ശോഭ സുരേന്ദ്രനും സന്ദീപ് വാര്യരും ഉയർത്തുന്ന വിമത സ്വരവും പൂരം കലക്കൽ വിവാദവുമെല്ലാമായി തെരഞ്ഞെടുപ്പ് അടുക്കും തോറും ഒന്നിനു പിറകേ ഒന്നായി കൂടുതൽ പ്രതിരോധത്തിലാവുകയാണ് ബിജെപി
ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഒന്നിന് പിറകെ ഒന്നായി വിവാദങ്ങളിൽ അകപ്പെടുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. കൊടകര കുഴൽപ്പണ കേസിൽ മുൻ ഓഫീസ് സെക്രട്ടറിയുടെ ആരോപണത്തെ തുടർന്നാണ് പുതിയ പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഇതേതുടർന്ന് സംസ്ഥാന പ്രസിഡൻ്റ് അടക്കമുള്ള നേതാക്കൾ സംശയത്തിൻ്റെ നിഴലിലാണ്.
തൊട്ടു പിന്നാലെ സന്ദീപ് വാര്യർ ഉയർത്തുന്ന വിമത സ്വരവും തൃശൂർ പൂരത്തിന് സുരേഷ് ഗോപി ആംബുലൻസിൽ എത്തിയെന്ന വിവാദവും, അദ്ദേഹത്തിന്‍റെ ഒറ്റ തന്ത പരാമർശവുമെല്ലാമായി തെരഞ്ഞെടുപ്പ് അടുക്കും തോറും ഒന്നിനു പിറകേ ഒന്നായി കൂടുതൽ പ്രതിരോധത്തിലാവുകയാണ് ബിജെപി.
ചാക്കുകെട്ടിലാക്കിയാണ് തൃശൂര്‍ ജില്ലാ ഓഫീസിലേക്ക് പണം എത്തിച്ചതെന്നും അത് തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിച്ചതെന്നും ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശ് വെളിപ്പെടുത്തിയിരുന്നു. പണം എത്തിക്കുന്ന സമയത്ത് ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉണ്ടായിരുന്നുവെന്നും സതീശന്‍ പറഞ്ഞു.
ALSO READ: തിരൂര്‍ സതീശിന്റെ വീട്ടില്‍ പോയിട്ടില്ലെന്ന ശോഭ സുരേന്ദ്രന്റെ വാദം പൊളിയുന്നു; ഫോട്ടോ പുറത്ത്
കൊടകര കുഴല്‍പ്പണക്കേസിൽ ബിജെപി നേതാവിൻ്റെ വെളിപ്പെടുത്തൽ പാർട്ടിയിലെ രണ്ട് ചേരിയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. കുഴൽപ്പണ മാഫിയയുടെ ഭാഗമായി പണം കടത്തിയെന്നതും പാർട്ടി ഫണ്ട് തട്ടിയെടുത്തുവെന്നതും കെ. സുരേന്ദ്രൻ്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക ചേരിയെ പ്രതിരോധനത്തിലാക്കിയിട്ടുണ്ട്.
സമ്മർദങ്ങൾക്ക് വഴങ്ങി ശോഭ സുരേന്ദ്രൻ പാലക്കാട് പ്രചാരണത്തിനെത്തിയെങ്കിലും ശോഭ അനുകൂലികളുടെ വോട്ട് പെട്ടിയിൽ വീഴുമോ എന്ന ആശങ്ക ബിജെപിക്കുണ്ട്. തൃശൂർ പൂരം കലക്കലും , ആംബുലൻസ് വിവാദങ്ങളും ബി ജെ പിക്കെതിരെ പ്രചാരണ ആയുധമാക്കുന്നതിൽ എൽഡിഎഫും യുഡിഎഫും വിജയം കണ്ടു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിൻ്റെ ഇരകൾക്ക് കേന്ദ്രസഹായം ലഭ്യമാകാത്തതും ബിജെപിയെ ദോഷകരമായി ബാധിച്ചേക്കുമെന്ന വിലയിരുത്തലുണ്ട്.
