ബലാത്സംഗം, തട്ടിക്കൊണ്ട് പോകല്‍, തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് തിരുവനന്തപുരം പേട്ട പൊലീസ് കേസെടുത്തിരിക്കുന്നത്
തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ സുഹൃത്ത് സുകാന്ത് പ്രതി. ബലാത്സംഗം, തട്ടിക്കൊണ്ട് പോകല്‍, തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് തിരുവനന്തപുരം പേട്ട പൊലീസ് കേസെടുത്തിരിക്കുന്നത്. കേസ് സംബന്ധിച്ച റിപ്പോർട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥയാണ് മേഘ.മാർച്ച് 24നാണ് പത്തനംതിട്ട കൂടൽ കാരയ്ക്കാക്കുഴി പൂഴിക്കാട്ടുവീട്ടിൽ മേഘ മധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മേഘയുടെ മൃതദേഹം ചാക്ക റെയിൽവേ മേൽപ്പാലത്തിനു സമീപത്തെ ട്രാക്കിലാണ് കിടന്നിരുന്നത്. യുവതി ട്രെയിനിന് മുന്നിലേക്ക് ചാടുന്നതായി കണ്ടതായി ലോക്കോ പൈലറ്റ് പേട്ട സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചിരുന്നു. പൂനെ-കന്യാകുമാരി എക്സ്പ്രസ് ട്രെയിൻ അരമണിക്കൂറോളം പിടിച്ചിട്ട ശേഷമാണ് മൃതദേഹം മാറ്റിയത്.
ALSO READ: ഐബി ഉദ്യോഗസ്ഥയുടെ മരണം: സുഹൃത്തിനായി പൊലീസ് തിരച്ചില്‍, ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി
മേഘയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മലപ്പുറം സ്വദേശിയായ സുകാന്ത് സുരേഷിനെതിരെ മേഘയുടെ പിതാവ് മധുസൂദനൻ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സുകാന്ത് സുരേഷ് മകളെ സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും, മകളുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നത് 80 രൂപ മാത്രമാണെന്നും മേഘയുടെ പിതാവ് പറഞ്ഞു. ഫെബ്രുവരി മാസത്തെ ശമ്പളം അടക്കം അയാളുടെ അക്കൗണ്ടിലേക്ക് മകൾ ട്രാൻസ്ഫർ ചെയ്തുവെന്നും പിതാവ് ആരോപിച്ചിരുന്നു. കൂടാതെ മേഘ ലൈംഗിക ചൂഷണം നേരിട്ടിരുന്നുവെന്നും അതിന്റെ തെളിവുകൾ പൊലീസിന് നൽകിയതായും മധുസൂദനൻ അറിയിച്ചിരുന്നു. മേഘയുടെ മരണത്തിന് പിന്നാലെ കൊച്ചി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനായ സുകാന്ത് സുരേഷ് ഒളിവിൽ പോയിരുന്നു. സുകാന്തിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.