ട്രാൻസ്മനുഷ്യരെ എന്തും ചെയ്യാം എന്ന് ആരും ധരിക്കേണ്ടെന്നും അവർക്കെതിരെ അന്യായമായ അതിക്രമങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും മുതിരുന്നവർക്കെതിരെ കർശനനടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു
കൊച്ചി പാലാരിവട്ടത്ത് ട്രാൻസ് വുമണിനെ ലോറി ഡ്രൈവർ ക്രൂരമായി മർദ്ദിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടൻ അടിയന്തര റിപ്പോർട്ട് തേടി മന്ത്രി ഡോ. ആർ.ബിന്ദു. ലോറി ഡ്രൈവറുടെ കമ്പി വടി കൊണ്ടുള്ള ആക്രമണത്തിൽ ഇരകൾ ആയവർക്ക് കൈയ്ക്കും കാലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും അടിയന്തര റിപ്പോർട്ട് നൽകുവാനും സാമൂഹ്യനീതി ഡയറക്ടർക്കും, ജില്ലാ സാമൂഹ്യനീതി ഓഫീസർക്കും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അടിയന്തര നിർദേശം നൽകി. സംഭവത്തിൽ ട്രാൻസ്ജെൻഡേഴ്സ് ആക്ട് പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ടെന്നും നിയമപരമായി നടപടികൾ സ്വീകരിക്കുമെന്നും ഡോ. ആർ. ബിന്ദു പറഞ്ഞു. ട്രാൻസ്മനുഷ്യരെ എന്തും ചെയ്യാം എന്ന് ആരും ധരിക്കേണ്ടെന്നും അവർക്കെതിരെ അന്യായമായ അതിക്രമങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും മുതിരുന്നവർക്കെതിരെ കർശനനടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
വെളളിയാഴ്ച്ച പുലർച്ചെ 2 മണിയോടെയാണ് കാക്കനാട് സ്വദേശിയായ ട്രാൻസ് വുമണിന് ക്രൂരമർദ്ദനമേറ്റത്. കേസിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം സുഹൃത്തിനെ കാത്തു നിൽക്കുന്നതിനിടെയായിരുന്നു ആക്രമണം. അസഭ്യവും ആക്രോശവുമായി പ്രതി ട്രാൻസ് വുമണിനെ കയ്യിൽ കരുതിയ ഇരുമ്പ് വടികൊണ്ട് പലകുറി അടിക്കുകയായിരുന്നു. നീയൊന്നും ഈ ലോകത്ത് ജീവിക്കരുതെന്നടക്കം പറഞ്ഞായിരുന്നു മർദ്ദനം. മർദ്ദനത്തിൽ കൈവിരലുകൾക്കും ഇരു കാലുകൾക്കും സാരമായി പരിക്കേറ്റിരുന്നു.