ALSO READ: തിരൂർ സതീശ് സിപിഎമ്മിൻ്റെ ടൂൾ; ആരോപണത്തിന് പിന്നിൽ എകെജി സെൻ്ററെന്ന് ശോഭ സുരേന്ദ്രൻ
കൊടകര കുഴൽപ്പണക്കേസിൽ ഇനിയും ഒരുപാട് കാര്യങ്ങൾ പറയേണ്ടി വരുമെന്ന പ്രതികരണവുമായി തിരൂർ സതീശ് വീണ്ടും രംഗത്തെത്തിയിരുന്നു. കുഴൽപ്പണത്തിൽ നിന്ന് ഒരു കോടി രൂപ കെ. സുരേന്ദ്രൻ എടുത്തതായി ധർമ്മരാജൻ പറഞ്ഞിരുന്നെന്നായിരുന്നു തിരൂർ സതീശ് ഉയർത്തിയ പുതിയ ആരോപണം.
എന്നാൽ പാർട്ടി ഓഫീസിൽ പണം വന്നു എന്ന കാര്യത്തിന് നേതാക്കൾ ഇതുവരെയും മറുപടി പറഞ്ഞിട്ടില്ല. താൻ കൂടുതൽ കാര്യങ്ങൾ വിശദീകരിച്ചാൽ നേതാക്കൾ ഇനിയും ഒരുപാട് നുണ പറയേണ്ടിവരുമെന്നും സതീശ് പറഞ്ഞു. ആർഎസ്എസുകാരനായതിനാൽ പാർട്ടിയിൽ നടക്കുന്ന തെറ്റുകളുടെ കൂടെ നിൽക്കാനാകില്ലെന്നും സതീശ് വ്യക്തമാക്കി.
കുഴൽപ്പണ കേസിനെ കുറിച്ച് ശോഭ സുരേന്ദ്രനോട് പറഞ്ഞിരുന്നുവെന്നും സതീശ് പറഞ്ഞു. നവംബർ, ഡിസംബർ മാസത്തിനു മുൻപ് ഇത് തുറന്നു പറയുകയാണെങ്കിൽ നല്ലതായിരിക്കും എന്നായിരുന്നു അവരുടെ മറുപടി. ആ സമയം ബിജെപിയുടെ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. അങ്ങനെയെങ്കിൽ തനിക്ക് സംസ്ഥാന പ്രസിഡൻറ് പദവിയോ മറ്റോ കിട്ടിയാലോ എന്നായിരുന്നു ശോഭയുടെ മറുപടിയെന്നും തിരൂർ സതീശ് പറഞ്ഞു.
ശോഭ സുരേന്ദ്രനോട് മാത്രമല്ല പാർട്ടിയിലെ മറ്റ് സംസ്ഥാന നേതാക്കളോടും കുഴൽ പണത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ മുൻപേ ചെയ്യാൻ ശോഭ പറഞ്ഞിരുന്നു. പാർട്ടിയെ എതിർത്തല്ല സംസാരിക്കുന്നത്, നേതാക്കളുടെ അനധികൃത ഇടപാടുകളെ കുറിച്ചാണ് സത്യങ്ങൾ എപ്പോഴെങ്കിലും പുറത്തുവരും. തനിക്ക് കാര്യങ്ങൾ തുറന്നു പറയുന്നതിൽ ഭയമില്ലെന്നും തിരൂർ സതീശ് വ്യക്തമാക്കിയിരുന്നു.
തിരൂർ സതീശിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. കൊടകര കുഴൽപണക്കേസിൽ ബിജെപിക്കെതിരായ ആരോപണങ്ങളുടെ കഥയും തിരക്കഥയും സംഭാഷണവും എകെജി സെൻ്റർ വകയാണെന്നും തിരൂർ സതീശ് സിപിഎമ്മിൻ്റെ ടൂളാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. പാർട്ടിയെ തകർക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരം ആരോപണം നടത്തുന്നതെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
സതീശിനെ ഉപയോഗിച്ച് തൻ്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. പ്രസിഡന്റ് ആകാൻ തനിക്ക് അയോഗ്യതയില്ലെന്നും എന്താണ് അയോഗ്യതയെന്നും ശോഭ ചോദിച്ചു. താൻ നൂലിലിൽ കെട്ടി ഇറങ്ങി വന്ന ആളല്ലെന്നും, തനിക്ക് ഗോഡ് ഫാദർമാരില്ലെന്നും അവർ പറഞ്ഞു. സതീശിനെ കൊണ്ട് സുരേന്ദ്രനെതിരെ പറയിച്ച് തനിക്ക് പ്രസിഡൻ്റ് ആവേണ്ട കാര്യമില്ലെന്നും ശോഭ വ്യക്തമാക്കി.
കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് സിപിഎം രംഗത്തെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തേണ്ടത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ്. പക്ഷേ കേസിൽ അന്വേഷണം നടത്താതെ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുകയാണ് ഇഡി. കള്ളപ്പണം ഒഴുക്കി തെരഞ്ഞെടുപ്പിന് നേരിടുക എന്നതാണ് നേതൃത്വം സ്വീകരിച്ചു കൊണ്ടിരിക്കുന്ന രീതി. ഇഡി അന്വേഷിക്കുന്നത് പ്രതിപക്ഷത്തിനെതിരായ ആരോപണങ്ങൾ മാത്രമാണ്. ബിജെപി എന്ത് കൊള്ള നടത്തിയാലും കുഴപ്പമില്ല എന്നതാണ് ഇഡി നിലപാട്. ബിജെപി എന്താഗ്രഹിക്കുന്നോ അതാണ് ഇഡി ചെയ്യുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യരുമായുള്ള പിണക്കവും തെരഞ്ഞടുപ്പ് ഘട്ടത്തിലാണ് ഏറെ രൂക്ഷമായത്. പാലക്കാട് നടന്ന തെരഞ്ഞടുപ്പ് കൺവെൻഷൻ വേദിയിൽ സീറ്റ് നൽകാത്തതിനാൽ വേദി വിട്ട് ഇറങ്ങിയിരുന്നു. കൂടാതെ പാലക്കാട് തെരഞ്ഞെടുപ്പ് ചുമതലയിൽ നിന്നും ഒഴിയുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിക്കുന്ന ഈ അവസാന വേളയിൽ ബിജെപിയെ പ്രതിരോധത്തിലാക്കുകയാണ് ഇത്തരം ആരോപണങ്ങളെന്ന് നിസംശയം പറഞ്ഞുവെക്കാവുന്നതാണ്.
പാലക്കാട് സീറ്റ് ലഭിക്കാത്തതിൻ്റെ പേരിൽ ഇടഞ്ഞ് നിൽക്കുന്ന ശോഭ സുരേന്ദ്രൻ വിഭാഗത്തിൻ്റെ വോട്ടുകൾ ബിജെപിക്ക് നഷ്ടമാകുമെന്ന ആശങ്ക നില നിൽക്കുന്ന സമയത്ത് തന്നെയാണ് സന്ദീപ് വാര്യർ അടുത്ത വെല്ലുവിളി ഉയർത്തിയത്. ഇതോടെ ബിജെപിയിലെ വിഭാഗീയ പ്രവർത്തനങ്ങൾ പാർട്ടിക്ക് തിരിച്ചടിയുണ്ടാക്കുന്ന തലത്തിലേക്ക് വളർന്ന് കഴിഞ്ഞു.
സന്ദീപ് വാര്യരെ അനുനയിപ്പിക്കാനുള്ള ഒരു നീക്കവും ഇതുവരെ ബിജെപിക്ക് കാര്യക്ഷമമായി നടത്താൻ കഴിഞ്ഞിട്ടില്ല. പാലക്കാട് ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറുമായും സന്ദീപ് വാര്യര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ട്. അതേസമയം സന്ദീപ് സിപിഎമ്മിലേക്ക് പോവുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. സന്ദീപ് വാര്യര്‍ നല്ല നേതാവാണെന്ന് എ.കെ. ബാലന്‍ അഭിപ്രായപ്പെട്ടിരുന്നു. അത്തരം ഒരു അഭിപ്രായതം അദ്ദേഹം പറഞ്ഞതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ സന്ദീപ് വാര്യര്‍ സിപിഎമ്മിലേക്കില്ലെന്ന് ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല.
താന്‍ ഒന്നും പ്രതികരിക്കാനില്ല. എല്ലാം പറയേണ്ടവര്‍ പറയും എന്നാണ് പറഞ്ഞത്. സന്ദീപ് വാര്യര്‍ സിപിഎമ്മിലേക്ക് തന്നെയെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അനുമാനമുണ്ട്. പാര്‍ട്ടിയില്‍ നിന്ന് ആത്മാഭിമാനത്തിന് മുറിവേറ്റുവെന്നും അതൃപ്തനാണെന്നും സന്ദീപ് വാര്യര്‍ ഇന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നുണ്ട്. പാലക്കാട്ടെ കണ്‍വെന്‍ഷനില്‍ അപമാനിക്കപ്പെട്ടുവെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. സന്ദീപ് വാര്യർ സിപിഎമ്മുമായി അടുത്താൽ ബിജെപിക്ക് അത് വലിയ തിരിച്ചടിയായി മാറും.