മെയ് 13ന് നിലവിലുള്ള ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്നതോടെയാകും സ്ഥാനത്തേക്ക് പുതിയ ചീഫ് ജസ്റ്റിസായി 64കാരനായ ബി.ആർ. ഗവായ് എത്തുക
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ. ഗവായിയെ ശുപാർശ ചെയ്തു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്ന സാഹചര്യത്തിലാണ് പിൻഗാമിയെ ശുപാർശ ചെയ്തത്. വിരമിക്കുന്ന ചീഫ് ജസ്റ്റിസിന് പുതിയ ആളെ നിർദേശിക്കാനുള്ള അധികാരമുണ്ട്. ഈ കീഴ്‌വഴക്കം അനുസരിച്ചാണ് പുതിയ ചീഫ് ജസ്റ്റിസിനെ നാമനിർദേശം ചെയ്തത്. മെയ് 13ന് നിലവിലുള്ള ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്നതോടെയാകും സ്ഥാനത്തേക്ക് പുതിയ ചീഫ് ജസ്റ്റിസായി 64കാരനായ ബി.ആർ. ഗവായ് എത്തുക.
സർക്കാർ അംഗീകരിച്ചാൽ ജസ്റ്റിസ് ബി.ആർ. ഗവായ് 52ാമത് ചീഫ് ജസ്റ്റിസാകും. മെയ് 14നാകും ഗവായിയുടെ സത്യപ്രതിജ്ഞ. നിലവിൽ സുപ്രീം കോടതിയിലെ രണ്ടാമത്തെ മുതിർന്ന അഭിഭാഷകനാണ് ബി.ആർ. ഗവായ്. ബോംബെ ഹൈക്കോടതിയിലെ മുൻ ജഡ്ജിയായ ഗവായ് നാഗ്പൂരിലെ മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്സിറ്റി ചാൻസലറാണ്. നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്സ് ഒഫീഷ്യോ എക്സിക്യൂട്ടീവ് ചെയർമാനുമാണ്.
ALSO READ: ഇനി ട്രെയിനിൽ എടിഎം; പഞ്ചവടി എക്‌സ്പ്രസിൽ ആദ്യമായി അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ
1960 നവംബര്‍ 24ന് അമരവാതിയിലാണ് ഭൂഷണ്‍ രാമകൃഷ്ണ ഗവായ് എന്ന ബി.ആര്‍. ഗവായിയുടെ ജനനം. 2003 നവംബർ 14നാണ് ബി.ആർ. ഗവായ് ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായത്. 2019ലാണ് ഗവായിയെ സുപ്രീംകോടതി ജഡ്‌ജിയായി നിയമിക്കുന്നത്. സുപ്രധാന വിധിന്യായങ്ങൾ പുറപ്പെടുവിച്ച സുപ്രീം കോടതിയുടെ നിരവധി ഭരണഘടനാ ബെഞ്ചുകളുടെ ഭാഗമായിരുന്നു അദ്ദേഹം. 2016ലെ കേന്ദ്ര സർക്കാരിന്റെ നോട്ട് അസാധുവാക്കൽ തീരുമാനം ശരിവച്ച വിധിയും, ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച സുപ്രീം കോടതി വിധിയും ഇതിൽ ഉൾപ്പെടുന്നു.