അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ മടക്കി അയച്ചുതുടങ്ങിയെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു
അമേരിക്കയിൽ അനധികൃതമായി കുടിയേറിയ 205 ഇന്ത്യക്കാരുമായുള്ള യുഎസിൻ്റെ സി-17 സൈനിക വിമാനം ഇന്ന് ഇന്ത്യയിലെത്തിയേക്കും. അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ മടക്കി അയച്ചുതുടങ്ങിയെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നിലപാട് കടുപ്പിക്കുന്നതിൻ്റെ ഭാഗമായാണ് യുഎസിലെ 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത്.
യുഎസ് സൈനിക വിമാനങ്ങൾ വഴി കുടിയേറ്റക്കാരെ നാടുകടത്തുന്ന ഏറ്റവും ദൂരെയുള്ള രാജ്യം ഇന്ത്യയാണ്. ഇതുവരെ സൈനിക വിമാനങ്ങളിൽ ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കാണ് കുടിയേറ്റക്കാരെ കയറ്റി അയച്ചത്. ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയവരെ തിരിച്ചയയ്ക്കാനുള്ള അമേരിക്കന്‍ സര്‍ക്കാരിന്‍റെ നടപടിയോട് തുറന്ന മനസാണെന്നായിരുന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിൻ്റെ പ്രതികരണം. വിമാനത്തിൽ ആരൊക്കെയുണ്ട് എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും തന്നെ യുഎസോ ഇന്ത്യയോ വെളിപ്പെടുത്തിയിട്ടില്ല.
പഞ്ചാബിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാരെയാണ് വിമാനത്തിലുള്ളതെന്നാണ് സൂചന. യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റ ശേഷം, രാജ്യത്തെ നിയമനിർവഹണ ഏജൻസികൾ അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടികൾ ആരംഭിച്ചിരുന്നു. അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിൽ നിരാശ പ്രകടിപ്പിച്ച് പഞ്ചാബിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും രംഗത്തെത്തിയിരുന്നു. യുഎസ് സർക്കാരിൻ്റെ തീരുമാനത്തിൽ സംസ്ഥാന എൻആർഐ കാര്യ മന്ത്രി കുൽദീപ് സിംഗ് ധലിവാൾ നിരാശ പ്രകടിപ്പിച്ചു.
ആ രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയ്ക്ക് സംഭാവന നൽകിയ വ്യക്തികളെ നാടുകടത്തുന്നതിന് പകരം, അവിടെ സ്ഥിര താമസക്കാരാക്കണം എന്നായിരുന്നു, മന്ത്രിയുടെ പ്രതികരണം. നിരവധി ഇന്ത്യക്കാർ യുഎസിലെത്തിയത് വർക്ക് പെർമിറ്റിലാണ്. പെർമിറ്റിൻ്റെ കാലവധി അവസാനിച്ചതിൽ പിന്നെയാണ് ഇന്ത്യക്കാരെ നിയമവിരുദ്ധ കുടിയേറ്റക്കാരായി കണക്കാക്കപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.
ALSO READ: ഗാസ മുനമ്പ് യുഎസ് 'ഏറ്റെടുക്കും', 'സ്വന്തമാക്കും'; ആവശ്യമെങ്കിൽ സൈന്യത്തെ വിന്യസിക്കുമെന്ന് ട്രംപ്
നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ വിദേശയാത്ര നടത്തരുതെന്നും ധലിവാൾ പഞ്ചാബികളോട് അഭ്യർഥിച്ചു. ലോകമെമ്പാടുമുള്ള അവസരങ്ങൾ കൈകാര്യം ചെയ്യുന്നതിന് വൈദഗ്ധ്യവും വിദ്യാഭ്യാസവും നേടേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. വിദേശയാത്ര നടത്താൻ ആഗ്രഹിക്കുന്നവർ അതിനുള്ള നിയമവശങ്ങൾ മനസിലാക്കണമെന്നും മന്ത്രി അറിയിച്ചു.