ലബനനില്‍ ആക്രമണങ്ങള്‍ തുടരുന്നതിനോടൊപ്പം ഗാസയിലും യുദ്ധത്തിന്റെ ലക്ഷ്യം നിറവേറുന്നതു വരെ ആക്രമണം തുടരുമെന്നും ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ലബനനില്‍ വെടിനിര്‍ത്തല്‍ ആവശ്യങ്ങള്‍ ഉയരുന്നതിനിടെ ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം തുടരണമെന്ന നിര്‍ദേശവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വ്യാജമാണെന്നും എല്ലാ ശക്തിയോടും കൂടി യുദ്ധം തുടരണമെന്നുമാണ് സൈന്യത്തോട് നെതന്യാഹുവിന്റെ നിര്‍ദേശം.
'വെടിനിര്‍ത്തലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ സത്യമല്ല. ഇത് ഒരു 'അമേരിക്കന്‍-ഫ്രഞ്ച്' നിര്‍ദേശമാണ്. പ്രധാനമന്ത്രി ഇതില്‍ മറുപടി പോലും പറഞ്ഞിട്ടില്ല,' എന്നാണ് വെടി നിര്‍ത്തലുമായി ബന്ധപ്പെട്ട് നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചത്.
ലബനനില്‍ ആക്രമണങ്ങള്‍ തുടരുന്നതിനോടൊപ്പം ഗാസയിലും യുദ്ധത്തിന്റെ ലക്ഷ്യം നിറവേറുന്നതു വരെ ആക്രമണം തുടരുമെന്നും ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ഇസ്രയേല്‍-ഹിസ്ബുള്ള സംഘര്‍ഷത്തില്‍ അടിയന്തരമായി 21 ദിവസത്തെ വെടിനിര്‍ത്തല്‍ വേണമെന്ന് അമേരിക്കയും സഖ്യകക്ഷികളുംഐക്യരാഷ്ട സഭയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു മണിക്കൂറിലേറെയാണ് സുരക്ഷാ കൗണ്‍സില്‍ഇസ്രയേല്‍-ഹിസ്ബുള്ള വിഷയം ചര്‍ച്ച ചെയ്തത്. ലബനനിലേക്ക് ഇസ്രയേല്‍ കരയുദ്ധം ആരംഭിക്കുമോ എന്ന ആശങ്കകള്‍ക്കിടയിലാണ് അമേരിക്കയും ഫ്രാന്‍സും സഖ്യകക്ഷികളും ഐക്യരാഷ്ട്ര സംഘടനയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇസ്രായേല്‍, ലബനന്‍ സര്‍ക്കാരുകള്‍ ഉള്‍പ്പെടെ എല്ലാ കക്ഷികളോടും താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഉടനടി അംഗീകരിക്കാന്‍ ആവശ്യപ്പെടുന്നുവെന്നാണ് യുഎസും ഫ്രാന്‍സും ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഓസ്‌ട്രേലിയ, യുഎഇ, സൗദി അറേബ്യ, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ സഖ്യകക്ഷികളാണ് സംയുക്ത പ്രസ്താവനയുടെ ഭാഗമായത്. വെടിനിര്‍ത്തല്‍ നിര്‍ദേശത്തെ ലബനന്‍ പ്രധാനമന്ത്രി നജീബ് മികാത്തി സ്വാഗതം ചെയ്തു. സുരക്ഷാ കൗണ്‍സില്‍ രണ്ട് മണിക്കൂറിലധികമാണ് ലബനനന്‍ വിഷയം ചര്‍ച്ച ചെയ്തത്. ഇസ്രയേലും ലബനനും തമ്മിലുള്ള അതിര്‍ത്തി രേഖയില്‍ വെടിനിര്‍ത്തല്‍ ബാധകമാകുമെന്നും, നയതന്ത്ര പരിഹാരത്തിനായി കക്ഷികള്‍ക്ക് ശ്രമിക്കാമെന്നും ബൈഡന്‍ ഭരണകൂടത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലെ വെടിനിര്‍ത്തലിനും സഖ്യകക്ഷികള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.
യുദ്ധത്തില്‍ മനുഷ്യര്‍ക്കു പുറമെ അടിസ്ഥാന സൗകര്യങ്ങളിലും വലിയ നാശമാണ് സംഭവിക്കുന്നതെന്ന് രാജ്യാന്തര നാണയ നിധിയായ ഐഎംഎഫ് വിലയിരുത്തി. മാനുഷിക പരിഗണനയില്‍ ലബനനിലേക്ക് 50 ലക്ഷം പൗണ്ട് അയയ്ക്കുന്നുവെന്ന് ബ്രിട്ടണ്‍ വ്യക്തമാക്കി. കരയുദ്ധ സൂചനകള്‍ നല്‍കുന്ന ഇസ്രയേല്‍ സൈന്യ മേധാവിയുടെ പ്രതികരണത്തെ ആശങ്കയോടെയാണ് ലോകം നോക്കിക്കാണുന്നത്.ആക്രമണം രൂക്ഷമായതോടെ ലബനനില്‍ നിന്ന് ഒഴിഞ്ഞു പോകുന്നവരുടെ എണ്ണവും ഉയരുകയാണ്. ബുധനാഴ്ചയും ലബനനില്‍ ശക്തമായ ആക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. ആക്രമണത്തില്‍ 72 പേര്‍ കൊല്ലപ്പെട്ടെന്നും 223 പേര്‍ക്ക് പരിക്കേറ്റെന്നും ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.