മാര്‍ച്ച് 29നായിരുന്നു പെണ്‍കുട്ടിക്ക് തെരുവുനായ ആക്രമണം ഉണ്ടായത്. തലയ്ക്കും കാലിനുമാണ് ഗുരുതരമായി പരിക്കേറ്റത്.
മലപ്പുറം പെരുവള്ളൂരില്‍ തെരുവുനായയുടെ കടിയേറ്റ അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്‌സിന്‍ എടുത്ത ശേഷവും പേവിഷബാധ. കുട്ടി ഗുരുതരാസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് മൂന്ന് ഡോസ് എടുത്തശേഷമാണ് പേ വിഷബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മാര്‍ച്ച് 29നാണ് അഞ്ചര വയസ്സുകാരി അടക്കം 7 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റത്.
വൈകിട്ട് നാലുമണിയോടെയാണ് പെരുവള്ളൂര്‍ കാക്കത്തടം സ്വദേശി സല്‍മാന്‍ ഫാരിസിന്റെ മകള്‍ സിയയെ തെരുവുനായ ആക്രമിച്ചത്. കുട്ടി വീടിനടുത്തുള്ള കടയില്‍ പോയി മടങ്ങി വരുന്നതിനിടയിലായിരുന്നു നായയുടെ ആക്രമണം.
ALSO READ: വന്യജീവി ആക്രമണം: സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടും നഷ്ടപരിഹാര തുക ഉയർത്താതെ സംസ്ഥാന സർക്കാർ
തലയ്ക്കും കാലിനുമാണ് ഗുരുതരമായി പരിക്കേറ്റത്. അന്ന് തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് ആദ്യ പ്രതിരോധ വാക്‌സിനെടുത്തു. വീട്ടിലെത്തിയതിന് പിന്നാലെ മുറിവുകള്‍ പെട്ടെന്ന് ഭേദമായെന്നും പിന്നീട് പനി തുടങ്ങുകയായിരുന്നുവെന്നും കുഞ്ഞിന്റെ അച്ഛന്‍ ഫാരിസ് പറഞ്ഞു.
മൂന്ന് ഡോസ് ഐഡിആര്‍വി വാക്‌സിന്‍ കുട്ടിക്ക് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായാണ് കുട്ടിക്ക് കടുത്ത പനി അനുഭവപ്പെട്ടത്. തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. പിന്നാലെ പേ വിഷബാധ സ്ഥിരീകരിച്ചു. ഇതോടെ ആശങ്കയില്‍ ആയിരിക്കുകയാണ് പ്രദേശവാസികള്‍.
നായയുടെ കടിയേറ്റ മറ്റുള്ളവരുടെ രക്ത സാമ്പിള്‍ കൂടി പരിശോധിക്കണമെന്ന ആവശ്യമുണ്ട്. കൂടാതെ പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും എന്തുകൊണ്ട് പേ വിഷബാധ വന്നു എന്നതില്‍ ഔദ്യോഗിക വിശദീകരണവും വന്നിട്ടില്ല.