പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു
ഇടുക്കി തൊടുപുഴയിൽ ഗോഡൗണിന്റെ മാലിന്യക്കുഴിയിൽ നിന്നും കണ്ടെത്തിയ മൃതദേഹം പുറത്തെത്തിച്ചു . രണ്ട് ദിവസം മുൻപ് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്‍റെ മൃതദേഹമാണിതെന്നാണ് പ്രാഥമിക നിഗമനം. വിദഗ്ധ സംഘം മാൻഹോളിൽ ഇറങ്ങി മൃതദേഹം പുറത്തെത്തിക്കുകയായിരുന്നു. പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബിജുവിന്‍റെ സുഹൃത്ത് ജോമോനും രണ്ട് ക്വട്ടേഷന്‍ സംഘാംഗങ്ങളുമാണ് കസ്റ്റഡിയിലുള്ളത്. ജോമോന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഗോഡൗണിലെ മാലിന്യക്കുഴിയില്‍ പരിശോധന നടത്തിയത്.
കലയന്താനി കാറ്ററിങ് സർവീസ് സ്ഥാപനത്തിന്റെ ഗോഡൗണിലെ മാലിന്യക്കുഴിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മാലിന്യത്തിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. ഒരാൾക്ക് മാത്രം ഇറങ്ങാൻ പാകത്തിലുളളതാണ് മൃതദേഹം കണ്ടെത്തിയ മാൻഹോൾ. രണ്ട് ദിവസത്തെ പഴക്കമുള്ള മൃതദേഹം ചീർത്ത നിലയിലാണ്. അതുകൊണ്ട് തന്നെ മാൻഹോളിൽ നിന്ന് പുറത്തെത്തിക്കുന്നത് ശ്രമകരമായിരുന്നു. എന്നാല്‍ മാൻഹോളിന്റെ മറുവശത്തെ കോൺക്രീറ്റ് പൊട്ടിച്ച് വിസ്താരം വർധിപ്പിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ഇൻക്വസ്റ്റ് നടപടികളിലേക്ക് കടക്കുകയാണ് പൊലീസ്.
Also Read: ഇടുക്കി തൊടുപുഴ മണക്കാട് തോട്ടില്‍ നിന്നും തലയോട്ടി കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്
വ്യാഴാഴ്ചയാണ് ബിജു ജോസഫിനെ കാണാനില്ലെന്ന് ഭാര്യ പരാതി നൽകിയത്. തുടർന്ന് നടന്ന അന്വേഷണത്തില്‍ ബിജു കൊല്ലപ്പെട്ടു എന്ന നിഗമനത്തിലാണ് പൊലീസ് എത്തിച്ചേർന്നത്. ബിജു സുഹൃത്തായ ജോമോന് ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട് പണം നൽകാനുണ്ടായിരുന്നു. ഈ പണം തിരികെ വാങ്ങിക്കുന്നതിനാണ് സുഹൃത്ത് കൊച്ചിയിൽ നിന്ന് രണ്ട് ക്വട്ടേഷൻ സംഘാംഗങ്ങളെ വിളിച്ചുവരുത്തിയത്. അത് കൊലപാതകത്തിലേക്ക് നീങ്ങുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. ഇന്നലെ വൈകിട്ട് തൊടുപുഴ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്വേട്ടേഷൻ സംഘത്തെ പിടികൂടുന്നത്. കാപ്പാ കേസ് ഉൾപ്പെടെ ചുമത്തപ്പെട്ടിട്ടുള്ള ഇവർ എന്തിന് തൊടുപുഴയിലെത്തി എന്ന അന്വേഷണമാണ് ബിജുവിന്റെ തിരോധാന കേസുമായി ബന്ധപ്പെട്ട പരാതിയിൽ ചെന്നെത്തിയത്. ജോമോനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളാണ് കേസിൽ വഴിത്തിരിവായത്.
Also Read: ഷാബ ഷെരീഫ് വധക്കേസ്; മുഖ്യപ്രതി ഷൈബിൻ അഷ്റഫിന് 13 വർഷവും 9 മാസവും തടവ്
കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് നടക്കാനിറങ്ങിയ ബിജുവിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപൊയത്. ബിജുവിനെ വാഹനത്തിനുള്ളിൽ വെച്ച് ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.