കേരളം അഴിമതിയുടെ നാടായി മാറിയെന്ന് നദ്ദ കുറ്റപ്പെടുത്തി
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ജെ.പി. നദ്ദ. ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തിനാണ് ഇത്രയും വൈകിപ്പിച്ചതെന്നും കേരള സർക്കാരിന് എന്തോ മറയ്ക്കാൻ ഉണ്ടായിരുന്നെന്നും മന്ത്രി ആരോപിച്ചു. സംസ്ഥാന സർക്കാരിലുള്ള പലരും റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ കാര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കണം. കോൺഗ്രസ് നേതാക്കളും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും നദ്ദ ആരോപിച്ചു. പാലക്കാട് ബിജെപി പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ALSO READ: മാമി എവിടെ..? എഡിജിപിക്കെതിരെ മാമിയുടെ കുടുംബം
കേരളം അഴിമതിയുടെ നാടായി മാറിയെന്ന് നദ്ദ കുറ്റപ്പെടുത്തി. കരുവന്നൂർ ബാങ്ക് തട്ടിപ്പാണ് അതിന് ഉദാഹരണം. മുഖ്യമന്ത്രിയുടെ ഓഫീസ് പോലും അഴിമതിയിൽ നിന്ന് മുക്തമല്ല. മുഖ്യമന്ത്രിയുടെയും സർക്കാരിൻ്റെയും വീഴ്ചയാണ് വയനാട് ദുരന്തത്തിന് കാരണമെന്നും മന്ത്രി ആരോപിച്ചു. സംസ്ഥാന സർക്കാർ കൃത്യസമയത്ത് ഉണർന്ന് പ്രവർത്തിച്ചില്ലെന്നും ഇതാണ് ദുരന്തമുണ്ടാകാൻ കാരണമെന്നുമായിരുന്നു നദ്ദയുടെ പക്ഷം.
ഇടത്-വലത് മുന്നണികൾ ഒരു നാണയത്തിൻ്റെ ഇരുവശങ്ങളാണെന്നും, ഇവർ ചേർന്ന് കേരളത്തിന്റെ സംസ്‍കാരം നശിപ്പിച്ചെന്നും നേതാവ് ആരോപിച്ചു. "എന്നാൽ കേരളത്തിൽ ബിജെപി കേരളത്തിൽ വളരുകയാണ്. 2014 നു ശേഷം സംസ്ഥാനത്തിൻ്റെ രാഷ്ട്രീയ സംസ്‍കാരം തന്നെ മാറി. കോൺഗ്രസും സിപിഎമ്മും വോട്ട് ബാങ്കിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. രാജ്യത്ത് ബിജെപി അഴിമതി രഹിത ഭരണം നടപ്പിലാക്കി. ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ വളരും," നദ്ദ പറഞ്ഞു.