രേഖകളില്ലാതെ ട്രെയിനിൽ കടത്താൻ ശ്രമിച്ച 34 ലക്ഷത്തിലധികം രൂപയാണ് പൊലീസ് പിടികൂടിയത്
കൊല്ലം പുനലൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും കള്ളപ്പണം പിടികൂടി. രേഖകളില്ലാതെ ട്രെയിനിൽ കടത്താൻ ശ്രമിച്ച 34 ലക്ഷത്തിലധികം രൂപയാണ് പിടികൂടിയത്. സംഭവത്തിൽ രണ്ട് തമിഴ്നാട് സ്വദേശികളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.
പുനലൂർ റെയിൽവേ പൊലീസും ആർ പി എഫും സംയുക്തമായിട്ടായിരുന്നു പരിശോധന. പുലർച്ചെ അഞ്ചരയോടെ കൊല്ലം ചെന്നൈ എഗ്മോർ ട്രെയിനിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 34 ലക്ഷത്തിലധികം രൂപയാണ് പിടികൂടിയത്. തെങ്കാശി കടയനല്ലൂർ സ്വദേശി അബ്ദുൽ അസീസ്, തമിഴ്നാട് വിരുതനഗർ സ്വദേശി ബാലാജി എന്നിവരാണ് പണം കടത്താൻ ശ്രമിച്ചത്. ഇരുവരെയും റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.
ALSO READ: മലപ്പുറത്ത് ഉത്സവത്തിനിടെ യുവാവിന് വെടിയേറ്റ സംഭവം: മുഖ്യപ്രതി മിഥിലജ് പിടിയിൽ
ജനറൽ കമ്പാർട്ട്മെൻ്റിലും സ്ലീപ്പർ ക്ലാസിലുമായി നടത്തിയ പരിശോധനയിൽ അബ്ദുൽ അസീസിൽ നിന്നും 30 ലക്ഷത്തിലധികം രൂപയും പാലാജിയിൽ നിന്നും നാലുലക്ഷത്തോളം രൂപയും കണ്ടെടുക്കുകയായിരുന്നു. മുൻപും സ്ഥിരമായി പുനലൂർ റെയിൽവേ സ്റ്റേഷനിൽ കള്ളപ്പണം പിടികൂടിയിട്ടുണ്ട്. പ്രതികളിൽ ഒരാളായ ബാലാജി കൊല്ലം ബീച്ച് റോഡിലാണ് താമസിച്ചിരുന്നത്. പണത്തിൻ്റെ ഉറവിടം സംബന്ധിച്ച് വരും ദിവസങ്ങളിൽ തുടരന്വേഷണം നടത്തുമെന്നും സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗത്തിന് ഉൾപ്പെടെ വിവരങ്ങൾ കൈമാറുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.