മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം-സിപിഐ തർക്കമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു
ബിനോയ് വിശ്വം
ലൈംഗികാരോപണം നേരിടുന്ന മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കുന്നതുമായി ബന്ധപ്പെട്ട് എൽഡിഎഫിനുളളിൽ തർക്കമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആനി രാജ പാർട്ടിയുടെ ദേശീയ സെക്രട്ടറിയേറ്റ് അംഗമാണ്. കേരളത്തിലെ കാര്യങ്ങൾ പറയേണ്ടത് പാർട്ടിയും സിപിഐ സംസ്ഥാന സെക്രട്ടറിയുമാണ്. ഇവിടുത്തെ കാര്യങ്ങൾ പറയാൻ പാർട്ടിക്ക് ഇവിടെ നേതൃത്വമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
മുകേഷ് രാജിവെക്കണമെന്ന ആവശ്യം ആനിരാജ പരസ്യമായി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പാർട്ടിക്കുള്ളിൽ ഭിന്നാഭിപ്രായം ഉണ്ടായിട്ടും മുകേഷിനെതിരെ നടപടി സ്വീകരിക്കാൻ സിപിഎം തയാറാകുന്നില്ലെന്ന വിമർശനവും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടിക്കുള്ളിൽ സിപിഎം-സിപിഐ തർക്കമില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കിയത്.
നേരത്തെ ധാർമികത മുൻനിർത്തി മുകേഷ് രാജിവെക്കണമെന്നാണ് സിപിഐ നിലപാടെന്ന് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നടക്കുന്നതിനു മുമ്പായാണ് സിപിഐ നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചത്. ഇന്നു ചേരുന്ന യോഗത്തിൽ മുകേഷ് രാജി വെക്കുമോ എന്നതിൽ തീരുമാനമാകും. പ്രതിപക്ഷ പാർട്ടികളടക്കം മുകേഷ് രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കിയ സാഹചര്യത്തിലും സിപിഎം നിലപാട് നിർണായകമാണ്.
ഇടതുസർക്കാർ സ്ത്രീകൾക്കൊപ്പമാണെന്നും ആരോപണം നേരിടുന്ന എംഎൽഎമാർ കോൺഗ്രസിലുണ്ടെന്നും ബിനോയ് വിശ്വം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുകേഷിൻ്റെ വിഷയത്തിൽ കാത്തിരിക്കാം, തിടുക്കം കൂട്ടേണ്ട എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇതിനെതിരെയാണ് ആനിരാജ രംഗത്തെത്തിയത്. പാർട്ടി നിലപാട് ശരിയല്ലെന്ന് ആനിരാജ വിമർശിച്ചിരുന്നു.
READ MORE: മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കുമോ? നിർണായക സിപിഎം യോഗം ഇന്ന്