ആശവർക്കർമാരുടെ പ്രശ്നം അവസാനിപ്പിക്കണമെന്ന് സർക്കാർ മാത്രം വിചാരിച്ചാൽ പോരെന്നും മന്ത്രി
ആശ പ്രവർത്തകർക്ക് തദ്ദേശ സ്ഥാപനങ്ങൾ പ്രഖ്യാപിച്ച ധനസഹായത്തിൽ പ്രതികരണവുമായി മന്ത്രി എം.ബി.രാജേഷ്. പദ്ധതിയിൽ ഉൾപ്പെടുത്തിയ തനതു ഫണ്ട് മാത്രമേ സർക്കാർ അനുമതിയില്ലാതെ ഉപയോഗിക്കാൻ കഴിയൂ. ആവർത്തനസ്വഭാവമുള്ള ഫണ്ട് അംഗീകരിക്കാൻ കഴിയില്ല. തദ്ദേശ സ്ഥാപനങ്ങളുടെ പ്രഖ്യാപനം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും മന്ത്രി പറഞ്ഞു.
ആശവർക്കർമാരുടെ പ്രശ്നം അവസാനിപ്പിക്കണമെന്ന് സർക്കാർ മാത്രം വിചാരിച്ചാൽ പോരെന്നും മന്ത്രി പറഞ്ഞു. സമരത്തിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ആശമാരെ ഇതിനായി കരുവാക്കുകയാണ്. മദ്യനിർമാണ കമ്പനിയായ മലബാർ ഡിസ്റ്റിലറി വളരെ വേഗത്തിൽ പൂർത്തിയാക്കുമെന്നും എം.ബി. രാജേഷ്. ഇതിനായി വാട്ടർ അതോറിറ്റിയിൽ നിന്ന് വെള്ളം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: എമ്പുരാൻ 'ഡിലീറ്റഡ് സീൻ' എന്ന വ്യാജേന സമൂഹമാധ്യമങ്ങളിൽ വർഗീയ പ്രചാരണം
അതേസമയം, എന്തിൻ്റെ പേരിലാണ് സംഘപരിവാർ എമ്പുരാനെ എതിർക്കുന്നതെന്ന് മന്ത്രി എം.ബി. രാജേഷ്. ഹിന്ദുവിരുദ്ധമാണ് സിനിമ എന്ന് പ്രചരിപ്പിക്കുകയാണ്. ബുദ്ധിശൂന്യതയാണ് സിനിമയെ എതിർക്കാൻ കാരണം. നേരിയ വിമർശനം പോലും അനുവദിക്കില്ലെന്ന നിലപാടാണ് അവർക്കുള്ളത്. സിനിമയിൽ വെട്ടി മാറ്റേണ്ട ഒന്നുമില്ലെന്നും എം.ബി. രാജേഷ് പറഞ്ഞു.
എമ്പുരാൻ സിനിമ വിവാദത്തിൽ സിപിഎം നേതാവ് ഇ.പി. ജയരാജനും പ്രതികരിച്ചു. കലാകാരൻമാരെ ജീവിക്കാൻ അനുവദിക്കുന്നില്ല. കലാസൃഷ്ടി നടത്താൻ അനുവദിക്കുന്നില്ല. അവർക്കെതിരെ വലിയ ഭീഷണി ഉണ്ടാകുന്നുവെന്നും ഇ.പി. ജയരാജൻ പറഞ്ഞു.