അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണിതെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വസേദ് ആരോപിച്ചു
ബംഗ്ലാദേശ് മാധ്യമ പ്രവർത്തക സാറാ രഹനുമയെ ധാക്കയിലെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണിതെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വസേദ് ആരോപിച്ചു.
ബംഗ്ലാദേശിലെ ഗാസി ടിവി ന്യൂസ് റൂം എഡിറ്റർ സാറാ രഹനുമയുടെ മൃതദേഹമാണ് ഇന്ന് പുലർച്ചെയോടെ ധാക്കയിലെ ഹതിർജീൽ തടാകത്തിൽ കണ്ടെത്തിയത്. വഴിയാത്രക്കാരനാണ് സാറയുടെ മൃതദേഹം തടാകത്തിൽ പൊങ്ങികിടക്കുന്നതായി കണ്ടത്. പിന്നാലെ അടുത്തുള്ള പ്രാഥമിക ആരോഗ്യത്തിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.
മരണത്തിന് തലേന്ന് രാത്രി സാറ എക്സിൽ ഇങ്ങനെ കുറിച്ചു, "നിന്നെ പോലൊരു സുഹൃത്ത് എനിക്കൊപ്പമുണ്ടായതിൽ സന്തോഷമുണ്ട്. ദൈവം നിന്നെ എപ്പോഴും അനുഗ്രഹിക്കട്ടെ. നിൻ്റെ എല്ലാ സ്വപ്നങ്ങളും ഉടൻ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മൾ ഒരുമിച്ച് ഒരുപാട് കാര്യങ്ങൾ ആസൂത്രണം ചെയ്തിരുന്നുവെന്ന് എനിക്കറിയാം. ക്ഷമിക്കണം, നിൻ്റെ പദ്ധതികൾ നിറവേറ്റാൻ കഴിയില്ല". തന്‍റെ സുഹൃത്തിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു രഹനുമയുടെ കുറിപ്പ്.
ALSO READ: ഭരണ പ്രതിസന്ധിക്കു പിന്നാലെ അപ്രതീക്ഷിത വെള്ളപ്പൊക്കവും; ദുരിതത്തിലായി ബംഗ്ലാദേശ് ജനത
സുഹൃത്തിനോടുള്ള വൈകാരികമായ യാത്ര പറച്ചിലായിരുന്നു ഇതെന്നാണ് രഹനുമയുടെ മരണത്തിന് പിന്നാലെ ഉയരുന്ന പ്രതികരണങ്ങൾ. നേരത്തെ ഒരു പോസ്റ്റിൽ മരണത്തിന് സമാനമായ ജീവിതം നയിക്കുന്നതിനേക്കാൾ മരിക്കുന്നതാണ് നല്ലതെന്ന കുറിപ്പും സാറ രഹനുമ പങ്കുവച്ചിരുന്നു. അടുത്തിടെ അറസ്റ്റിലായ ദസ്തഗീർ ഗാസിയുടെ ഉടമസ്ഥതയിലുള്ള ഗാസി ടിവി ഒരു മതേതര സംഘടനയാണെന്നും പോസ്റ്റിലുണ്ട്. സാറയുടെ മൃതദേഹം ധാക്ക മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.