പ്രതിയുടെ മൈക്ക് സെറ്റ് സ്ഥാപനത്തിൽ നിന്ന് തട്ടിപ്പ് പണം കൊണ്ട് വാങ്ങിയ സാധനങ്ങൾ കണ്ടെത്തിയിട്ടുണ്ട്
പത്തനംതിട്ട കൂട്ടബലാത്സംഗ കേസില്‍ പ്രതിയുടെ അമ്മയില്‍ നിന്ന് പണം തട്ടിയ ജോമോൻ മാത്യു യുവമോർച്ച പത്തനംതിട്ട മണ്ഡലം കമ്മിറ്റിയംഗം. ഈ പണം ഉപയോഗിച്ച് ജോമോൻ മാത്യു മൈക്ക് സെറ്റ് ഉപകരണങ്ങൾ വാങ്ങിയെന്നും പൊലീസ്. പ്രതിയുടെ മൈക്ക് സെറ്റ് സ്ഥാപനത്തിൽ നിന്ന് തട്ടിപ്പ് പണം കൊണ്ട് വാങ്ങിയ സാധനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ പ്രക്കാനത്തെത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് സാധനങ്ങൾ കണ്ടെത്തിയത്.
രണ്ടാം പ്രതിയുടെ അമ്മയില്‍ നിന്നും ഒന്നാം പ്രതിയുടെ സഹോദരന്‍ ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു പരാതി. ജാമ്യത്തിനായി പത്തനംതിട്ട ഡിവൈഎസ്പിക്കും വക്കീലിനും കൊടുക്കാനെന്നു പറഞ്ഞാണ് രണ്ടാം പ്രതിയുടെ അമ്മയിൽ നിന്നും ജോമോൻ മാത്യു 8.65 ലക്ഷം തട്ടിയെടുത്തത്. പല തവണയായി വാങ്ങിയ പണം നഷ്ടമായെന്ന് ഉറപ്പായതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.
പത്തനംതിട്ടയില്‍ അറുപത് പേര്‍ പ്രതികളായ പോക്‌സോ കേസിലാണ് തട്ടിപ്പ് നടന്നത്. ദളിത് വിദ്യാര്‍ഥിയായ കായിക താരത്തെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ അറുപത് പ്രതികളില്‍ 20 പേരും കൗമാരക്കാരാണ്. അഞ്ച് പേര്‍ 17 വയസ്സില്‍ താഴെയുള്ളവരാണ്. 30 വയസ്സിന് മുകളില്‍ പ്രായമുള്ള രണ്ട് പ്രതികള്‍ മാത്രമാണുള്ളത്. നാല് സ്റ്റേഷനുകളിലായി 30 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
പരിശീലകരും അയല്‍വാസികളും സഹപാഠികളുമുള്‍പ്പെടെ 60 ഓളം പേര്‍ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെ ടീച്ചറോടാണ് കുട്ടി വിവരം തുറന്നുപറയുന്നത്. ഈ മൊഴി സിഡബ്ല്യുസിയുടേയും തുടര്‍ന്ന് പൊലീസിന്റെയും കൈയ്യില്‍ എത്തുകയായിരുന്നു.
കായിക പരിശീലനത്തിനെത്തിയപ്പോള്‍ അധ്യാപകരും, പിന്നീട് സഹപാഠികളും തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍. കുട്ടിയുടെ നഗ്‌നചിത്രം പ്രചരിച്ചതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ തേടിയെത്തിയത്. ഇവര്‍ പെണ്‍കുട്ടിയെ നിരന്തരം സമീപിക്കുകയും, പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളില്‍ വച്ച് പീഡിപ്പിച്ചുവെന്നും മൊഴിയില്‍ പറയുന്നു. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.