തന്റെ മകനാണോ എന്ന സംശയത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു
പൂനെയിൽ അച്ഛൻ മകനെ കഴുത്തറുത്ത് കൊന്നു. പൂനെയിലെ ചന്ദൻ നഗർ പ്രദേശത്താണ് സംഭവം നടന്നത്. മാധവ് ടിക്കേതി എന്ന 38 കാരനാണ് മൂന്നര വയസ്സുകാരനെ കൊലപ്പെടുത്തിയത്. തുടർന്ന് കുട്ടിയുടെ മൃതദേഹം ആളില്ലാത്ത സ്ഥലത്ത് ഉപേക്ഷിച്ചു. ഭാര്യയെയും പ്രതി നിരന്തരമായി സംശയിച്ചിരുന്നു. തന്റെ മകനാണോ എന്ന സംശയത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
മാധവ് തികേതിയുടെയും ഭാര്യ സ്വരൂപയുടെയും ഏക മകനായിരുന്നു ഹിമ്മത് മാധവ് തികേതി. ഐടി എഞ്ചിനീയറായി ജോലി ചെയ്തിരുന്ന ഇയാൾ കഴിഞ്ഞ രണ്ട് മാസമായി വീട്ടിൽ തന്നെയാണ് കഴിഞ്ഞിരുന്നത്. കൊലപാതകം നടന്ന ദിവസം ദമ്പതികൾക്കിടയിൽ വഴക്കുണ്ടായിരുന്നു. പിന്നാലെ മാധവ് മകനെയും കൂട്ടി വീട് വിട്ടിറങ്ങുകയായിരുന്നു. ഇരുവരും തിരിച്ചെത്തായായതോടെ സ്വരൂപ പൊലീസ് പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവന്നത്.
ALSO READ: ട്രംപിന് നേരെ വധശ്രമമുണ്ടായപ്പോൾ പുടിൻ പള്ളിയിൽ പോയി പ്രാർഥിച്ചു; സ്റ്റീവ് വിറ്റ്കോഫ്
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വ്യാഴാഴ്ച ഉച്ചയ്ക്ക് 2:30 നാണ് മാധവിനെ അവസാനമായി മകനോടൊപ്പം കണ്ടത്. എന്നാൽ വൈകുന്നേരം 5 മണിക്ക് ലഭിച്ച തുടർന്നുള്ള ദൃശ്യങ്ങളിൽ ഇയാൾ ഒറ്റയ്ക്കാണ് ഒരു കടയിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങുന്നത്. മാധവിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് പോയ പൊലീസ് വഡ്ഗോൺശേരിയിലെ ഒരു ലോഡ്ജിൽ നിന്ന് ഇയാളെ മദ്യപിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ബോധം വീണ്ടെടുത്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയും ഉദ്യോഗസ്ഥർക്ക് കുട്ടിയെ കൊലപ്പെടുത്തിയ സ്ഥലം കാണിച്ചുകൊടുക്കുകയും ചെയ്യുകയായിരുന്നു. അവിടെ നിന്നാണ് കഴുത്തറുത്ത നിലയിൽ ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചതായും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.