എറണാകുളം നോർത്ത് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്
ബംഗാളി നടിയുടെ പരാതിയിൽ സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തു. ലൈംഗിക താൽപര്യത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചതിന് അടക്കം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെഷൻ 354, 354 ബി പ്രകാരമാണ് രഞ്ജിത്തിന് എതിരെ കേസെടുത്തിട്ടുള്ളത്. എഫ്ഐആർ രജിസ്റ്റർ ചെയ്ത നോർത്ത് പൊലീസ് കേസ്, പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും
സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നോർത്ത് പൊലീസ് കേസെടുത്തിരിക്കുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ശ്യാം സുന്ദർ പറഞ്ഞു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നോർത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദേശ പ്രകാരമാകും തുടർനടപടികളെന്നും കമ്മീഷണർ പറഞ്ഞു.
രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന സിനിമയുടെ ഓഡിഷനായാണ് 2009ൽ ബംഗാളി നടി കൊച്ചിയിലെത്തിയത്. സിനിമയുടെ ചർച്ചയ്ക്കായി ഫ്ലാറ്റിലേക്ക് വിളിപ്പിച്ചു. ആദ്യം കൈകളിലും പിന്നീട് ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലും ലൈംഗിക താൽപര്യത്തോടെ സ്പർശിച്ചുവെന്നാണ് പശ്ചിമ ബംഗാളി നടിയുടെ പരാതി.
രഞ്ജിത്തിൻ്റെ ഉദ്ദേശ്യം ബോധ്യമായതോടെ ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ട് താമസിക്കുന്ന ഹോട്ടലിലേക്ക് പോയി. ഇക്കാര്യം അടുത്ത ദിവസം തന്നെ തിരക്കഥാക്യത്ത് ജോഷി ജോസഫിനോട് പറഞ്ഞിരുന്നു. മടക്കയാത്രയ്ക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് തന്നിട്ടില്ലാത്തതിനാൽ ജോഷി ജോസഫിൻ്റെ സഹായം തേടിയെന്നും നടി പരാതിയിൽ പറയുന്നു.
രഞ്ജിത്ത് ചെയ്തത് ഗുരുതര കുറ്റക്യത്യം ആയിരുന്നെങ്കിലും അന്ന് കൊൽക്കത്തയിൽ ആയതിനാൽ നിയമനടപടിക്ക് സാധിച്ചില്ല. ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്ന് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ചയായതോടെ ദുരനുഭവം മാധ്യമങ്ങളിൽ വന്നു. ഇതോടെയാണ് വെളിപ്പെടുത്തൽ നൽകാൻ നടി തയ്യാറായത്.