fbwpx
കണ്ണഗി-മുരുഗേശന്‍ കൊലപാതകം; തമിഴ്‌നാട്ടിലെ ആദ്യ ദുരഭിമാനക്കൊലയില്‍ പ്രതികളുടെ ശിക്ഷ ശരിവെച്ച് സുപ്രീം കോടതി
logo

ന്യൂസ് ഡെസ്ക്

Last Updated : 28 Apr, 2025 01:33 PM

നൂറ് കണക്കിന് ആളുകള്‍ക്ക് മുന്നില്‍ വെച്ച് കണ്ണഗിയേയും മുരുഗേശനേയും നിര്‍ബന്ധിച്ച് വിഷം കുടിപ്പിച്ച് കൊല്ലുകയായിരുന്നു

NATIONAL


തമിഴ്‌നാട്ടിലെ 'കണ്ണഗി-മുരുഗേശന്‍' ദുരഭിമാനക്കൊലക്കേസിലെ പ്രതികളുടെ ശിക്ഷ സുപ്രീം കോടതി ശരിവച്ചു. ജീവപര്യന്തം തടവ് ശരിവച്ച മദ്രാസ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച അപ്പീലുകള്‍ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജസ്റ്റിസ് പി.കെ. മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

വ്യത്യസ്ത വിഭാഗത്തില്‍പെട്ട എസ്. മുരുകേശന്‍, ഡി. കണ്ണഗി എന്നിവരെ കുടുംബാംഗങ്ങള്‍ വിഷം നല്‍കി കൊന്നുവെന്നാണ് കേസ്. ദളിത് വിഭാഗത്തില്‍ പെട്ട മുരുകേശനും വണ്ണിയാര്‍ വിഭാഗത്തില്‍പെട്ട കണ്ണഗിയും പ്രണയിച്ച് വിവാഹം ചെയ്തതിനാണ് കണ്ണഗിയുടെ ബന്ധുക്കള്‍ ദമ്പതികളെ കൊലപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ ആദ്യ ദുരഭിമാനക്കൊലയാണ് ഇത്.

2021 ല്‍ വിചാരണക്കോടതി കണ്ണഗിയുടെ സഹോദരന്‍ മരുതുപാണ്ടിക്ക് വധശിക്ഷയും പിതാവടക്കം പന്ത്രണ്ട് പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു. 2022 ല്‍ മദ്രാസ് ഹൈക്കോടതി മരുതുപാണ്ടിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുകയും മറ്റ് 9 പ്രതികളുടെ ശിക്ഷ ശരിവെക്കുകയും ചെയ്തു. രണ്ട് പ്രതികളെ വെറുതെവിട്ടു. ഇതിനെ ചോദ്യം ചെയ്താണ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.



ALSO READ: "ഇന്ത്യാ വിരുദ്ധ പ്രചരണം"; 16 പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ക്ക് രാജ്യത്ത് നിരോധനം; ബിബിസിക്കും മുന്നറിയിപ്പ്


തമിഴ്‌നാട്ടിലെ ആദ്യ ദുരഭിമാനക്കൊല

കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദധാരിയായിരുന്നു ഇരുപത്തിയഞ്ചുകാരനായ മുരുഗേശന്‍. അണ്ണാമലൈ സര്‍വകലാശാലയില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും. കൊമേഴ്‌സ് ബിരുദ വിദ്യാര്‍ഥിനിയായിരുന്നു കണ്ണഗി. 2003 മെയ് 5 നാണ് വണ്ണിയാര്‍ വിഭാഗത്തില്‍പെട്ട കണ്ണഗിയും ദളിത് വിഭാഗത്തില്‍പെട്ട മുരുഗേശനും രഹസ്യമായി വിവാഹം ചെയ്തത്. വിവാഹത്തെ കുറിച്ച് അറിഞ്ഞ കണ്ണഗിയുടെ ബന്ധുക്കള്‍ ദമ്പതികള്‍ക്ക് വിഷം നല്‍കി കൊല്ലുകയും മൃതദേഹങ്ങള്‍ കത്തിക്കുകയുമായിരുന്നു.



ക്രൂരമായ കൊലപാതകം



വീട്ടുകാര്‍ വിവാഹത്തിന് എതിരു നില്‍ക്കുമെന്നതിനാലാണ് കണ്ണഗിയും മുരുഗേശനും രഹസ്യമായി വിവാഹം ചെയ്തത്. 2003 ല്‍ അന്നത്തെ വില്ലുപുരം ജില്ലയിലെ മുങ്കില്‍തുറൈപ്പാട്ടിലുള്ള ബന്ധുവിന്റെ വീട്ടില്‍ കണ്ണഗിയെ താമസിപ്പിച്ച മുരുഗേശന്‍ കൂഡല്ലൂരിലുള്ള മറ്റൊരു ബന്ധുവീട്ടിലും രഹസ്യമായി താമസിച്ചു.



