fbwpx
സൗന്ദര്യയുടെ മരണത്തിനു പിന്നില്‍ നടന്‍ മോഹന്‍ ബാബു? 21 വര്‍ഷങ്ങള്‍ക്കു ശേഷം പരാതി
logo

ന്യൂസ് ഡെസ്ക്

Last Updated : 12 Mar, 2025 04:43 PM

NATIONAL


നടി സൗന്ദര്യയുടെ മരണത്തില്‍ 21 വര്‍ഷങ്ങള്‍ക്കു ശേഷം ദുരൂഹത ആരോപിച്ച് പരാതി. തെലുങ്ക് നടന്‍ മോഹന്‍ ബാബുവിനെതിരെയാണ് പരാതി. 2004 ല്‍ ഉണ്ടായ വിമാനാപകടത്തിലാണ് സൗന്ദര്യ മരണപ്പെടുന്നത്. നടിയുടെ മരണം ആസൂത്രിതമാണെന്നും പിന്നില്‍ സ്വത്ത് തര്‍ക്കമാണെന്നും ആരോപിച്ചാണ് പരാതി.

ആന്ധ്രപ്രദേശിലെ ഖമ്മം ജില്ലയിലെ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് പരാതി നല്‍കിയിരിക്കുന്നത്. സ്വത്ത് തര്‍ക്കത്തില്‍ നടന്‍ മോഹൻ ബാബുവിനെതിരെ ഗുരുതര ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഷംഷാബാദിലുള്ള അഞ്ച് ഏക്കര്‍ ഭൂമി വില്‍ക്കാന്‍ മോഹൻ ബാബു സൗന്ദര്യയേയും സഹോദരനേയും നിര്‍ബന്ധിച്ചിരുന്നുവെന്നും എന്നാല്‍ ഈ ആവശ്യം ഇരുവരും നിരാകരിച്ചിരുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്. മരണത്തില്‍ മോഹൻ ബാബുവിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.


Also Read: എമ്പുരാന്‍ വിജയിക്കേണ്ടത് ഇന്‍ഡസ്ട്രിയുടെ ആവശ്യം: ദിലീഷ് പോത്തന്‍ 


ഇതിനെ തുടര്‍ന്ന് സൗന്ദര്യയും മോഹൻ ബാബുവുമായി വലിയ തര്‍ക്കമുണ്ടായിരുന്നു. സൗന്ദര്യയുടെയും സഹോദരന്റേയും മരണ ശേഷം മോഹന്‍ ബാബു ഈ സ്വത്തിന്റെ ഉടമസ്ഥാവകാശം കൈക്കലാക്കിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഖമ്മം സ്വദേശിയാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

2004 ഏപ്രില്‍ 17 നാണ് സൗന്ദര്യയും സഹോദരനും സഞ്ചരിച്ച പ്രൈവറ്റ് ജെറ്റ് അപകടത്തില്‍പെടുന്നത്. ഈ സമയത്ത് ബിജെപിയിൽ ചേർന്ന സൗന്ദര്യ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കാനായി കരിംനഗറിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. മലയാളിയായ പൈലറ്റ് ജോയ്‌ഫിലിപ്പ് (28), സൗന്ദര്യയുടെ സഹോദരൻ അമർനാഥ് ഷെട്ടി (34), പ്രാദേശിക ബിജെപി നേതാവ് രമേഷ്‌കാദം (30) എന്നിവരും അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.  മുപ്പത്തിയൊന്നുകാരിയായ സൗന്ദര്യ മരണ സമയത്ത് ഗര്‍ഭിണിയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അപകടത്തില്‍ പൂര്‍ണമായി തകര്‍ന്ന വിമാനത്തില്‍ നിന്നും സൗന്ദര്യയുടെ മൃതദേഹം കണ്ടെത്താനായിരുന്നില്ല.

നടിയുടെ മരണത്തില്‍ മോഹന്‍ ബാബുവിന്റെ പങ്ക് അന്വേഷിക്കണമെന്നും തര്‍ക്ക വിഷയമായ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. ആരോപണമുന്നയിച്ചതിന്റെ പേരില്‍ ജീവന് ഭീഷണിയുണ്ടെന്നും ജീവനക്കാരന്‍ പറയുന്നു.

മലയാളത്തിലടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലും അഭിനയിച്ച നടിയായിരുന്നു സൗന്ദര്യ. ഹിന്ദിയിൽ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച സൂര്യവംശം എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിൽ കിളിച്ചുണ്ടൻ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

KERALA
പരിക്ക് ഗുരുതരമല്ല; ഏഴാറ്റുമുഖം ഗണപതിക്ക് വിദഗ്ധ ചികിത്സ വേണ്ടെന്ന് വെറ്റിനറി വിദഗ്ദർ
Also Read
user
Share This

Popular

NATIONAL
KERALA
കെപിസിസി സെമിനാറിൽ പങ്കെടുത്ത് ജി. സുധാകരനും സി. ദിവാകരനും; പരസ്പരം പ്രശംസിച്ച് കോൺഗ്രസ്, ഇടത് നേതാക്കൾ