ആരോപണവിധേയരായ വിദ്യാർഥികൾ പ്രായപൂർത്തി ആകാത്തതിനാലാണ് ഈ നീക്കമെന്നാണ് റിപ്പോർട്ട്
തൃപ്പൂണിത്തുറയിലെ മിഹിർ അഹമ്മദിൻ്റെ മരണത്തിനിടയാക്കിയ റാഗിങ് പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാതെ അന്വേഷണം തുടങ്ങി പുത്തൻകുരിശ് പൊലീസ്. ആരോപണവിധേയരായ വിദ്യാർഥികൾ പ്രായപൂർത്തി ആകാത്തതിനാലാണ് ഈ നീക്കം.
ആരോപണം തെളിഞ്ഞാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് നൽകുമെന്നാണ് വിവരം. തൃപ്പൂണിത്തുറ പൊലീസ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി അന്വേഷണം തുടരുന്നതിനിടയിലാണ് പുതിയ നീക്കം. അതേസമയം, റാഗിങ് കേസുമായി ബന്ധപ്പെട്ട് മിഹിറിൻ്റെ സഹോദരൻ്റെ മൊഴിയെടുത്തു. സ്കൂൾ മാനേജ്മെൻ്റിൻ്റേയും കുട്ടികളുടെയും മൊഴി ഉടൻ രേഖപ്പെടുത്തും.
തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂളിന്റെ വിശദീകരണ കത്തിനെതിരെ മരിച്ച മിഹിറിൻ്റെ അമ്മ രംഗത്തെത്തിയിരുന്നു. റാഗിങിനെ കുറിച്ച് സ്കൂൾ അറിഞ്ഞത് സമൂഹ മാധ്യമങ്ങളിലൂടെയാണെന്ന സ്കൂൾ മാനേജ്മെൻ്റിൻ്റെ വാദം തെറ്റാണെന്നും മകൻ മരിച്ചതിന് പിന്നാലെ സ്കൂൾ അധികൃതർക്ക് പരാതി നൽകിയിരുന്നുവെന്നും അമ്മ പറഞ്ഞു. സ്കൂൾ നേരത്തെ ഇടപെട്ടിരുന്നെങ്കിൽ മിഹിർ ജീവനൊടുക്കില്ലായിരുന്നു എന്നും അമ്മ പറഞ്ഞു.
സ്കൂൾ വസ്തുതകൾ മറച്ചുവെച്ച് തെറ്റായ പ്രചാരണം നടത്തുകയാണെന്നും മെഹറിന് സ്കൂൾ നൽകിയത് നിയമാനുസൃതമായ പ്രവേശനം മാത്രമായിരുന്നുവെന്നും അമ്മ വ്യക്തമാക്കി. 14കാരനായ മിഹിർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികാര നടപടിയുമായി തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂൾ രംഗത്തുവന്നിരുന്നു. മിഹിറിനെയും കുടുംബത്തേയും അപകീർത്തിപ്പെടുത്താൻ ദുസൂചനകളോടെയുള്ള വാർത്താക്കുറിപ്പാണ് ഗ്ലോബൽ പബ്ലിക് സ്കൂൾ പുറത്തിറക്കിയത്.