തസ്ലീമയുടെ മൊഴിയില്‍ പറയുന്നത് അഞ്ച് പേരുകളാണെന്നാണ് എക്‌സൈസ് പറയുന്നത്. ഇതില്‍ മൂന്ന് പേരെയാണ് ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ചോദ്യം ചെയ്യലിനായി നടന്മാരായ ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും മോഡല്‍ സൗമ്യയും ചോദ്യം ചെയ്യലിന് ഹാജരായി. നടന്മാരില്‍ നിന്ന് എല്ലാ കാര്യങ്ങളും ചോദിച്ചറിയുമെന്നാണ് ചോദ്യം ചെയ്യല്‍ ആരംഭിക്കുന്നതിനു മുമ്പ് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ എസ്. അശോക് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ചോദ്യം ചെയ്യലിനായി രാവിലെ 7.30 ഓടെ ഷൈന്‍ ടോം ചാക്കോ ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലെത്തി. ആദ്യം ചോദ്യം ചെയ്യുന്നത് ഷൈനിനെയാണ്. ബെംഗളൂരുവിലെ ഡീ അഡിക്ഷന്‍ സെന്ററില്‍ നിന്നാണ് നടന്‍ കൊച്ചിയില്‍ എത്തിയതെന്നാണ് സൂചന. ഒരു മണിക്കൂര്‍ കൊണ്ട് തന്നെ മടക്കി അയക്കണം എന്ന നിബന്ധനയാണ് ഷൈന്‍ മുന്നോട്ടുവെച്ചത്. എന്നാല്‍, ചോദ്യം ചെയ്യല്‍ എത്ര സമയം നീളുമെന്ന് പറയാന്‍ കഴിയില്ലെന്നാണ് അസിസ്റ്റന്റ് കമ്മീഷണറുടെ പ്രതികരണം. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാലേ വിട്ടയക്കൂ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Also Read: സംവിധായകരെ കഞ്ചാവുമായി പിടികൂടിയ സംഭവം; വിവരം നല്‍കിയത് ഫ്‌ളാറ്റില്‍ കഥ പറയാനെത്തിയ യുവാവ്
അഭിഭാഷകനുമായാണ് ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിനായി എത്തിയത്. കേസിലെ ഒന്നാം പ്രതി തസ്ലീമ സുല്‍ത്താനയുമായുള്ള ഇരുവരുടെയും ലഹരി ഇടപാടുകളില്‍ കൂടുതല്‍ വിവരങ്ങള്‍ തേടാനാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. 40 ഓളം ചോദ്യങ്ങള്‍ അടങ്ങുന്ന പ്രത്യേക ചോദ്യാവലിയും തയ്യാറാക്കയിട്ടുണ്ട്. മോഡലായ പാലക്കാട് സ്വദേശി സൗമ്യയും ചോദ്യം ചെയ്യലിനായി ഹാജരായി. ഷൈനിനേയും ശ്രീനാഥ് ഭാസിയേയും അറിയാമെന്നും തസ്ലീമ സുഹൃത്താണെന്നുമാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് സൗമ്യ പ്രതികരിച്ചത്. ലഹരി ഇടപാടുമായി തനിക്ക് ബന്ധമില്ല, തസ്ലീമയെ ആറ് മാസമായി അറിയാമെന്നും സൗമ്യ പ്രതികരിച്ചു.
തസ്ലീമയുടെ മൊഴിയില്‍ പറയുന്നത് അഞ്ച് പേരുകളാണ് എന്നാണ് എക്‌സൈസ് പറയുന്നത്. ഇതില്‍ മൂന്ന് പേരെയാണ് ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. കഞ്ചാവ് ഇടപാടില്‍ താരങ്ങള്‍ക്കും പങ്കുണ്ടെന്നു തെളിഞ്ഞാല്‍ കേസില്‍ പ്രതികളാക്കാന്‍ സാധ്യതയുണ്ട്. ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായാല്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കും കടന്നേക്കും.
ഇതുവരെയുള്ള ചോദ്യം ചെയ്യലിലൂടെ ലഭ്യമായ ഡിജിറ്റല്‍ തെളിവുകളെ ആധാരമാക്കിയാണ് ഇരുവരോടും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.