കഴിഞ്ഞ മൂന്നാഴ്ചയിലധികമായി സംസ്ഥാനത്തെ പലയിടങ്ങളില്‍ ബോംബ് ഭീഷണിയുണ്ടെന്ന് വ്യാജ സന്ദേശങ്ങള്‍ ലഭിച്ചിരുന്നു
മുഖ്യമന്ത്രിയുടെ ഓഫീസിലും ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും ബോംബ് ഭീഷണി. ധനകാര്യ സെക്രട്ടറിയുടെ ഇ-മെയിലിലാണ് ഭീഷണി സന്ദേശം എത്തിയത്. രാജ് ഭവനും ബോംബ് ഭീഷണി നേരിടുന്നുവെന്നാണ് സൂചന. ഗതാഗതാ കമ്മീഷണറുടെ ഓഫീസിലും ഭീഷണി സന്ദേശമെത്തി. ബോംബ് ഭീഷണി നേരിടുന്ന സ്ഥലങ്ങളില്‍ പൊലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളാ സന്ദർശനം നടക്കാനിരിക്കെയാണ് തുടർച്ചയായ ബോംബ് ഭീഷണികൾ എത്തുന്നത്.
നെടുമ്പാശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണിയെത്തിയിരുന്നു. വിമാനതാവളത്തിൽ ആർഡിഎക്സ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. രണ്ട് മണിക്ക് മുൻപ് പൊട്ടുമെന്നായിരുന്നു സന്ദേശത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി.
Also Read: ശ്രീനാഥ് ഭാസിയേയും ഷൈനിനേയും അറിയാം; തസ്ലീമ സുഹൃത്ത്; ചോദ്യം ചെയ്യലിനെത്തി മോഡല്‍ സൗമ്യ
കഴിഞ്ഞ രണ്ട് മാസമായി സംസ്ഥാനത്തെ പലയിടങ്ങളില്‍ ബോംബ് ഭീഷണിയുണ്ടെന്ന് വ്യാജ സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ഇത്തരം സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനാകാത്തത് കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് ഏജൻസിക്ക് അതൃപ്തിയുണ്ട്. വിഷയത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ പൊലീസ് നിയോഗിച്ചിരിക്കുകയാണ്. പൊലീസിലെ ടെക്‌നിക്കല്‍ സൈബര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക സംഘം രൂപീകരിച്ചിരിക്കുന്നത്. അഞ്ചിലധികം വ്യാജ ബോംബ് ഭീഷണി കേസുകളാണ് സർക്കാർ ഓഫീസുകളിലടക്കം കഴിഞ്ഞ രണ്ട് മാസത്തിനിടെ രജിസ്റ്റർ ചെയ്തത്.
Also Read: തിരുവനന്തപുരത്ത് വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലും വ്യാജ ബോംബ് ഭീഷണി
കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലും വ്യാജ ബോംബ് ഭീഷണി എത്തിയിരുന്നു. ഇരു സ്ഥലങ്ങളിലും ബോംബ് സ്ക്വാഡ് എത്തി ശക്തമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്തിയില്ല. സംസ്ഥാനത്തെ വിവിധ കളക്ടറേറ്റുകള്‍ക്കും സമാനമായ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. കൊല്ലം, പാലക്കാട്, കോട്ടയം കളക്ടറേറ്റുകളിലാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. ആദ്യം കൊല്ലം കളക്ടറേറ്റിലും പിന്നാലെ പാലക്കാട്, കോട്ടയം കളക്ടറേറ്റുകൾക്കും ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു.