പ്രൊപ്പൽഷൻ സംവിധാനത്തിലെ തകരാർ ഒഴിച്ചുനിർത്തിയാൽ ഉപഗ്രഹം സുരക്ഷിതമാണെന്ന് ഐഎസ്ആർഒ അറിയിച്ചു
ഐഎസ്ആർഒയുടെ നൂറാം റോക്കറ്റ് ദൗത്യമായ എൻവിഎസ്-02ന്‍റെ പ്രവർത്തനം പ്രതിസന്ധിയിൽ. ബുധനാഴ്ച ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ഗതിനിർണയ ഉപഗ്രഹത്തിന് സാങ്കേതിക തകരാർ സംഭവിച്ചതായാണ് റിപ്പോർട്ട്. വിക്ഷേപണത്തിനു ശേഷം ഭ്രമണപഥം ഉയർത്താൻ സാധിക്കുന്നില്ലെന്നാണ് വിവരം. പ്രൊപ്പൽഷൻ സംവിധാനത്തിലെ തകരാർ ഒഴിച്ചുനിർത്തിയാൽ ഉപഗ്രഹം സുരക്ഷിതമാണെന്ന് ഐഎസ്ആർഒ അറിയിച്ചു.
ഭ്രമണപഥം ഉയർത്തുന്നതിനുള്ള ത്രസ്റ്ററുകൾ പ്രവർത്തിപ്പിക്കുന്നതിന് ഓക്‌സിഡൈസറിനെ കയറ്റാനുള്ള വാൽവുകൾ തുറക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ ഉപഗ്രഹത്തെ നിയുക്ത പരിക്രമണ സ്ലോട്ടിലേക്ക് സ്ഥാപിക്കാനും ഭ്രമണപഥം ഉയർത്താനും കഴിയുന്നില്ലെന്ന് ഐഎസ്ആർഒ വെബ്‌സൈറ്റിലൂടെ പറഞ്ഞു.സാങ്കേതിക തകരാർ പരിഹരിക്കാനുള്ള മാർഗങ്ങൾ തേടുകയാണെന്ന് അധികൃതർ പറഞ്ഞു. ജിഎസ്എൽവിയുടെ പതിനേഴാം ദൗത്യമായിരുന്നു ഇത്.
യുആർ റാവു സാറ്റലൈറ്റ് സെൻ്ററിൽ നിർമ്മിച്ച ഉപഗ്രഹമാണ് എൻവിഎസ്-02. നാവിഗേഷനും റേഞ്ചിങിനുമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സ്ഥാനനിർണയ സംവിധാനമാണ് ഇന്ത്യൻ റീജണൽ നാവിഗേഷൻ സിസ്റ്റം, അഥവാ നാവിക്. സ്ഥാനനിർണയം, ഗതിനിർണയം, സമയം എന്നിവ കൃത്യതയോടെ ലഭ്യമാക്കാൻ ജിപിഎസിന് പകരം ഐഎസ്ആർഒ വികസിപ്പിച്ച ഏഴ് ഉപഗ്രഹങ്ങളുടെ ശ്രേണീ സംവിധാനമാണ് നാവിക്. എൻവിഎസ് പരമ്പരയിലെ രണ്ടാമത്തെ ഉപഗ്രഹമാണ് എന്‍വിഎസ്-02. യുആർ സാറ്റലൈറ്റ് സെൻ്റർ രൂപകൽപന ചെയ്ത് വികസിപ്പിച്ചെടുത്ത എൻവിഎസ്-02 ഉപഗ്രഹത്തിന് ഏകദേശം 2250 കിലോഗ്രാം ഭാരമുണ്ട്.
ഇന്ത്യയുടെ നാവിഗേഷൻ സേവനങ്ങളിൽ സ്വാശ്രയത്വത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവെയ്പ്പ് കൂടിയാണ് നാവിക് ഉപഗ്രഹ സംവിധാനം. ഇന്ത്യ മുഴുവനായും രാജ്യാതിര്‍ത്തിക്ക് പുറത്ത് 1500 കിലോമീറ്റര്‍ പരിധിയും നാവികിന് ഉണ്ടാകുമെന്നാണ് ഐഎസ്ആർഒ വ്യക്തമാക്കുന്നത്. സൈനിക ആവശ്യങ്ങള്‍ക്ക് പുറമെ രാജ്യത്തെ മത്സ്യബന്ധന ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കും ഇതിനകം നാവിക് ലഭ്യമാണ്.