വിജയകുമാറിൻ്റെ നെഞ്ചിലും ക്ഷതമേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു
കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിൽ വിജയകുമാർ - മീര ദമ്പതികളുടെ മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. തലക്ക് ക്ഷതമേറ്റതിനെ തുടർന്ന് രക്തസ്രാവമുണ്ടായി. പരിക്കേൽപ്പിച്ചത് മൂർച്ചയേറിയ ആയുധമുപയോഗിച്ചാണ്. വിജയകുമാറിൻ്റെ നെഞ്ചിലും ക്ഷതമേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, കേസിൽ അന്വേഷണത്തിന് സിബിഐ സംഘം കൊലപാതകം നടന്ന വീട്ടിലെത്തി. മകൻ ഗൗതമിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. സിബിഐ ഉദ്യോഗസ്ഥർ പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. തിരുവനന്തപുരത്ത് നിന്നുള്ള സിബിഐ സംഘമാണ് വീട്ടിൽ എത്തിയത്.
പ്രതിയിലേക്ക് ഉടൻ എത്തിച്ചേരുമെന്നും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ പുറത്തു പറയാൻ പറ്റില്ല. ശാസ്ത്രീയ പരിശോധനകൾ നടക്കുന്നുണ്ട്. പ്രധാന വാതിൽ തുറന്നാണ് അകത്തു കയറിയത്. സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ജനാല തുറന്നാണ് വാതിൽ തുറന്നത്. കോടാലി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. ജോലിക്കാരിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. രാത്രിയിൽ ആണ് സംഭവം നടക്കാൻ സാധ്യത. സിസിടിവി ഡിവിആർ കാണാനില്ല. കൊലപാതകത്തിൽ പ്രൊഫഷണൽ അപ്പ്രോച്ച് കാണുന്നില്ല. നിലവിൽ കസ്റ്റഡിയിൽ ആരുമില്ല. പ്രതിയെ ഉടൻ പിടികൂടുമെന്നും കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് രാവിലെയാണ് കോട്ടയം തിരുവാതുക്കലില്‍ വ്യവസായിയായ വിജയകുമാറിനേയും ഭാര്യ മീരയേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹം ആദ്യം കാണുന്നത്. പിന്നീട് നാട്ടുകാരേയും പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ മകന്‍ ഗൗതം വിജയകുമാറിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടക്കുന്നതിനിടയിലാണ് ദുരൂഹമായ കൊലപാതകം.
രാവിലെ ജോലിക്കെത്തിയപ്പോള്‍ ഫോണ്‍ വിളിച്ചിട്ട് എടുത്തില്ലെന്നാണ് വീട്ടിലെ ജോലിക്കാരി പറയുന്നത്. തുടര്‍ന്ന് വാച്ച്മാനെ വിളിച്ചാണ് ഗേറ്റ് തുറന്നത്. അടുക്കള വാതില്‍ പൂട്ടിയിരിക്കുകയായിരുന്നു. മുന്‍വശത്തെ വാതിലിലൂടെ അകത്തു കടന്നപ്പോഴാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടത്. ഈ വീട്ടില്‍ നേരത്തേ ജോലി ചെയ്തിരുന്ന അസം സ്വദേശിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.