്കുന്നുണ്ട്. അതിന് റയലിലേക്കുള്ള കിലിയൻ എംബാപ്പെയുടെ കൂടുമാറ്റത്തേയും ചേർത്തുവെച്ചാണ് സമൂഹ മാധ്യമങ്ങളിൽ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ചമയ്ക്കുന്നത്. യൂറോപ്പിലെ വംശീയ വെറിക്കെതിരെ നിരന്തരം പോരാടിയ ലാറ്റിനമേരിക്കൻ താരമെന്ന നിലയിൽ വിനീഷ്യസിനെ ഒതുക്കാൻ ഗൂഢാലോചന നടന്നുവെന്നും സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനമുയരുന്നുണ്ട്.

മികച്ച പുരുഷ ഫുട്ബോളറെ കണ്ടെത്താനുള്ള അന്തിമ പട്ടികയിൽ ആദ്യ പത്തിൽ അഞ്ച് റയൽ മാഡ്രിഡ് താരങ്ങളുണ്ടായിരുന്നു. വിനീഷ്യസ് ജൂനിയർ (ബ്രസീൽ), ജൂഡ് ബെല്ലിങ്ഹാം (ഇംഗ്ലണ്ട്), ഡാനി കർവഹാൾ (സ്പെയിൻ), കിലിയൻ എംബാപ്പെ (ഫ്രാൻസ്), ടോണി ക്രൂസ് (ജർമനി) എന്നീ റയൽ മാഡ്രിഡ് താരങ്ങൾ ഉയർത്തിയ വെല്ലുവിളികളെ മറികടന്നാണ് സ്പാനിഷുകാരനായ റോഡ്രി ബാലൺ ദ്യോറിൽ മുത്തമിട്ടത്.

എന്തുകൊണ്ട് റോഡ്രി?

മറുവശത്ത് കഴിഞ്ഞൊരു വർഷക്കാലത്ത് സ്പെയിനിനൊപ്പം അസാധാരണമായൊരു ജൈത്രയാത്രയായിരുന്നു റോഡ്രിയുടേത്. അന്താരാഷ്ട്ര ഫുട്ബോളിൽ സ്പാനിഷ് പടയെ 2022-23 യുവേഫ നേഷൻസ് ലീഗ് ജേതാക്കളാക്കുന്നതിലും, 2024ലെ യൂറോ കപ്പ് ചാമ്പ്യന്മാരാക്കുന്നതിലും റോഡ്രി സുപ്രധാന പങ്കുവഹിച്ചു. കഴിഞ്ഞ തവണ മാഞ്ചസ്റ്റർ സിറ്റിയെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരാക്കാനും താരത്തിന് സാധിച്ചു.

വിനീഷ്യസാണ് ബെസ്റ്റ്! കട്ട സപ്പോർട്ടുമായി ക്ലബ്ബ്

ബാലൺ ദ്യോർ പ്രഖ്യാപനത്തിന് ഒരു ദിവസം മുമ്പേ വിനീഷ്യസ് ജൂനിയർ മികച്ച താരമാകില്ലെന്ന റിപ്പോർട്ടുകൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. പിന്നാലെ പാരീസിലെ അവാർഡ് ദാന ചടങ്ങ് ബഹിഷ്ക്കരിച്ച് റയൽ മാഡ്രിഡ് ടീം പ്രഖ്യാപനവും നടത്തി. സ്പാനിഷ് യൂറോ ചാമ്പ്യനായ റോഡ്രി മികച്ച പുരുഷ താരമായി തെരഞ്ഞെടുക്കപ്പെടുമെന്ന് വാർത്തകളും പ്രചരിച്ചു. പിന്നാലെ ഫുട്ബോൾ ലോകം ഏറ്റവുമധികം ചർച്ച ചെയ്തതും വിനീഷ്യസ് ജൂനിയറിനെ തഴയാനുള്ള കാരണം എന്താണെന്നതായിരുന്നു?

റയൽ മാഡ്രിഡിനെ യുവേഫ ചാംപ്യൻസ് ലീഗിൽ ജേതാക്കളാക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് വിനീഷ്യസ് ജൂനിയറായിരുന്നു. പ്രതാപകാലത്തിൻ്റെ നിഴൽ മാത്രമായി മാറിയ ബ്രസീൽ ദേശീയ ടീമിൽ ഇടതു വിങ്ങർക്ക് കാര്യമായ സ്വാധീനമൊന്നും ഉണ്ടാക്കാനായിട്ടില്ലെന്നത് ഒരു വസ്തുതയാണ്. എന്നിരുന്നാലും വിനീഷ്യസിനാണ് ബാലൺ ദ്യോറിന് അർഹതയുള്ളതെന്നും അദ്ദേഹമാണ് ബെസ്റ്റ് എന്നും റയൽ മാഡ്രിഡ് മാനേജ്മെൻ്റും സഹതാരങ്ങളും ഒരേ സ്വരത്തിൽ പറയുന്നു. പതിവുപോലെ ബാലൺ ദ്യോർ പ്രഖ്യാപനത്തിൽ തട്ടിപ്പാണ് നടന്നതെന്ന് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗവും വാദിക്കുന്നു.

തോറ്റുകൊടുക്കാൻ ഒരുക്കമല്ലാത്ത വിനീഷ്യസ്

പുരസ്കാര പ്രഖ്യാപനത്തിൽ രണ്ടാമനായി മാറിയതിന് പിന്നാലെ വിനീഷ്യസിൻ്റെ പ്രതികരണവും ശ്രദ്ധേയമായി. “എനിക്ക് ഇനിയും പതിന്മടങ്ങ് കരുത്തിലുള്ള പ്രകടനം ആവർത്തിക്കാനാകും. എന്നാൽ അവരൊട്ടും തയ്യാറല്ല," എന്നാണ് വിനീഷ്യസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. പുരസ്കാര പ്രഖ്യാപനങ്ങളിൽ തളരില്ലെന്നും... കളത്തിന് പുറത്തുള്ള വംശീയ വിദ്വേഷങ്ങൾക്കെതിരെ പോരാടുമെന്നും... ഗ്രൗണ്ടിൽ കൂടുതൽ തിളങ്ങുമെന്നുമുള്ള ഉറച്ച പ്രഖ്യാപനമായി അത് മാറുകയാണ്.


KERALA
വീണ്ടും റെക്കോര്‍ഡിട്ട് ബെവ്‌കോ! ക്രിസ്മസിന് മലയാളി കുടിച്ചത് 152.06 കോടി രൂപയുടെ മദ്യം
Also Read
user
Share This

Popular

KERALA
KERALA
മലയാളത്തിന്റെ മഞ്ഞ് കാലം മാഞ്ഞു; എംടിയെ യാത്രയാക്കി കേരളം