സിപിഎം ലോക്കൽ ബ്രാഞ്ച് നേതാക്കൾ പ്രതികൾക്ക് ഒത്താശ ചെയുകയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു
മയക്കു മരുന്ന് സംഘങ്ങൾക്ക് പിന്നിൽ മതതീവ്ര സംഘടനകളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നാല് മയക്കു മരുന്ന് കേസ് പിടിച്ചാൽ രണ്ടെണ്ണം മതതീവ്ര സംഘടനയും രണ്ടെണ്ണം ഡിവൈഎഫ്ഐയും ആകും. സിപിഎം ലോക്കൽ ബ്രാഞ്ച് നേതാക്കൾ പ്രതികൾക്ക് ഒത്താശ ചെയുകയാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
വെഞ്ഞാറമൂട് കൊലപാതക കേസ് പ്രതി പരിശീലനം കിട്ടിയ ആളാണ്. പോപുലർ ഫ്രണ്ടിനെ നിരോധിച്ചെങ്കിലും അവരുടെ സ്ലീപ്പിങ് സെല്ലുകൾ സജീവമാണ്. ഇക്കാര്യങ്ങൾ പരിശോധിക്കപ്പെടണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്തിന്റെ ക്രമസമാധാന നില ഭയാനകമാണ്. ഏത് നിമിഷം വേണേലും ആരും കൊല്ലപ്പെടാം. കൊച്ചു കുട്ടികൾ മുതൽ വയോജനങ്ങൾ വരെ കൊല്ലപ്പെടുന്നു. വിദേശ സിനിമകളിൽ കാണുന്നത് പോലെ ഉള്ള ക്രൂരതയാണ് ഇപ്പോൾ നടക്കുന്നതെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.
കേരളത്തിൽ മയക്കു മരുന്ന് സുലഭമായി ലഭിക്കുന്നു. യുപി സ്കൂളുകൾക്ക് മുൻപിൽ വരെ മയക്ക്മരുന്ന് കിട്ടുന്നു. സാധാരണ സംഭവം ആയി ഇത് കാണാൻ കഴിയില്ല. രാസലഹരിയുടെ ഉറവിടം എവിടെ. പിണറായിയുടെ പൊലീസ് ഏത് മാളത്തിലാണ്. മുഖ്യമന്ത്രി കൈമലർത്തുകയാണ്. കേരളം ജീവിക്കാൻ കഴിയാത്ത നാടായി മാറുന്നുവെന്നും കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ബിജെപി ലഹരിക്ക് എതിരെ പ്രചാരണവും പ്രതിഷേധവും സംഘടിപ്പിക്കും. മാർച്ച് എട്ടിന് സ്ത്രീകളെ അണിനിരത്തി പ്രതിഷേധം നടത്തും. ബോധവത്കരണം ശക്തമാക്കാൻ ബിജെപി മുൻകൈ എടുക്കുമെന്നും കെ. സുരേന്ദ്രൻ അറിയിച്ചു.