പാർട്ടിയുടെ നിലപാട് പറയേണ്ടത് അധ്യക്ഷനാണെന്നും സുരേഷ് ഗോപി പറയുന്നതല്ല പാർട്ടി നിലപാടെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
സിനിമമേഖലയിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട സുരേഷ് ഗോപിയുടെ നിലപാട് തള്ളി ബിജെപി സംസ്ഥാന നേതൃത്വം. മുകേഷിൻ്റെ കാര്യം കോടതി നോക്കിക്കോളുമെന്നും വിവാദങ്ങൾ മാധ്യമങ്ങൾക്കുള്ള തീറ്റയാണെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. എന്നാൽ മുകേഷിൻ്റെ രാജി തന്നെയാണ് പാർട്ടിയുടെ ആവശ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വ്യക്തമാക്കി. ചലച്ചിത്രനടൻ എന്നുള്ള നിലയിൽ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. പാർട്ടിയുടെ നിലപാട് പറയേണ്ടത് അധ്യക്ഷനാണെന്നും സുരേഷ് ഗോപി പറയുന്നതല്ല പാർട്ടി നിലപാടെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
കൊല്ലം എംഎൽഎ മുകേഷിനെ സംരക്ഷിക്കണമെന്ന നിലപാടാണ് സിപിഎം സംസ്ഥാന നേതൃത്വത്തിലും സർക്കാർ തലത്തിലുമുള്ളതെന്ന് സുരേന്ദ്രൻ ആരോപിച്ചു. രഞ്ജിത്തിനും സിദ്ദീഖിനും ലഭിക്കാത്ത പ്രതിരോധം മുകേഷിന് ലഭിക്കുന്നതും ഇതുകൊണ്ടാണ്. ഇത് സ്ത്രീകൾക്കെതിരായ പ്രശ്നങ്ങളിലെ സർക്കാരിൻ്റെ ആത്മാർഥതയില്ലായ്മയാണ് കാണിക്കുന്നത്. സർക്കാരിന് സ്വജനപക്ഷപാതമാണ്. അതിനാലാണ് ധിക്കാരപരമായ നിലപാട് മുകേഷിൻ്റെ ഭാഗത്ത് നിന്നുണ്ടായത്. അടിയന്തരമായി മുകേഷ് രാജിവെക്കണമെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.
സിനിമാമേഖലയിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് മുകേഷിനെ പിന്തുണച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. തമ്മിൽത്തല്ലിച്ച് ചോര കുടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സിനിമാ മേഖലയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം സുരേഷ് ഗോപിയുടെ പ്രതികരണത്തിൽ വിമർശനവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശനും രംഗത്തെത്തി. ഒരു കേന്ദ്രമന്ത്രി ഇത്തരത്തിലാണോ പ്രതികരിക്കേണ്ടതെന്നും മാധ്യമങ്ങൾ വാർത്ത കൊടുക്കേണ്ട എന്നാണോ മന്ത്രിയുടെ ഉദ്ദേശ്യമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഉന്നതമായ സ്ഥാനത്ത് ഇരിക്കുന്നവരുടെ പ്രതികരണം പൊതു സമൂഹം വിലയിരുത്തുന്നുണ്ട്. വാർത്ത പുറത്തു വിടരുതെന്ന സമീപനത്തോട് യാതൊരു യോജിപ്പുമില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.