നിതീഷിന് ശാരീരികവും മാനസികവുമായി തകരാറുണ്ടെന്നായിരുന്നു മുൻമുഖ്യമന്ത്രി കൂടിയായ റാബറി ദേവിയുടെ ആരോപണം
ദേശീയഗാനത്തോട് അനാദരവ് കാണിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം. ആർജെഡിയുടെ നേതൃത്വത്തിൽ പട്നയിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചു. ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഇന്ത്യാസഖ്യം ഈ വിഷയം എൻഡിഎ സർക്കാരിനെതിരായ രാഷ്ട്രീയ ആയുധമാക്കുകയാണ്. പട്നയിൽ വച്ച് നടത്തിയ ഒരു കായിക പരിപാടിക്കിടെയാണ് ദേശീയ ഗാനം ആലപിക്കുന്നതിനിടയിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ചീഫ് സെക്രട്ടറിയെ തൊട്ടുവിളിച്ച് തമാശ പറഞ്ഞത്. ആർജെഡി നേതാവ് തേജ്വസി യാദവ് എക്സിൽ പങ്കുവെച്ച വീഡിയോ നിതീഷിനെതിരെ വ്യാപക വിമർശനത്തിനിടയാക്കി.
പട്നയിൽ ആർജെഡി നേതാവ് റാബ്റി ദേവിയുടെ വസതിക്ക് മുൻപിൽ ദേശീയ ഗാനത്തെ അപമാനിച്ച നിതീഷ് നായകനല്ല,വില്ലനാണ് എന്ന പോസ്റ്റർ സ്ഥാപിച്ചു. നിതീഷിന് ശാരീരികവും മാനസികവുമായി തകരാറുണ്ടെന്നായിരുന്നു മുൻ മുഖ്യമന്ത്രി കൂടിയായ റാബറി ദേവിയുടെ ആരോപണം. നിതീഷ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഇന്നലെ നിയമസഭയ്ക്ക് അകത്ത് പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം തെരുവിലേക്കും വ്യാപിപ്പിച്ചത്.പട്നയിൽ ഇന്ത്യാസഖ്യ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.
ALSO READ: ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയം; പൂനെയിൽ മൂന്നര വയസുള്ള മകനെ കഴുത്തറുത്ത് കൊന്ന് പിതാവ്
ദേശീയ ഗാനത്തോടും ചിഹ്നങ്ങളോടും നിതീഷ് കുമാറിനോ, എൻഡിഎക്കോ ആദരമില്ല എന്നായിരുന്നു തേജ്വസി യാദവിൻ്റെ ആരോപണം. ഒക്ടോബറിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ വിഷയം രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതേസമയം, വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാൻ നിതീഷ് കുമാറോ, ജെഡിയുവോ തയാറായിട്ടില്ല.