ദളിത് വിഭാഗത്തില്‍പെട്ടയാളെ മകള്‍ രഹസ്യമായി വിവാഹം ചെയ്ത വിവരം അറിഞ്ഞ കണ്ണഗിയുടെ പിതാവ് ഇരുവരേയും കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചു. ഈ സമയം സ്ഥലത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഇയാള്‍. 2003 ജുലൈ എട്ടിന് കണ്ണഗിയുടെ ബന്ധുക്കള്‍ ഇരുവരേയും കണ്ടെത്തുകയും സ്വദേശമായ കുപ്പനത്ത് എത്തിക്കുകയും ചെയ്തു.


ALSO READ: 'തിരിച്ചു ചെന്നാൽ പാകിസ്ഥാനിൽ എനിക്കാരുമില്ല, 35 വർഷമായി ഇന്ത്യയിൽ', കുടുംബത്തിൽ നിന്ന് പിരിക്കരുതെന്ന് അപേക്ഷിച്ച് ശാരദ ഭായ്


നൂറ് കണക്കിന് ആളുകള്‍ക്ക് മുന്നില്‍ വെച്ച് കണ്ണഗിയേയും മുരുഗേശനേയും നിര്‍ബന്ധിച്ച് വിഷം കുടിപ്പിച്ച് കൊല്ലുകയായിരുന്നു. ഇതിനു ശേഷം മൃതദേഹം വെവ്വേറെ സംസ്‌കരിച്ചു. ക്രൂരമായ കൊലപാതകത്തില്‍ കണ്ണഗിയുടെ സഹോദരന്‍ മരുതുപാണ്ടിയും പിതാവുമാണ് മുഖ്യപ്രതികള്‍.


ലോക്കല്‍ പൊലീസില്‍ നിന്നും അന്വേഷണം പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. ലോക്കല്‍ പൊലീസ് അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നുവെന്ന് കാട്ടി മുരുഗേശന്റെ പിതാവാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. 2004 ലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. 2009 ല്‍ കണ്ണഗിയുടെ പിതാവ്, സഹോദരന്മാര്‍, മുരുഗേശന്റെ രണ്ട് ബന്ധുക്കള്‍ എന്നിവരടക്കം 15 പേരെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചു. ആദ്യം കേസ് അന്വേഷിച്ച മുന്‍ ഡിഎസ്പി ചെല്ലമുത്തുവും ഇന്‍സ്‌പെക്ടര്‍ തമിള്‍മാരനും പ്രതികളായിരുന്നു.

വിചാരണക്കാലയളവില്‍ മുരുഗേശന്റെ ബന്ധുക്കളായ എസ്. അയ്യസാമി, പി. ഗുണശേഖരന്‍ എന്നിവരെ കോടതി വെറുതെവിട്ടു. ഇരുവരേയും കണ്ണഗിയുടെ വീട്ടുകാര്‍ നിര്‍ബന്ധിച്ച് കൊണ്ടുവന്നതാണെന്നും കൊലപാതകത്തില്‍ പങ്കില്ലെന്നും കണ്ടെത്തിയായിരുന്നു വെറുതേവിട്ടത്. ബാക്കി പതിമൂന്ന് പേരെ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. മുന്‍ ഡിഎസ്പി ചെല്ലമുത്തു, ഇന്‍സ്‌പെക്ടര്‍ തമിഴ്മാരന്‍ എന്നിവര്‍ക്ക് 1.15 ലക്ഷം രൂപ പിഴയും മുരുഗേശന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.

മനുഷ്യ സമൂഹത്തിന് മേല്‍ പതിഞ്ഞ കറുത്തപാടാണ് ജാതിയുമായി ബന്ധപ്പെട്ട കൊലപാതകങ്ങള്‍ എന്നായിരുന്നു വിധി പുറപ്പെടുവിച്ചു കൊണ്ട് വിചാരണക്കോടതി പറഞ്ഞത്. കണ്ണഗിയുടെയും മുരുഗേശന്റേയും മരണം തമിഴ്‌നാട്ടിലെ അവസാനത്തെ ജാതിക്കൊലയായിരിക്കണമെന്നും അന്ന് കോടതി പറഞ്ഞിരുന്നു.

KERALA
കൊല്ലം സ്വദേശിക്ക് പൊലീസ് സ്റ്റേഷനിൽ മർദനം; ചോറ്റാനിക്കര സി.ഐ.മനോജിനെതിരെ അന്വേഷണം, നടപടി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ
Also Read
user
Share This

Popular

KERALA
KERALA
ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് കണ്ടെത്തി; റാപ്പർ വേടൻ അറസ്റ്റിൽ