പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ആണ് തീരുമാനം
ഭൂപേന്ദ്ര ചൗധരി
ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ഉത്തർപ്രദേശിൽ സംഘടനാ പുനരുജ്ജീവനത്തിന് തയ്യാറെടുത്ത് ബിജെപി. തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ മോശം പ്രകടനത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരി രാജി സമർപ്പിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ആണ് തീരുമാനം.
ഭൂപേന്ദ്ര ചൗധരിയുമായി പ്രധാന സംഘടനാ വിഷയങ്ങൾ പ്രധാനമന്ത്രി ചർച്ച ചെയ്തതായാണ് സൂചന. അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തർപ്രദേശിലെ പ്രധാന ബിജെപി നേതാക്കൾ രാജ്യതലസ്ഥാനത്ത് പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. നേരത്തെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ നിന്ന് കരകയറാനും 2027 ലെ സംസ്ഥാന തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാനുമാണ് നിലവിലെ അഴിച്ചുപണി. കൂടാതെ അടുത്ത സംസ്ഥാന അധ്യക്ഷനായി ഒരു പിന്നാക്ക വിഭാഗത്തിൽ നന്നുള്ള നേതാവിനെ തെരഞ്ഞെടുക്കാനും ബിജെപി നേതൃത്വം തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തിന്റെ ജനസംഖ്യയിൽ പിന്നാക്ക വിഭാഗങ്ങൾ കൂടുതലുണ്ടെന്ന് കാട്ടിയാണ് തീരുമാനം.