കൂത്താട്ടുകുളം നഗരസഭയിലെ വനിതാ കൗൺസിലർ കലാരാജുവിനെ തട്ടിക്കൊണ്ടുപോയത് കോൺഗ്രസാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു
പാലക്കാട് എലപ്പുളളിയിലെ നിർദിഷ്ട മദ്യ നിർമാണശാലയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് പിന്നിൽ സ്പിരിറ്റ് ലോബിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സ്പിരിറ്റ് കച്ചവടം ഇല്ലാതാകുമെന്ന് കരുതിയാകും ഇടപെടലെന്നു പറഞ്ഞ സംസ്ഥാന സെക്രട്ടറി അഴിമതി ആരോപണങ്ങൾക്ക് മറുപടി പറഞ്ഞില്ല.
എലപ്പുള്ളിയിൽ ജലചൂഷണം ഉണ്ടാകില്ലെന്നും അഞ്ചേക്കറിൽ മഴവെള്ള സംഭരണി നിർമിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു. കമ്പനിക്കാവശ്യമായ വെള്ളം ഇവിടെ നിന്നു കിട്ടുമെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.
എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാൻ സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തിയിരുന്നു. ഒയാസിസ് കമ്പനിക്കും മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും ഉദ്യോഗസ്ഥർക്കും മാത്രമാണ് ബ്രൂവറി തുടങ്ങാൻ പോകുന്ന കാര്യം അറിയാമായിരുന്നത്. കമ്പനിയുടെ പ്രൊപ്പഗാണ്ട മാനേജറെ പോലെയാണ് എം.ബി. രാജേഷ് സംസാരിക്കുന്നതെന്നുമായിരുന്നു വി.ഡി. സതീശന്റെ ആരോപണം.
കൂത്താട്ടുകുളം നഗരസഭയിലെ വനിതാ കൗൺസിലർ കലാരാജുവിനെ തട്ടിക്കൊണ്ടുപോയത് കോൺഗ്രസാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. സിപിഎമ്മുകാർ അറസ്സിലായത് കൊണ്ട് കുറ്റക്കാരാണെന്ന് പറയാനാകില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
കൗൺസിലറെ മർദിച്ച കേസിൽ സിപിഎം അംഗങ്ങളെ കസ്റ്റഡിയിലെടുത്തിരുന്നു. ചെള്ളക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുൺ പി. മോഹൻ, ടൗൺ ബ്രാഞ്ച് അംഗം ടോണി ബേബി, ചെള്ളയ്ക്കപ്പടി ബ്രാഞ്ച് അംഗം റിൻസ് വർഗീസ്, കൂത്താട്ടുകുളം ബ്രാഞ്ച് അംഗം സജിത്ത് ഏബ്രഹാം എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഡിവൈഎഫ്ഐ നേതാവ് അരുൺ അശോകനാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന വെളിപ്പെടുത്തലുമായി കലാ രാജു രംഗത്തെത്തിയിരുന്നു. കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സണിന്റെ വാഹനത്തിലാണ് കടത്തിക്കൊണ്ടുപോയതെന്നും കൗൺസിലർ വെളിപ്പെടുത്തിയിരുന്നു.
അതേസമയം, സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവരെ അറസ്റ്റുചെയ്തത് കൊണ്ട് മാത്രം തൃപ്തയല്ലെന്ന് കൗൺസിലർ കലാ രാജു പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ടവർ തന്നെ വലിച്ചിഴച്ചവരുടെ കൂടെ ഉണ്ടായിരുന്നവർ മാത്രമാണെന്നും ഏരിയ സെക്രട്ടറിയാണ് തട്ടിക്കൊണ്ടുപോകലിൻ്റെ പ്രധാന സൂത്രധാരനെന്നും കല വിമർശിച്ചു. ഇയാളെ അറസ്റ്റ് ചെയ്യാത്തത് എന്ത് കൊണ്ടെന്നും കൗൺസിലർ ചോദിച്ചു.