fbwpx
"ഖലിസ്ഥാൻ നേതാക്കളെ കൊലപ്പെടുത്താനുള്ള പദ്ധതിക്ക് പിന്നിൽ അമിത് ഷാ"; ആരോപണവുമായി കാനഡ
logo

ന്യൂസ് ഡെസ്ക്

Last Updated : 30 Oct, 2024 11:04 PM

ആരോപണത്തിൽ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല

WORLD


രാജ്യത്തിനെതിരെ കാനഡ ഗുരുതര ആരോപണമുയർത്തിയതോടെ ഇന്ത്യ- കാനഡ തർക്കം പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. ഖലിസ്ഥാൻ നേതാക്കളെ കൊലപ്പെടുത്താനുള്ള പദ്ധതിക്ക് പിന്നിൽ ഇന്ത്യയുടെ ആഭ്യന്തരമന്ത്രി അമിത് ഷായാണെന്ന ആരോപണം ഉന്നയിച്ചിരിക്കുകയാണ് കാനഡ. കാനഡയുടെ വിദേശകാര്യ സഹമന്ത്രി ഡേവിഡ് മോറിസണും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സുരക്ഷാ ഉപദേഷ്ടാവായ നതാലിയ ഡ്രൗവിനുമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ആരോപണത്തിൽ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതോടെ ഇപ്പോൾ തന്നെ സംഘർഷഭരിതമായി നിൽക്കുന്ന ഇന്ത്യ- കാനഡ ബന്ധം കൂടുതൽ വഷളായേക്കും.

കഴിഞ്ഞ വർഷം ജൂൺ 18ന് കാനഡയിലെ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജർ വെടിയേറ്റ് കൊല്ലപ്പെട്ടതാണ് ഇന്ത്യ- കാനഡ ബന്ധത്തിലെ ഉലച്ചിലിൻ്റെ തുടക്കം. കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഇതൊരു കരടായി. ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സിഖ് സമൂഹമുള്ള രാജ്യമാണ് കാനഡ. എന്നാൽ നിജ്ജറിൻ്റെ കൊലപാതകത്തിന് പിന്നിൽ ആരാണെന്ന വിവരം ഇതുവരെ പുറത്തുവിട്ടിരുന്നില്ല.

ALSO READ: 'രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ട്രൂഡോ ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്നു'; നിജ്ജാർ വധത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണർക്ക് പങ്കുണ്ടെന്ന കാനഡയുടെ വാദം തള്ളി ഇന്ത്യ


വാഷിങ്ടൺ പോസ്റ്റ് നേരത്തെ ഇക്കാര്യം റിപ്പോർട്ട് ചെയ്തത് തന്നോട് ചോദിച്ച ശേഷമാണെന്ന് വിദേശകാര്യ സഹമന്ത്രി ഡേവിഡ് മോറിസൺ പാർലമെന്ററി സമിതിക്ക് റിപ്പോർട്ട് നൽകി. ഇക്കാര്യം വെളിപ്പെടുത്തിയതായി നതാലിയ ഡ്രൗവനും സമിതിയെ അറിയിച്ചു. ഇതോടെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ പേര് കാനഡയിൽ ഔദ്യോഗിക രേഖയായി മാറിയിരിക്കുകയാണ്.

ഒട്ടോവോയിലെ ഇന്ത്യൻ ഹൈക്കമ്മീഷനോ ഇന്ത്യൻ വിദേശകാര്യമന്ത്രാലയമോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. നിജ്ജർ കൊലപാതകത്തിലെ ഗൂഢാലോചനയിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമയ്ക്കും മറ്റ് നയതന്ത്രജ്ഞർക്കും പങ്കുണ്ടെന്ന് കാനഡ ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ നല്‍കണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. ആഭ്യന്തര മന്ത്രി തന്നെ പ്രതിസ്ഥാനത്ത് ആയതോടെ കാനഡയുടെ ആരോപണങ്ങളിൽ ഇന്ത്യ എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി അറിയാനുള്ളത്.

2023 ജൂൺ 18നാണ് സർറേയിലെ ഗുരുദ്വാരക്ക് പുറത്ത് കാനഡ പൗരനായ നിജ്ജാർ വെടിയേറ്റു മരിച്ചത്. നിജ്ജാറിന്‍റെ കൊലപാതകത്തില്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്കാണ് കാനഡ സാക്ഷിയായത്.

ALSO READ: കാനഡ വിദൂര സ്വപ്നമാവുമോ? പ്രാവസികളുടെ എണ്ണം വെട്ടിചുരുക്കാനൊരുങ്ങി ട്രൂഡോ സർക്കാർ


2023 സെപ്റ്റംബറിലാണ് നിജ്ജാറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ട്രൂഡോ ആദ്യമായി ആരോപിക്കുന്നത്. ഇന്ത്യ ഈ ആരോപണം അന്ന് തന്നെ നിഷേധിച്ചിരുന്നു. വിഘടനവാദികള്‍ക്കും തീവ്രനിലപാടുകള്‍ വെച്ചുപുലർത്തുന്നവർക്കും കാനഡ അഭയം നല്‍കുന്നുവെന്ന് ഇന്ത്യ വിമർശിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം ഉലയാൻ തുടങ്ങുന്നത്. അന്ന് ട്രൂഡോ നടത്തിയ ആരോപണങ്ങള്‍ക്ക് തെളിവുകള്‍ നല്‍കാന്‍ ഇന്ത്യന്‍ സർക്കാർ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും കാനഡ അതൊന്നും പരിഗണിച്ചില്ലെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു.


NATIONAL
ഓഹരിവിപണിയില്‍ തകർന്നടിഞ്ഞ് ഗൗതം അദാനി; ആസ്തിയിൽ ഒറ്റദിവസം ഉണ്ടായത് ഒരു ലക്ഷം കോടിയുടെ ഇടിവ്
Also Read
user
Share This

Popular

KERALA
KERALA
മാഞ്ഞാലി SNGIST കോളേജ് വിദ്യാർഥികള്‍ക്ക് താല്‍ക്കാലിക ആശ്വാസം; മൂന്നു മാസത്തേക്കു ജപ്തി ഉണ്ടാകില്ലെന്ന് മാനേജ്‌മെന്‍റ്