ഈ റിപ്പോർട്ട് വ്യാപകമായി പ്രചരിപ്പിക്കുന്ന ബിജെപിക്ക് ഒറ്റ ലക്ഷ്യമേയുള്ളു. അത് അരവിന്ദ് കെജ്രിവാളിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായ തകർക്കുകയാണ്
കേരളത്തിൽ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉയർന്നുവരാറുള്ളത് എസ്എൻസി ലാവ്ലിൻ കേസിലെ സിഎജി റിപ്പോർട്ട് ആണ്. ഡൽഹിയിൽ പ്രചാരണം തുടങ്ങിയപ്പോൾ അതുപോലൊന്നു പുറത്തുവന്നിരിക്കുകയാണ്. ആ സിഎജി റിപ്പോർട്ട് അരവിന്ദ് കെജ്രിവാളിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായ തകർക്കാനാണ് ഇപ്പോൾ വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.
ഖജനാവിന് നഷ്ടമുണ്ടോ? ഉണ്ട്. എത്രയാണ് ആ നഷ്ടം? 2026 കോടി രൂപ. "ഖജനാവിന് നഷ്ടമുണ്ടായില്ലെന്ന് ആം ആദ്മി പാർട്ടി നേതാക്കൾ ഇനി പറയരുത്," എന്ന ഒരു ലക്ഷ്യം നേടാനാണ് മദ്യനയത്തിലെ ഈ സിഎജി റിപ്പോർട്ട് ബിജെപി തെരഞ്ഞെടുപ്പ് പ്രചരണഘട്ടത്തിൽ പുറത്തുവിട്ടിരിക്കുന്നത്. ഈ റിപ്പോർട്ട് വ്യാപകമായി പ്രചരിപ്പിക്കുന്ന ബിജെപിക്ക് ഒറ്റ ലക്ഷ്യമേയുള്ളു. അത് അരവിന്ദ് കെജ്രിവാളിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായ തകർക്കുകയാണ്.
മൂന്ന് പതിറ്റാണ്ടായി അഴിമതി വിരുദ്ധ പ്രവർത്തകൻ. വിവരാവകാശ നിയമം ഉപയോഗിച്ച് റിലയൻസ് ഉൾപ്പെടെയുള്ള കമ്പനികളുടെ അമിതലാഭത്തിന്റെ കഥകൾ പുറത്തുകൊണ്ടുവന്നയാൾ. ഒറ്റയ്ക്ക് വമ്പന്മാരായ വ്യവസായികളായും താപ്പാനകളായ ഉയർന്ന ഉദ്യോഗസ്ഥരേയും ജയിലിലാക്കിയ ആൾ. അരവിന്ദ് കെജ്രിവാൾ ഡൽഹിയിലും ഇന്ത്യൻ രാഷ്ട്രീയത്തിലും ഉദിച്ചുയർന്നത് ഇങ്ങനെയുള്ള അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിലൂടെയാണ്. ആ പ്രതിച്ഛായ തകർക്കാനാണ് ഇപ്പോൾ ബിജെപിയുടെ ശ്രമം.
പക്ഷേ, എവിടെയാണ് ആ റിപ്പോർട്ട്? മാധ്യമങ്ങളിലെല്ലാം വന്ന ആ റിപ്പോർട്ട് സിഎജിയുടെ വെബ്സൈറ്റിൽ ഇല്ല. ഡൽഹി നിയമസഭയുടെ മേശപ്പുറത്തുവച്ചിട്ടില്ല. പാർലമെന്റിലും എത്തിയിട്ടില്ല. പിന്നെങ്ങനെ മാധ്യമങ്ങളിൽ വന്നു എന്നാണ് എഎപി ഉയർത്തുന്ന ചോദ്യം.
ALSO READ: സനാതന ധർമത്തിനു വേണ്ടി കൂട്ടായ്മ; ഡൽഹിയിൽ സനാതൻ സേവാ സമിതിയുമായി കെജ്രിവാൾ
ഇതുമാത്രമല്ല, സിഎജി നൽകിയ 10 റിപ്പോർട്ടുകൾ സർക്കാർ പൂഴ്ത്തി എന്നാണ് ബിജെപി പറയുന്ന മറുപടി. 2021ലെ ഓഡിറ്റ്, 2020, 21 വർഷങ്ങളിലെ റവന്യൂ ഓഡിറ്റ്, 2021ലെ പെർഫോമൻസ് ഓഡിറ്റ്, 2022ലെ ഫിനാൻസ് റിപ്പോർട്ട് എന്നിങ്ങനെ 10 റിപ്പോർട്ടുകൾ സിഎജി നൽകി. പത്തും സ്പീക്കറുടെ അട്ടത്ത് ഇരിക്കുകയാണ്. രാജ്യത്ത് മറ്റൊരു നിയമസഭയിലും ഇങ്ങനെ റിപ്പോർട്ട് പൂഴ്ത്താറില്ലെന്നും ബിജെപി പറയുന്നു. ഈ സിഎജി റിപ്പോർട്ടുകൾ മേശപ്പുറത്ത് വയ്ക്കാത്തതിന് മുഖ്യമന്ത്രി അതീഷിയെ ഗവർണർ വി.കെ. സക്സേന കഴിഞ്ഞ മാസം സെൻസർ ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അനൗദ്യോഗികമായി മാധ്യമങ്ങൾക്ക് മദ്യനയത്തിലെ റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കുന്നത്.
മദ്യനയം മാറ്റാൻ കൈക്കൂലി വാങ്ങിയെന്ന കേസിൽ ജയിലിൽ കിടന്നു പുറത്തുവന്നവരാണ് കെജ്രിവാളും മനീഷ് സിസോദിയയും. എന്നിട്ടും ഇരുവരുടേയും ജനപ്രീതിക്ക് ഒരിടിവും സംഭവിച്ചിട്ടില്ലെന്ന് ഓരോ സദസ്സിലും എത്തുന്ന ആയിരങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഈ ഘട്ടത്തിലാണ് സിഎജി റിപ്പോർട്ടിന്റെ പിഡിഎഫ് പുറത്തുവരുന്നത്. സംഗതി ചർച്ചയായെങ്കിലും എന്തെങ്കിലും ചലനം ഉണ്ടാക്കുമോ എന്ന് കണ്ടുതന്നെ അറിയണം.