ഹാട്രിക് നേട്ടമാണ് കെജ്‌രിവാളും കൂട്ടരും ലക്ഷ്യം വെക്കുന്നതെങ്കിൽ, 25 വർഷത്തിന് ശേഷം അധികാരം തിരിച്ചുപിടിക്കാനാണ് ബിജെപിയുടെ ശ്രമം. അതേസമയം, പത്ത് വർഷം മുമ്പ് ഷീലാ ദീക്ഷിതിലൂടെ കൈവിട്ട അധികാരം ഇക്കുറി തിരിച്ചുപിടിക്കാമെന്നാണ് കോൺഗ്രസ് സ്വപ്നം കാണുന്നത്.
രാജ്യത്തിൻ്റെ ഭരണസിരാ കേന്ദ്രമായ ഡൽഹിയിൽ ആര് വിജയത്തേരുരുട്ടുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് രാജ്യം. 70 നിയമസഭാ സീറ്റുകളിലേക്കുള്ള അത്യന്തം വാശിയേറിയ പോരാട്ടമാണ് ഇന്ദ്രപ്രസ്ഥത്തിൽ നടക്കുന്നത്. ഹാട്രിക് നേട്ടമാണ് കെജ്‌രിവാളും കൂട്ടരും ലക്ഷ്യം വെക്കുന്നതെങ്കിൽ, 25 വർഷത്തിന് ശേഷം അധികാരം തിരിച്ചുപിടിക്കാനാണ് ബിജെപിയുടെ ശ്രമം. അതേസമയം, പത്ത് വർഷം മുമ്പ് ഷീലാ ദീക്ഷിതിലൂടെ കൈവിട്ട അധികാരം ഇക്കുറി തിരിച്ചുപിടിക്കാമെന്നാണ് കോൺഗ്രസ് സ്വപ്നം കാണുന്നത്.
ഡൽഹിയിലെ യഥാർഥ രാഷ്ട്രീയ സാഹചര്യം എന്തൊക്കെയാണ്? 10 പോയിൻ്റുകളിലൂടെ എളുപ്പത്തിൽ മനസിലാക്കാം...
1. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി തൂത്തുവാരി. എന്നാൽ അതിന് ശേഷം റദ്ദാക്കിയ മദ്യനയവുമായി ബന്ധപ്പെട്ട് സർക്കാർ വലിയ അഴിമതി ആരോപണങ്ങൾ നേരിടുകയാണ്. ഹാട്രിക് വിജയമാണ് കെജ്‌രിവാളിൻ്റെ പാർട്ടി ലക്ഷ്യം വെക്കുന്നത്.
2. പ്രധാനമന്ത്രി നരേന്ദ്ര മോദി നയിച്ച വമ്പൻ റാലികളുടെയും വമ്പിച്ച തെരഞ്ഞെടുപ്പ് സംവിധാനത്തിൻ്റേയും പിന്തുണയോടെ ഡൽഹിയിൽ ഇത്തവണ വിജയം നേടാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബിജെപി. 10 വർഷത്തിന് ശേഷം ഡൽഹിയിൽ അധികാരത്തിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
3. കെജ്‌രിവാളും അദ്ദേഹത്തിന്റെ അടുത്ത സഹായി മനീഷ് സിസോദിയ ഉൾപ്പെടെയുള്ള നിരവധി മന്ത്രിമാരും മാസങ്ങളായി ജയിലിലായിരുന്നു. ആം ആദ്മി പാർട്ടി മേധാവിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സ്ഥാനമൊഴിയേണ്ടി വന്നു. പകരം അതിഷി മർലേനയ്ക്കാണ് മുഖ്യമന്ത്രി സ്ഥാനം കൈമാറിയത്. ജനങ്ങളുടെ കോടതിയിൽ നിന്ന് നിരപരാധിയാണെന്ന് തെളിയിച്ചതിന് ശേഷം മാത്രമേ താൻ വീണ്ടും മുഖ്യമന്ത്രി പദവി എത്തുകയുള്ളൂ എന്ന് അദ്ദേഹം ധാർമികതയിൽ ഉറച്ചുനിൽക്കുകയാണ്.
4. നേരത്തെ ഒന്നിലധികം വിഷയങ്ങളിൽ ലെഫ്റ്റനൻ്റ് ഗവർണറുമായി ആവർത്തിച്ചുള്ള ഏറ്റുമുട്ടലുകൾ കാരണം ആം ആദ്മി സർക്കാരും പ്രതിസന്ധിയിലാണ്.
5. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണ് എല്ലാ അധികാരവുമെന്നും, ലെഫ്റ്റനൻ്റ് ഗവർണർക്ക് ഭൂമി, പൊതു ക്രമം, പൊലീസ് എന്നീ മൂന്ന് പ്രത്യേക മേഖലകളിൽ മാത്രമേ പങ്കുവഹിക്കാൻ കഴിയൂ എന്നും സുപ്രീം കോടതിയുടെ വ്യക്തമായ വിധി ഉണ്ടായിരുന്നിട്ടും, കേന്ദ്ര സർക്കാർ ഒരു ഓർഡിനൻസിലൂടെ ലെഫ്റ്റനൻ്റ് ഗവർണർക്ക് ബ്യൂറോക്രാറ്റുകളുടെ മേൽ പ്രത്യേക അധികാരം നൽകിയിരുന്നു.
6. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ലെഫ്റ്റനൻ്റ് ഗവർണർ അനുമതി നൽകിയതും മനീഷ് സിസോദിയയുടേയും അരവിന്ദ് കെജ്‌രിവാളിൻ്റേയും അറസ്റ്റിന് കാരണമായിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ കെജ്‌രിവാൾ അറസ്റ്റിലായി, പിന്നീട് ആറ് മാസത്തോളം ജയിലിൽ കിടക്കേണ്ടിയും വന്നു. മനീഷ് സിസോദിയ 17 മാസം ജയിലിൽ കിടന്നു.
7. സഞ്ജയ് സിങ്, സത്യേന്ദർ ജെയ്ൻ, അമാനത്തുള്ള ഖാൻ എന്നിവരുൾപ്പെടെ നിരവധി ആം ആദ്മി മന്ത്രിമാരെയും നേതാക്കളെയും വിവിധ ആരോപണങ്ങളിൽ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്തു. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ ചിറകുകളിൽ അധികാരത്തിലെത്തിയ ആം ആദ്മിക്ക് തുടരെയുള്ള അഴിമതി ആരോപണങ്ങൾ തലവേദനയായി മാറിയിരുന്നു.
8. ആദ്യ ഭരണകാലത്ത് കോൺഗ്രസുമായുള്ള സഖ്യ സർക്കാരിൻ്റെ പിന്തുണ ആം ആദ്മി പാർട്ടി 48 ദിവസത്തിനുള്ളിൽ പിൻവലിച്ചു. ഇതിന് ഡൽഹിയിലെ ജനങ്ങളോട് ക്ഷമാപണം നടത്തിയ കെജ്‌രിവാൾ, വീണ്ടും അഞ്ച് വർഷം പാർട്ടി അധികാരത്തിൽ തുടരുമെന്ന് ഡൽഹി ജനതയ്ക്ക് വാഗ്ദാനവും നൽകി. 2015ലെ തെരഞ്ഞെടുപ്പിൽ ആംം ആദ്മി വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു.
9. വിദ്യാഭ്യാസത്തിലും ആരോഗ്യ സംരക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു ഭരണമാതൃകയാണ് ആം ആദ്മി സർക്കാരിനെ രണ്ടാമത്തെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചത്. ഡൽഹി മോഡൽ പഞ്ചാബിലും ആം ആദ്മി പാർട്ടിക്ക് മികച്ച വിജയം നേടിക്കൊടുത്തു. കൂടാതെ മറ്റു സംസ്ഥാനങ്ങളിൽ പാർട്ടിയുടെ സാന്നിധ്യം വർധിപ്പിക്കാൻ സഹായിക്കുകയും, ഒരു ദേശീയ പാർട്ടിയെന്ന നേട്ടം സമ്മാനിക്കുകയും ചെയ്തു.
10. ഈ ഘട്ടത്തിലൊരു തോൽവി പത്ത് വർഷമായി ഭരണത്തിൽ തുടരുന്ന ആം ആദ്മി പാർട്ടിക്ക് വലിയ തിരിച്ചടിയാകും. അതേസമയം, മറിച്ചൊരു ഫലം ഉണ്ടായാൽ ബിജെപിയെ എതിർക്കാൻ ശേഷിയുള്ള കരുത്തുറ്റൊരു പാർട്ടിയെന്ന നിലയിൽ അവർ ദേശീയതലത്തിൽ കൂടുതൽ കരുത്താർജിക്കും.